മുംബൈ: അടച്ചിട്ട മുറിയില്‍ ജീവനക്കാരന് എന്തു ചെയ്യുന്നു എന്നതിനെ ചോദ്യം ചെയ്യാന്‍ തൊഴില്‍ ഉടമയ്ക്ക് അവകാശമില്ലെന്ന് ബോംബെ ഹൈക്കോടതി. അകാരണമായി ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടിയ്ക്കെതിരെ വന്നഡില് ബാലകൃഷ്ണന് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് എസ്.ജെ വസിഫ്ദര്, ജസ്റ്റിസ് കെ.ആര്.ശ്രീരാം എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് ഈ നിരീക്ഷണം.
ബാങ്കിന്റെ പ്രതിഛായക്ക് മങ്ങല്‍ ഏല്‍പ്പിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടി ബാങ്ക് ജനറല്‍ മാനേജരായിരുന്ന ബാലകൃഷ്ണനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 11-12 തിയതികളില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ ഛണ്ഡീഗഡില്‍ എത്തിയ ബാലകൃഷ്ണന്, ഗസ്റ്റ് ഹൗസില്‍ വച്ച് ഒരു ദിവസം മുഴുവന്‍ മദ്യപിച്ചുവെന്നും റൂമിന് പുറത്ത് വിവസ്ത്രനായി സഞ്ചരിച്ചുവെന്നും ആരോപിച്ചാണ് ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. എന്നാല്‍ തനിക്ക് പറയുവാനുള്ള അവസരം നിഷേധിച്ച എസ്ബിഐയുടെ നടപടിയ്ക്കെതിരെയാണ് ബാലകൃഷ്ണന് കോടതിയെ സമീപിച്ചത്. 23 വര്‍ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്ന ബാലകൃഷ്ണന് 2011, നവംബര്‍ 16 നാണ് നേരിട്ടുള്ള നിയമനത്തിലൂടെ ബാങ്കില്‍ പ്രവേശിക്കുന്നത്.
ഒരു വ്യക്തിയുടെ സ്വകാര്യവും വ്യക്തിപരവുമായ അവകാശങ്ങളില്‍ ഇടപെട്ടുകൊണ്ടുള്ള പ്രവര്‍ത്തിയാണ് ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ഒരു ജീവനക്കാരന് അടച്ചിട്ട മുറിയില്‍ എന്ത് ചെയ്യുന്നുവെന്ന് അറിയാനുള്ള അധികാരം തൊഴിലുടമയ്ക്കില്ലെന്ന് ജസ്റ്റിസ് വസിഫ്ദര് വ്യക്തമാക്കി.
2012 ആഗസ്റ്റില്‍ തനിക്ക് ചിക്കന്‍ പോക്സ് പിടിപെട്ടതായി ബാലകൃഷ്ണന് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. അലര്‍ജികൊണ്ടുള്ള ബുദ്ധിമുട്ടും ദേഹം മുഴുവന്‍ തടിപ്പ് കണ്ടതിനെ തുടര്‍ന്നും സപ്തംബറില്‍ നടന്ന കോണ്‍ഫറന്‍സില്‍ താന്‍ പങ്കെടുത്തിരുന്നില്ലെന്നും ഹര്ജിക്കാരന് പറയുന്നു. അലര്‍ജി കാരണം ഷര്‍ട്ട് ധരിക്കാനും മദ്യം ഉപയോഗിക്കാനും സാധിക്കില്ലായിരുന്നുവെന്നും ബാലകൃഷ്ണന് പറയുന്നു. ജോലിയില്‍ പ്രവേശിച്ച് ആദ്യ 10 മാസങ്ങളില്‍ തന്നെ കുറിച്ച് യാതൊരു പരാതിയും ഉണ്ടായിട്ടില്ലെന്നും ജോലിയില്‍ സ്ഥിരത നേടുന്നതിന് മുമ്പ് തന്നെ പുറത്താക്കാന്‍ ചിലര്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ബാലകൃഷ്ണന് പറയുന്നു. തനിക്കെതിരെയുള്ള രണ്ട് പരാതികള്‍ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: