നെഞ്ചുകീറി നേര് കാട്ടിക്കൊടുക്കാന്‍ ശ്രമിച്ചാലും അത് ചെമ്പരത്തിപ്പൂവാക്കി പുച്ഛിക്കുന്ന സമൂഹത്തിനു മുമ്പില്‍ സിസ്വനും നിസ്സംഗനുമായി ഇരിക്കുകയേ നമ്മുടെ കുഞ്ഞൂഞ്ഞിന് ഗതിയുള്ളൂ. എഴുപതാണ്ടിന്റെ പൊതു പ്രവര്‍ത്തന വിശുദ്ധിയുടെ (പിറക്കുമ്പോള്‍ മുതല്‍ പൊതുപ്രവര്‍ത്തനം എന്നു ധരിക്കരുതേ) കണ്ണാടിച്ചില്ലാണ് കണ്ണൂരില്‍ വെച്ച് എറിഞ്ഞു തകര്‍ക്കാന്‍ നോക്കിയത്. അതിന് ആര്‍ക്കും കഴിയില്ലെന്ന് അദ്യം സ്വാനുഭവത്തിന്റെ വജ്രമൂര്‍ച്ചയോടെ കാണിച്ചുതരുന്നു. തന്റെ നെഞ്ചിന്‍കൂട് ലോഹകവചത്താല് സുരക്ഷിതമല്ലെന്നും മാടപ്രാവിന്റെ ലോല ചര്‍മത്തേക്കാള്‍ മിനുപ്പാര്ന്നതാണെന്നും മാലോകരെ അറിയിക്കാന്‍ ഇടനിലക്കാരായ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പാകെ വെളിപ്പെടുത്തുന്നു. പറയൂ സഹൃദയരേ ഇതിനേക്കാള്‍ വലിയ സുതാര്യത ഭൂമിമലയാളത്തിലെന്നല്ല ലോകത്തിന്റെ ഏതെങ്കിലും കോണില്‍ നിങ്ങള്‍ കാണുമോ? അതിനാല്‍ നമ്മള് തികച്ചും ദൈവത്തിന്റെ നാട്ടിലെ പ്രജകളായിരിക്കുന്നു.
ഇനി നിങ്ങള്‍ ഇപ്പോള്‍ നടത്തിവരുന്ന സകലമാന നാടകങ്ങള്‍ക്കും തിരശ്ശീലയിടണം. സരിത, സലിംരാജ്, ബിജു രാധാകൃഷ്ണന്, ജോപ്പന്, ശ്രീധരന് നായര്‍, കവിതപിള്ള തുടങ്ങിയ അഭിനേതാക്കളെ രംഗത്ത് നിന്ന് ഒഴിവാക്കണം. പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുക. ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ച വിശ്വോത്തര നാടക കര്‍ത്താവിനെ സ്മരിച്ചുകൊണ്ട് നമുക്കും ചോദിക്കാം ഒരു കല്ലില്‍ എന്തിരിക്കുന്നു. പക്ഷേ, ആ കല്ലാണ് മുഖ്യമന്ത്രിയുടെ ഗ്രാഫ് ഉയര്‍ത്തിയത്. ടാംറേറ്റിംഗില് അസൂയാവഹമായ ഉയര്‍ച്ച കണ്ട നേര് നേരത്തെ അറിയിക്കുന്ന മാധ്യമശിങ്കങ്ങള് ഇപ്പോള്‍ വേവലാതിയും വെള്ളിയാഴ്ചയുമായി നടക്കുന്നത് കണ്ടീലയോ. വല്ലഭഭായ് പട്ടേലിന്റെ സ്മരണ തുടിച്ചുനില്ക്കുന്ന ഇന്നത്തെ അന്തരീക്ഷത്തില്‍ തുല്യം ചാര്‍ത്താന്‍ നമുക്കൊരു അരലോഹ പുരുഷനെ കിട്ടിയതില്‍ അഭിമാനിക്കാം. എഴുപതാം പിറന്നാളിന്റെ എഴുത്താണിപ്പുരയില് സസുഖം വാഴട്ടെ അദ്യം. കാലികവട്ടത്തിന്റെ സപ്തതി ആശംസകള്‍.
തെറ്റുകള്‍ ഏറ്റുപറയുന്ന ശീലം മാധ്യമങ്ങള്‍ക്ക് കൈമോശം വന്നിട്ട് കാലം കുറേയായി. ആര്‍ക്കെതിരെയും എന്തും എപ്പോഴും കുറിക്കാം എന്ന ധാര്‍ഷ്ട്യത്തിന്റെ ഉമ്മറക്കോലായയില്‍ ഇരിപ്പായിരുന്നു ആ മാന്യന്മാര്. എന്നാല്‍ എന്തുകൊണ്ടോ ചില നേരും നെറിവും വന്നിട്ടുണ്ട്. മാറാട് സംഭവത്തില്‍ ചില നിഗൂഢതകളും അതിനുശേഷം ചില കളികളും നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അപഹാസ്യമായ ഒരക്ഷര കലാപം ദേശാഭിമാനി വാരികയില്‍ വന്നിരുന്നു. ഒരു ദേശീയപാര്‍ട്ടിയുടെ അഭിഭാഷകനായ നേതാവിനെ കുരുക്കെറിഞ്ഞു വീഴ്ത്താനായിരുന്നു ശ്രമം. പക്ഷേ, ഗുരുതരമായ പിശകുകള്‍ വന്ന പ്രസ്തുത ലേഖനത്തിനെതിരെ കിട്ടേണ്ടതു കിട്ടിയപ്പോള്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു എന്ന് ജനറല്‍ പേജില്‍ മൂന്ന് കോളം കൊടുത്തു ദേശാഭിമാനി. ചിലര്‍ ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കുമ്പസാരം. പിന്നീട് ഇന്ത്യന്‍ എക്സ്പ്രസ് ഇതേ അഭിഭാഷകനെ സംശയത്തിന്റെ ഇരുള്‍മുറിയില്‍ കയറ്റാന്‍ ഒരു കോടതി വാര്‍ത്തയിലൂടെ ശ്രമിച്ചു. സത്യം അറിഞ്ഞുകൊണ്ട് തെറ്റിദ്ധരിപ്പിക്കാനുള്ള ആ ശ്രമത്തിനും കിട്ടി ചിലത്. തുടര്‍ന്ന് തെറ്റുപറ്റിയെന്ന് നേരെ ചൊവ്വെ പറയാതെ വിശദീകരണവാര്ത്ത വന്നു. ദേശാഭിമാനി പറഞ്ഞ ചിലര്‍ സാന്നിധ്യത്തിന്റെയൊരു കളികളേ.
മറ്റൊന്ന് പ്രഗത്ഭ അന്വേഷണ ഉദ്യോഗസ്ഥനായ സെന്‍കുമാറിനെതിരെയുള്ള നീക്കമായിരുന്നു. കോഴിക്കോടന്‍ മുത്തശ്ശി വെണ്ടക്കയില്‍ ഉജ്വല അലക്കല്‍. ചില തീവ്രവാദകേന്ദ്രങ്ങളെ സുഖിപ്പിക്കാനുള്ള കളിക്ക് മര്‍മ്മത്ത് തന്നെ കിട്ടിയതോടെ അടവ് മാറ്റി. വിവരാവകാശ കമ്മീഷന്റെ തലയില്‍ കുറ്റം ചാര്‍ത്തി മുത്തശ്ശി തലയൂരി. ആ മുത്തശ്ശിയെ വിശ്വസിച്ച ഒരു സംഘടന നാടൊട്ടുക്കും പോസ്റ്റര്‍ പതിച്ചു. അവരും വെട്ടിലായി. വെട്ടിലായവര്‍ പ്രസ്ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ച് സമസ്താപരാധവും പൊറുക്കണമെന്ന് കേണപേക്ഷിച്ച സംഭവവുമുണ്ടായി.
കൊലകൊമ്പന്‍ പാരമ്പര്യത്തിന്റെ പാറപ്പുറത്ത് ബംഗ്ലാവ് കെട്ടിയ മറ്റൊരു പത്രവും ചില വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നു കഴിഞ്ഞയാഴ്ച. അവരുടെ പത്രാധിപര്‍ സിദ്ധാര്‍ത്ഥ വരദരാജന് രാജിവെച്ചതിനെ തുടര്‍ന്നായിരുന്നു ഏറ്റുപറച്ചില്‍. തങ്ങളുടെ മഹിത പാരമ്പര്യത്തിന് കോട്ടം വരുത്തുന്ന പ്രവര്‍ത്തനങ്ങളുണ്ടായി, പത്രാധിപസമിതിയുടെ ധാര്‍മ്മിക നിലവാരത്തില്‍ ഇടിവുണ്ടായി, എല്ലാം ഞങ്ങള്‍ ശരിയാക്കുകയാണ്, അതിന്റെ പശ്ചാത്തലത്തില്‍ ചില അഴിച്ചുപണികള്‍ നടത്തുന്നു എന്ന രീതിയിലായിരുന്നു കുമ്പസാരം. ഇടതുപക്ഷത്തിന്റെ വ്യാളീമുഖമായി അധപ്പതിച്ച ആ പത്രം ആത്മാര്‍ത്ഥതയോടെയാണ് മേപ്പടി കാര്യങ്ങളൊക്കെ പറഞ്ഞതെങ്കില്‍ ഇനിയങ്ങോട്ട് നന്നാവുമെന്ന് പ്രതീക്ഷിക്കാം. മാലിനി പാര്‍ത്ഥസാരഥിയും എന്‍. രവിയുമൊക്കെ പത്രാധിപസമിതിയുടെ ധാര്‍മ്മിക നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും കരുതുക. സംഘകുടുംബത്തോട് പുലര്‍ത്തുന്ന അടങ്ങാത്ത കലി അല്പ്പാല്പം കുറയുമെങ്കില്‍ അതു നല്ലതല്ലേ എന്ന് നമുക്ക് ആശ്വസിക്കുകയും ചെയ്യാം. തെറ്റ് മനസ്സിലാക്കുകയും ആയത് തിരുത്താന്‍ തയ്യാറാവുകയും ചെയ്യുന്നതു വഴിയാണ് മാനവികതയുടെ മഹാപ്രസ്ഥാനത്തില്‍ അണിചേരാന്‍ കഴിയുക. അത് എത്ര പെട്ടെന്ന് നടക്കുന്നുവോ അത്രയും നന്ന് എന്നേ കാലികവട്ടത്തിന് പറയാനുള്ളൂ.
വാര്‍ത്തകളിലെ ഏടാകൂടവും സങ്കീര്‍ണതയും വായനക്കാരനെ വിഷമിപ്പിക്കുന്നതിനെക്കുറിച്ചാണ് വാര്‍ത്തകളെ സ്കാനിച്ച് രുചിക്കുന്ന യാസീന്‍ അശ്റഫ് പറയുന്നത്. ഒരു വാര്‍ത്തയുടെ ജനനവും മരണവും എന്ന തലക്കെട്ടില്‍ (മാധ്യമം, നവം. 04) അത് കാണാം. ദോഷം പറയരുതല്ലോ മാധ്യമവും ഇത്തരം ഏടാകൂടങ്ങളില് നിന്ന് മുക്തമല്ല എന്ന് ഏറ്റുപറയുന്നുണ്ട്. ഐക്യരാഷ്ട്രസഭയില്‍ ശൈശവ/ബാലവിവാഹം തടയാനായി കൊണ്ടുവന്ന പ്രമേയത്തിന്റെ ഗതിവിഗതികളെ സംബന്ധിച്ച് വിവിധ മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തയെക്കുറിച്ചാണ് അശ്റഫ്ക്ക ബേജാറാവുന്നത്. സംഗതി നേരത്തെ കേരളത്തില്‍ ചില കൊയമാന്തരങ്ങള്‍ വരുത്തിയ നിലയ്ക്ക് ജനശ്രദ്ധയാകര്‍ഷിക്കുന്നതായി. ഒരു കാര്യം സമ്മതിക്കണം. അശ്റഫ്ക്ക ചൂണ്ടിക്കാണിച്ചതൊക്കെ വസ്തുത തന്നെ. ഇത് പലയാവര്‍ത്തി ഓതാന്‍ മാധ്യമത്തിലെ ശിങ്കങ്ങളോട് പ്രത്യേകം നിര്‍ദ്ദേശിക്കണം. ഹിന്ദുത്വം, സംഘപരിവാര്‍, സംന്യാസി സമൂഹം എന്നൊക്കെ കേള്‍ക്കുമ്പോഴും അതു സംബന്ധിച്ച് വാര്‍ത്ത പുഴുങ്ങിയെടുക്കുമ്പോഴും വെകിളിവരുന്ന അവര്‍ക്കത് ഉപകാരപ്പെടും.
മേപ്പടി കുറിപ്പില്‍ ഒരാശങ്ക ടിയാന് പങ്കുവെക്കുന്നുണ്ട്. ഹിന്ദുകുടുംബത്തിലെ പുതിയ സംഭവവികാസങ്ങള്‍ എന്തെന്തൊക്കെ വരുത്തിവെക്കുമെന്ന്. ഇതാ ഇക്കയുടെ സംശയം: ഹിന്ദു കുടംബവാഴ്ചയിലേക്ക് തിരിച്ചെത്തുന്നതോടെ അതില്‍ വരാവുന്ന മാറ്റങ്ങളെന്താവും? പേടിക്കാനില്ല. കാരണം ഇന്നത്തെ രീതിയിലുള്ള ജൂഗുപ്സാവഹമായ വളച്ചൊടിക്കലും അസത്യ പ്രസ്താവങ്ങളും താരതമ്യേന കുറവായിരിക്കും. ഒന്നുമില്ലെങ്കിലും സംഘപരിവാറില്‍പ്പെട്ടവര്‍ ഈ ഇന്ത്യാമഹാരാജ്യത്തെ പ്രജകളാണെന്ന പരിഗണനയെങ്കിലും കിട്ടും. അതു പോലും കൊടുക്കാത്തവരെ പ്രോത്സാഹിപ്പിക്കുന്ന അശ്റഫ്ക്കമാരുടെ മനോഗതി മാറാന്‍ ഏത് ജാറത്തില്‍ നേര്‍ച്ച നടത്തേണ്ടിവരും?
ബേസിക് ഇന്സ്റ്റിംഗ്റ്റ് എന്നോ മറ്റോ വിവരമുള്ളവര്‍ പറയുന്നത് കേട്ടിട്ടുണ്ട്. നേരെ ചൊവ്വെ ശ്രേഷ്ഠമലയാളത്തില്‍ നാട്ടുഭാഷയില്‍ ഏതാണ്ട് ഇങ്ങനെ വരും: പിറവിയില്‍ പതിഞ്ഞത്. അത് മാറ്റാനാവില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ കാര്യവും അങ്ങനെ തന്നെ. ഹിന്ദു പത്രത്തിന് നേരും നെറിവും ഉണ്ടാവുന്നുവെങ്കില്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ് അവര്‍ക്കു കൈമോശം വന്നിട്ടില്ല എന്നതിന്റെ നിദര്‍ശനമാണ്. എന്നാല്‍ പരാമര്‍ശിത ആഴ്ചപ്പതിപ്പ് അങ്ങനെയല്ല. ദൈവത്തെ കണ്ട ചെകുത്താന്റെ സ്ഥിതിയാണവര്‍ക്ക്. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കും മുമ്പെ തുടങ്ങിയ കലിപ്പ് ലേഖനങ്ങളായും വിശകലനങ്ങളായും അവലോകനങ്ങളായും വാര്‍ന്നുവീഴുന്നു. എല്ലാ മുള്ള്മുരട് മൂര്‍ഖന്‍ പാമ്പുകളെയും ഒപ്പം കൂട്ടിയാണ് യാത്ര. ഇത്തവണത്തെ (നവം. 03) ലക്കത്തില്‍ വെങ്കിടേഷ് രാമകൃഷ്ണന്, ജെ. രഘു, അഷീഷ് നന്ദി, ഷബ്നം ഹഷ്മി തുടങ്ങിയ ഗജകേസരികളെയാണ് അണിനിരത്തിയിരിക്കുന്നത്. മൂര്‍ഖന്റെ വിഷമോ രാജവെമ്പാലയുടെ വിഷമോ നല്ലത് എന്ന് ചോദിക്കുന്നുവെന്ന് കരുതുക. രാജവെമ്പാല എന്നു പറയുന്നതാവും നന്ന്. കാരണം ക്ഷിപ്രനിമിഷേ മരണം കാംക്ഷിക്കുന്നവര്‍ക്ക് അതല്ലേ കൂടുതല്‍ നല്ലത്. കോപ്പി കൂട്ടാനുള്ള തന്ത്രത്തിന് എന്തൊക്കെ ചെയ്യണമെന്ന് ഹിന്ദുവിലെ റാമിനോട് കമലറാമന്മാര്ക്ക് ചോദിക്കാം. വെരിസിമ്പ്ലി ഹി വില്‍ എക്സ്പ്ലെയിന്. യ്യോ മലയാളം മറന്നു പോയേ!
കെ.മോഹന്‍ദാസ്
തൊട്ടുകൂട്ടാന്‍
സഹ്യനേക്കാള്‍ തലപ്പൊക്കമുണ്ടെങ്കിലുംതിടമ്പേറ്റിനോഫര് വന്നാല്‍ മസ്തകം കുനിഞ്ഞേപോകും പുസ്തകം മാറ്റിവെയ്ക്കും.
എ.സി. ശ്രീഹരി
കവിത: എഴുത്തുമോന്
മലയാളം വാരിക (നവം. 01)
പ്രതികരിക്കാൻ ഇവിടെ എഴുതുക: