ഭാരതം ലോകത്തിന്റെ ആദ്ധ്യാത്മിക സിരാകേന്ദ്രം തന്നെയാണ്. മഹാഭാരതത്തില്‍ രേഖപ്പെടുത്തിയതുപോലെ “ലോകത്തുള്ളതെല്ലാം ഇതിലുണ്ട്. ഇതിലില്ലാത്തതൊന്നും മേറ്റ്വിടെയുമില്ല…” ഈ വസ്തുതകളൊക്കെ സത്യത്തിന്റെ വെളിച്ചത്തില്‍ ദൃശ്യമായവയാണ്.
ആദികണികാസിദ്ധാന്തത്തിന് ഊര്ജ്ജതന്ത്ര നൊബേല്‍ സമ്മാനം ലഭിച്ചു എന്ന വാര്‍ത്ത ഭാരതീയനും അഭിമാനകരമായ വസ്തുതയാണ്. ഒരു ഭാരതീയ ശാസ്ത്രജ്ഞന്റെ സജീവ ഗവേഷണ പങ്കാളിത്തം മാത്രമല്ല; ഭാരതീയ ഋഷീശ്വരന്മാരുടെ ശാസ്ത്രദര്‍ശനങ്ങളും ‘ദൈവകണം’ കണ്ടെത്തിയതിലുണ്ട്. ഇന്ത്യ ഈ പദ്ധതിയുടെ ചരിത്രപരമായ പിതാവിനെ പോലെയാണ് എന്ന് ഹിഗ്സ്ബോസോണ് കണവുമായി ബന്ധപ്പെട്ട കണ്ടെത്തലിനെക്കുറിച്ച് ലോകത്തെ അറിയിക്കുന്ന വേളയില്‍ സേണ്വക്താവ് പൗളോജിയോബല്ലിനോ പറയുകയുണ്ടായി ഹിഗ്സ് ബോസോണ്‍ എന്നതിലെ ഹിഗ്സ് പ്രശസ്തനായ ശാസ്ത്രജ്ഞന് പീറ്റര്‍ ഹിഗ്സിന്റെതാണെങ്കില് ബോസോണ്‍ എന്നത് ബംഗാളിയായ സത്യേന്ദ്ര ബോസിന്റേതാണ്.
1897 ല്‍ ശ്രീനാരായണ ഗുരുദേവന് രചിച്ച ആത്മോപദേശശതകത്തിലും; പില്ക്കാലത്ത് രചിച്ച ദര്‍ശനമാലയിലും ശാസ്ത്രലോകത്തെ അമ്പരപ്പിക്കും വിധം ദൈവകണത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. (ഗുരുവിന്റെ ‘പൊടി’ ശാസ്ത്രത്തിന്റെ ‘ദൈവകണം’ സ്വാമി ഋതംബരാനന്ദ)
പൊടിയൊരു ഭൂവിലസംഖ്യമപ്പൊടിക്കുള്‍-
പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;
ജഡമമരുന്നതുപോലെ ചിത്തിലും ചി-
ത്തുടലിലുമിങ്ങിതിനാലിതോര്‍ക്കിലേകം.
(ആത്മോപദേശ ശതകത്തിലെ 74-ാം പദ്യം)
ഈ ഭൂമിയില്‍ അടങ്ങിയിരിക്കുന്നത് അസംഖ്യം പൊടികളാണ്. ഈ പൊടികളുടെ സംഘാതമാണ് ഭൂമി. അതുകൊണ്ട് ഒരിക്കലും ഈ പൊടിയും ഭൂമിയും രണ്ടല്ല ഈ ‘പൊടി’യെയാണ് ശാസ്ത്രലോകം ‘ദൈവകണം’ എന്ന പേരില്‍ ഇപ്പോള്‍ കണ്ടെത്തിയത്. ഏതൊരു ശാസ്ത്രജ്ഞനും ശാസ്ത്രദൃഷ്ട്യാ ഈ പ്രപഞ്ചത്തെ നിരീക്ഷിക്കുമ്പോഴും നിര്‍വചിക്കുമ്പോഴും വിലയിരുത്തുമ്പോഴും പ്രപഞ്ചോത്പത്തിയിലേക്ക് സഞ്ചരിക്കുമ്പോഴും അതിന്റെ ആഴവും വ്യാപ്തിയും ഗുരുവിന്റെ പ്രപഞ്ചദര്ശനത്തിന് ഒട്ടും വെളിയിലായിരിക്കുന്നില്ല എന്നതില്‍നിന്നും ഗുരുവിലെ മഹാശാസ്ത്രജ്ഞന്റെ കാല്‍പ്പാടുകളാണ് നമുക്ക് കാണാവുന്നത് (സ്വാമി ഋതംഭരാനന്ദ)
ശാസ്ത്രലോകം അന്വേഷിക്കുന്ന ‘ഒളിക്കപ്പെട്ട പ്രപഞ്ചം’ ദര്ശനമാലയില് ഗുരു വിശദീകരിക്കുന്നുണ്ട്. അതുപോലെ ‘ചിജ്ജഡചിന്തകം’ എന്ന ഗദ്യ കവിതയിലും പ്രപഞ്ചദര്‍ശനത്തിന്റെ വിശദീകരണം നല്‍കുന്നുണ്ട്. പ്രപഞ്ചത്തില്‍ കാണുന്ന സകല പദാര്‍ത്ഥങ്ങളും ഉണ്ടായി മറയുന്ന കാര്യരൂപങ്ങളാണ്. അനന്തകോടി സൗരയൂഥങ്ങളും പ്രപഞ്ചഭൂതങ്ങളുമെല്ലാം ഈ കൂട്ടത്തില്‍പ്പെടും. ഒന്നായി പ്രകാശിക്കുന്ന ഭൂമിയില്‍ എണ്ണമറ്റ മണ്തരികള് കാണുന്നു. ആ മണ്‍തരികളില്‍ ഒതുങ്ങുന്നതാണ് ഭൂമി; ഇവിടെ പൊടിയും ഭൂമിയും ഒരിക്കലും രണ്ടല്ല.
കേരളത്തിലെ ഒരു കുഗ്രാമത്തില്‍ ജനിക്കുകയും ആധുനികശാസ്ത്രങ്ങളൊന്നും പഠിക്കാതെ വേദപുരാണങ്ങളുടെ പിന്‍ബലത്തോടെ കഠിനതപസ്സ് ചെയ്ത് നേടിയ ആത്മജ്ഞാനത്തിലൂടെ ശ്രീനാരായണ ഗുരുദേവന് ‘ദൈവകണം’ കണ്ടെത്തിയത് ശാസ്ത്രലോകത്തെ പോലും അമ്പരപ്പിക്കുന്നതാണ്.
ഹിഗ്സ്ബോസോണാണ് പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥങ്ങള്‍ക്കും വലുപ്പവും രൂപവും നല്‍കുന്നതെന്നാണ് കണികാസിദ്ധാന്തത്തിന്റെ അടിസ്ഥാനം. ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി; എന്താണ് ഈ പ്രപഞ്ചം എന്തിനാണ് ജീവിതം എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് സാമാന്യജനം മാത്രമല്ല ശാസ്ത്രജ്ഞരും ഉത്തരം തേടുകയാണ്. ഭൂമിയിലെ ഏറ്റവും പുതിയ ജീവി മനുഷ്യന് തന്നെയാവാം. മനുഷ്യന്റെ ആവിര്‍ഭാവത്തിന് ഏതാണ്ട് നാല് ലക്ഷം വര്‍ഷമെന്ന് ശാസ്ത്രലോകം. ആധുനിക ശാസ്ത്രത്തിന് ആയിരം വര്‍ഷത്തിന്റെ വേരോട്ടമേയുള്ളൂ. പക്ഷെ ഭാരതീയ ഋഷീശ്വരന്മാര് 5000 വര്‍ഷങ്ങള്‍ക്കുമുമ്പെ ഇതൊക്കെ കണ്ടെത്തിയിരുന്നു.
1500 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് മഹാവിസ്ഫോടനം ഉണ്ടായെന്നും പ്രോട്ടോണുകളും ന്യൂട്രോണുകളും ഉണ്ടായി. ഇവ രൂപംകൊള്ളുന്നതിന് മുമ്പ് ഹിഗ്സ് ബോസോണ്‍ എന്ന ദൈവകണം ഉണ്ടായത്രെ. പിന്നീട് ഇലക്ട്രോണ്‍ ഉണ്ടായി. ലക്ഷം വര്‍ഷങ്ങള്‍ക്കുശേഷം അണു (ആറ്റം)രൂപം പ്രാപിച്ചു. പിന്നീട് ഗ്യാലക്സികളും നക്ഷത്രങ്ങളും ഗ്രഹങ്ങളും ജീവജാലങ്ങളും രൂപപ്പെട്ടുവത്രെ! മനുഷ്യശരീരം വിവിധതരം അണുക്കള്‍ കൊണ്ട് നിര്‍മിതമാണ്. വേദാന്തമനുസരിച്ച് എല്ലാ മഹാരൂപങ്ങളും സച്ചിതാനന്ദമായ ബ്രഹ്മമാണ്. പരമാണുക്കള്‍ കൂടിച്ചേര്‍ന്നാണ് പ്രപഞ്ചം ഉണ്ടായതെന്ന് 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി ലോകത്തോട് വിളിച്ചുപറഞ്ഞത് കണാദനാണ് ‘തൈത്തിരിയോപനിഷത്തിലെ’ ‘ഭൃഗുവല്ലിയില്‍’ ഭൃഗു പിതാവായ വരുണനെ സമീപിച്ച് ചോദിച്ചു എന്തില്‍നിന്നാണ് ഈ പ്രപഞ്ചഘടകങ്ങള്‍ പൊന്തിവരുന്നത്? എന്തിലാണിവ നിലനില്‍ക്കുന്നത്….? എന്തില്‍ ഇവ തിരിച്ചു ലയിക്കുന്നു. ഭാരതീയസത്യാന്വേഷികള് ആയിരമായിരം വര്‍ഷങ്ങള്‍ക്ക് മുമ്പെ ഇവ കണ്ടെത്തിയിരുന്നു.
പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന അദൃശ്യമണ്ഡലത്തെയാണ് ഹിഗ്സ് സംവിധാനം വിഭാവനം ചെയ്യുന്നത്. മഹാവിസ്ഫോടനം വഴി പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ആദിനിമിഷങ്ങളില്‍ നിലനിന്ന പ്രത്യേക ബലത്തെ രണ്ടായി വേര്‍തിരിച്ചത് ഹിഗ്സ് മണ്ഡലമാണ്.
ഊര്‍ജ്ജതന്ത്രത്തില്‍ ഇന്ത്യയുടെ എക്കാലത്തേയും ശാസ്ത്രഗണത്രയങ്ങളാണ് സി.വി.രാമനും മേഘ്നാഥ് സാഹയും സത്യേന്ദ്രനാഥ് ബോസും.
1924 ല്‍ സത്യേന്ദ്രനാഥ് ബോസ് രൂപം നല്കിയ ബോസോണ്കണികാ സിദ്ധാന്തമാണ് പിന്നീട് ദൈവകണപരീക്ഷണങ്ങള്ക്ക് വഴിയൊരുക്കിയത്. അന്ന് ആല്‍ബര്‍ട്ട് ഐന്സ്റ്റീനെപ്പോലും ഇത് അത്ഭുതപ്പെടുത്തിയിരുന്നു. ഐന്‍സ്റ്റീനും മേരിക്യൂറിയും നേടിയ ലോകോത്തര ബഹുമതിയിലേക്കു പീറ്റര്‍ ഹിഗ്സും ഫ്രാസ്വാ എംഗ്ലര്ട്ടും നടന്നു കയറിയപ്പോള്‍ സത്യേന്ദ്രബോസിനെ കൂടി ആദരിക്കേണ്ടതായിരുന്നു.
ദൈവകണങ്ങളുടെ അസ്തിത്വം ലോകത്തിന് തെളിയിച്ചതിനാണ് ഈ പുരസ്കാരം. ലോകമെങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്ന് വിശദീകരിക്കാനായി നടത്തിയതിനാണ് ഈ പുരസ്കാരമെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് പ്രസ്താവനയില്‍ വിശദീകരിക്കുന്നു. ഏറ്റവും ചെറുതും എന്നാല്‍ എല്ലാ മാറ്റങ്ങള്‍ക്കും കാരണമായ ഒന്ന് അതാണ് ദൈവകണം. പരമാണു കണങ്ങള്‍ക്ക് പിണ്ഡം എങ്ങനെ ലഭിക്കുന്നുവെന്ന് 1960 കളില്‍ ശാസ്ത്രജ്ഞന്മാര് ഗവേഷണം ആരംഭിച്ചിരുന്നു. ഒരു പരിധി കഴിയുമ്പോള്‍ ശാസ്ത്രം തത്വചിന്തയോടടുക്കുന്നു എന്നു കണ്ടെത്താനാവും. ഗുരുദേവന് വേദാന്തിയും ശൈവസിദ്ധനുമായിരുന്നു. ആധുനിക ശാസ്ത്രചിന്തകളില്‍ വേദാന്ത ചിന്തകള്‍ക്കും ശൈവ സിദ്ധാന്തത്തിനും അഭേദ്യമായ ബന്ധമുണ്ടെന്ന് ശാസ്ത്രപഠനങ്ങള്‍ തെളിയിക്കുകയാണ്. പ്രപഞ്ചത്തിലെ കണചലനങ്ങളുടെ ദൃശ്യപ്രതിബിംബമായിട്ടാണ് ശിവനൃത്തത്തെ ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനായ ഫ്രിദോഫ്കാപ്ര കാണുന്നത്. ഈ അംഗീകാരത്തിന്റെ ഭാഗമായിട്ടാണ് സൃഷ്ടിസ്ഥിതി സംഹാരത്തിന്റെ പ്രതീകമായ നടരാജവിഗ്രഹത്തെ ജെയിനെവയിലെ യൂറോപ്യന്‍ ഓര്ഗനൈസേഷന് ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്.
നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുദേവന് രചിച്ച ദാര്‍ശനിക കൃതികളില്‍ ആധുനിക ഭാരതത്തിലെ ആപേക്ഷിക സിദ്ധാന്തം; ക്വാണ്ടം സിദ്ധാന്തം എന്നിവ വ്യക്തമാക്കപ്പെടുന്നുണ്ട്. ക്വാണ്ടം ക്ഷേത്രസിദ്ധാന്തം അനുസരിച്ച് പ്രപഞ്ചവും അതിലെ ഘടകവസ്തുക്കളും ഊര്‍ജ്ജമാണ്. ‘എന്തറിഞ്ഞാല് മറ്റൊന്നും അറിയേണ്ടതില്ലയോ’ ആ അറിവാണ് ശ്രീനാരായണ ഗുരുദേവന് തന്റെ ദാര്‍ശനിക കൃതികളില്‍ വെളിപ്പെടുത്തിയത്. ശങ്കരാചാര്യരുടെ ബ്രഹ്മസൂത്രവും ശാസ്ത്രകൃതിയാണ്. മതബോധമില്ലാത്ത ശാസ്ത്രം മുടന്തനാണ്. ശാസ്ത്രബോധമില്ലാത്ത മതം അന്ധവുമാണ്-ഐന്സ്റ്റീന്.
നൂറോളം രാജ്യങ്ങളുടെ സഹകരണത്തോടെ ആയിരക്കണക്കിന് ശാസ്ത്രജ്ഞന്മാരും ലക്ഷക്കണക്കിന് ആധികാരിക രേഖകളും വിലയിരുത്തി 1000 കോടിയിലേറെ ഡോളര്‍ ചെലവഴിച്ച് നടത്തിയ ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണം. ഭൂമിക്കടിയില്‍ 27 കി.മീ. നീളത്തില്‍ പണിത ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിയിലായിരുന്നു പരീക്ഷണം. ലോകത്തിലെ ഏറ്റവും വലിയ ‘അണു കൂട്ടിയിടി’യിലൂടെ പ്രോട്ടോണുകളെ കൂട്ടിയിടിപ്പിച്ചാണ് ‘ഹിഗ്സ്ബോസോണ്’ കണങ്ങള്‍ നിലനില്‍ക്കുന്നതായി കണ്ടെത്തിയത്. നൂറുലക്ഷം കൂട്ടിയിടിയില്‍നിന്ന് ഒരു ഹിഗ്സ് ബോസോണ്‍ കണം മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്.
ലോകവിസ്മയമെന്ന് വിശേഷിപ്പിക്കാവുന്ന പരീക്ഷണശാലയൊരുക്കി പ്രഗത്ഭ ലോകശാസ്ത്രജ്ഞന്മാര്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയ ‘ദൈവകണവും’ ഗുരുദേവന്റെ ‘പൊടി’യും ഒന്നും തന്നെയല്ലെ…?
ഭാഗ്യശീലന്‍ ചാലാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: