പഴയ സഹപ്രവര്‍ത്തകരെ ഓര്‍ക്കുന്നത് എപ്പോഴും സുഖകരമാണ്. അവരുടെ ജീവിതങ്ങളും അനുഭവങ്ങളും നമ്മെ സന്തോഷിപ്പിക്കുകയും പ്രചോദനം കൊള്ളിക്കുകയും ചെയ്യുന്നു. അത്തരക്കാരില്‍ സ്വാനുഭവങ്ങള്‍ രേഖപ്പെടുത്തി ദിനസരിക്കുറിപ്പുകളായി സൂക്ഷിക്കുന്നവര്‍ ധാരാളമുണ്ട്. അവ ഭാവിയിലെ അമൂല്യചരിത്രരേഖകളായിത്തീരുന്നതായും നാം കാണുന്നു. അപ്രകാരം കുറിപ്പുകളെഴുതുന്ന ശീലമില്ലാതിരുന്നതിനാല്‍ സംഘപഥത്തിലൂടെ എന്ന ഈ കുറിപ്പുകള്‍ക്ക് വേണ്ടത്ര ആര്‍ജ്ജവം ഉണ്ടാവുന്നില്ല എന്ന് തോന്നാറുണ്ട്. ദിനസരിക്കുറിപ്പുകള്കൊണ്ടുള്ള പ്രയോജനം അനുഭവിച്ചതിന്റെയും അനുഭവിക്കാതിരുന്നതിന്റേയും കാര്യം പറയാന്‍ കഴിയും.
ദീനദയാല്‍ജിയുടെ അപകട മരണം രാഷ്ട്രത്തിനാകെ നടുക്കമുണ്ടാക്കിയിരുന്നല്ലൊ. അദ്ദേഹവുമായി ബന്ധപ്പെട്ട് സകല വിവരങ്ങളും സമാഹരിക്കാന്‍ മുതിര്‍ന്ന ജനസംഘ നേതാവും പ്രചാരകനുമായിരുന്ന നാനാജി ദേശ്മുഖിന്റെ ഉത്സാഹത്തില്‍ ഒരു ശ്രമം നടന്നിരുന്നു. ദീനദയാല്‍ജി കേരളത്തില്‍ സന്ദര്‍ശിച്ച സ്ഥലങ്ങളും താമസിച്ച ഗൃഹങ്ങളും സന്ദര്‍ശിച്ച് ആതിഥേയരില്നിന്നും വിവരങ്ങള്‍ ശേഖരിക്കാന്‍ എനിക്ക് നിര്‍ദ്ദേശം ലഭിച്ചു. അതിന്റെ ഭാഗമായി പാലക്കാട്ടു പോയി. അവിടെ ജനസംഘ പ്രവര്‍ത്തനത്തില്‍ സഹകരിച്ചിരുന്ന ടി.ബാലകൃഷ്ണ മേനോനെ കണ്ടിരുന്നു. അന്നവിടെ വിഭാഗ് പ്രചാരകനായിരുന്ന ഹരിയേട്ടനാണ് കൂട്ടിക്കൊണ്ടുപോയത്. ദീനദയാല്‍ജിയുടെ പാലക്കാട്ട് സന്ദര്‍ശന തീയതികള്‍ അറിയിച്ചപ്പോള്‍ മേനോന് തന്റെ ഡയറികള്‍ തിരഞ്ഞു. ആ വിവരങ്ങള്‍ മനോഹരമായി ഇംഗ്ലീഷില്‍ എഴുതി സൂക്ഷിച്ചിരുന്നത് വായിച്ചു കേള്‍പ്പിച്ചു. അവരുടെ സംഭാഷണങ്ങളും അതിലുണ്ടായിരുന്നു. അത് വളരെ പ്രയോജനപ്പെട്ടു.
മുന്‍ പ്രാന്ത പ്രചാരക് ഭാസ്കര്‍റാവുജിയുടെ ജീവിതത്തെ പരിചയപ്പെടുത്തുന്ന ഒരു പുസ്തകം തയ്യാറാക്കാന്‍ ഭാരമേല്പ്പിക്കപ്പെട്ടപ്പോള് ദിനസരിക്കുറിപ്പുകള്‍ സൂക്ഷിക്കുന്ന സ്വഭാവമുള്ളവരെ അന്വേഷിച്ചു. എറണാകുളത്ത് താമസമുറപ്പിച്ചിരുന്ന പഴയ കൊല്ലം സ്വയംസേവകന് രാമചന്ദ്ര ഭട്ടിലേക്ക് എത്തിയതങ്ങനെയായിരുന്നു. സംഘപ്രാന്ത കാര്യാലയത്തിലേക്ക് തന്റെ ഭാര്യാപിതാവ് സാഹിത്യ കുശലന് എ.ഡി.ഹരിശര്‍മ മാസ്റ്ററുടെ ഗ്രന്ഥശേഖരത്തിന്റെ ഒരു ഭാഗം നല്‍കിയിരുന്നു. അവ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനായില്ല എന്നത് ഖേദകരമാണ്. ഭട്ജിയെ സമീപിച്ചപ്പോള്‍ ഏതാനും തവണ വീടുമാറ്റം നടന്നതിനിടെ പഴയ ഡയറികള്‍ നശിപ്പിച്ച കാര്യം ഖേദപൂര്‍വം പറഞ്ഞു. ഓര്‍മയില്‍നിന്ന് ചികഞ്ഞെടുത്ത ചില കാര്യങ്ങള്‍ കിട്ടിയെന്നത് മാത്രം മെച്ചം. ദീനദയാല്‍ജിയുടെ ആദ്യത്തെ കൊല്ലം പരിപാടിക്ക് സജ്ജീകരണം ചെയ്യാന്‍ മാധവ്ജിയെ സഹായിച്ച വിവരം രാമചന്ദ്ര ഭട്ട് പറഞ്ഞു. ആ പരിപാടി വേണ്ടത്ര വിജയിച്ചില്ല എന്ന ഇച്ഛാഭംഗം കൊണ്ടാണത് മറക്കാത്തതെന്നു കൂടി അദ്ദേഹം പറഞ്ഞു.
മഹദ്വ്യക്തികളുടെ ഡയറിക്കുറിപ്പുകള്‍ കാലാന്തരത്തില്‍ സാഹിത്യമൂല്യവും ചരിത്രമൂല്യവും തികഞ്ഞ ഗ്രന്ഥങ്ങളായ അനുഭവങ്ങളുമുണ്ട്. സംഘത്തിലും ജനസംഘത്തിലും ബിജെപിയിലുമൊക്കെ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്ന രണ്ടുപേരുടെ ആത്മകഥാ സ്വഭാവമുള്ള ഓര്‍മക്കുറിപ്പുകള്‍ ഈയിടെ ലഭിച്ചതാണ് ഇത്രയും എഴുതുവാന്‍ കാരണം. എറണാകുളത്തെ മുഴുവന്‍ അഭിഭാഷകരില്‍ ഒരാളായ പി.ആര്.നമ്പ്യാര്‍ തന്റെ ഓര്‍മകളുടെ മന്ദാകിനി പ്രവാഹത്തിന് കരയിലിരുന്ന് കുറിച്ചിട്ടതാണ് ‘ഓര്‍മകളുടെ തീരത്ത്’ എന്ന നാനൂറിലേറെ പുറങ്ങളുള്ള പുസ്തകം. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് താന്‍ ഇങ്ങനെയൊരു സാഹസത്തിന് മുതിരുകയായിരുന്നുവെന്നും സംഘപരിവാറുമായുള്ള തന്റെ ഇടപെടലുകള്‍ വിവരിക്കുന്നതിന് സഹകരിക്കണമെന്നും അദ്ദേഹം ഫോണിലൂടെ ആവശ്യപ്പെട്ടിരുന്നു. ജന്മഭൂമിയില്‍നിന്ന് വിരമിച്ച ശേഷം നമ്പ്യാര്ജിയുമായി നേരിട്ട് ബന്ധം പുലര്‍ത്താത്തതിനാല്‍ ആ ആവശ്യം വളരെ സന്തോഷദായകമായിരുന്നു. മുഖ്യമായും ജനസംഘത്തേയും ബിജെപിയേയും മുന്‍നിര്‍ത്തി തയ്യാറാക്കപ്പെട്ട ‘ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍’ എന്ന പുസ്തകം അദ്ദേഹത്തിന് ശുപാര്‍ശ ചെയ്യുകയും കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ നിര്‍ദ്ദേശിക്കുകയുമാണ് ചെയ്തത്. 1968 മുതല്‍ നിരന്തരം ബന്ധപ്പെടാറുള്ള ആളായിരുന്നു നമ്പ്യാര്‍ജി. തന്റെ കുലധര്മസഹജമായ നര്‍മബോധത്തോടെ ഏതുകാര്യത്തേയും പ്രതിപാദിക്കാന്‍ സമര്‍ത്ഥനായ നമ്പ്യാര്‍ജി സംഭാഷണചതുരന്‍ തന്നെ. തന്റെ ആത്മകഥ പൂര്‍ത്തീകരിച്ച് തയ്യാറാക്കിയ അദ്ദേഹമത് നീതിന്യായജ്ഞകുലപതിയായി കണക്കാക്കുന്ന ജ.വി.ആര്.കൃഷ്ണയ്യരുടെ വസതിയില്‍ ചെന്ന് പ്രകാശനം ചെയ്യുകയായിരുന്നു.
നമ്പ്യാര്‍ജിയുടെ കുടുംബത്തിന്റെയും അദ്ദേഹം ജനിച്ചുവളര്‍ന്ന സമൂഹത്തിന്റെയും ഇതിഹാസം കൂടിയാണ് ഓര്‍മകളുടെ തീരത്ത്. മഹാപ്രവാഹത്തിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന എണ്ണമറ്റ വ്യക്തികളേയും സ്ഥാപനങ്ങളെയും നമ്പ്യാര്‍ജി പരാമര്‍ശിക്കുന്നു. അതില്‍ ആഖ്യാനമുണ്ട്, പ്രത്യാഖ്യാനമുണ്ട്, വിമര്‍ശനമുണ്ട്, ഖണ്ഡനവും മണ്ഡനവുമുണ്ട്. തന്റെ മനഃസാക്ഷിയെ മാത്രം മുന്‍നിര്‍ത്തി ശരിയെന്ന് ഉത്തമബോധ്യമുള്ള കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന സ്ഥിരത നമുക്ക് പി.ആര്.നമ്പ്യാരില്‍ കാണാം.
സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെ സ്വാതന്ത്ര്യസമരത്തില്‍ ഭാഗഭാക്കായതും പഠനവും ജീവിതവും മുന്നോട്ട് നയിച്ചതും ബഹുമുഖമായ പ്രവര്‍ത്തനമേഖലകളും കുടുംബബന്ധങ്ങളുടെ അഴിയുന്നതും അഴിയാത്തതുമായ കുരുക്കുകളുമൊക്കെ അതിലുണ്ട്. ആത്മകഥ എഴുതുന്ന വിവരം ആദ്യം അറിയിച്ചപ്പോള്‍ അത് ഇംഗ്ലീഷില്‍ ആവുമെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അയത്നലളിതവും മനോഹരവുമായ അദ്ദേഹത്തിന്റെ ആംഗലഭാഷാ ശൈലി അങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചുവെന്ന് പറയാം. ഭാഷാകാര്യം അന്വേഷിച്ചപ്പോള്‍ തീരുമാനമായില്ല എന്നാണ് പറഞ്ഞത്. ഹിന്ദിയായാലും മലയാളമായാലും ഇംഗ്ലീഷായാലും ഒരുപോലെ പ്രയോഗിക്കാന്‍ കഴിവുറ്റ സവ്യസാചിയാണ് നമ്പ്യാര്‍ജി.
ലളിതമായ കവിതയുടെ മാധുര്യമൂറുന്ന അസൂയാവഹമായ ഭാഷാശൈലിയാണ് നമ്പ്യാര്ജിയുടേത്. അതുകൊണ്ടും ഞാനുമായി ബന്ധപ്പെട്ട ഒട്ടേറെ സംരംഭങ്ങളില്‍ ഭാഗഭാക്കായതുകൊണ്ടും നാനൂറിലേറെ പുറങ്ങള്‍ വരുന്ന പുസ്തകം ഒറ്റയിരുപ്പിന് വായിച്ചു തീര്‍ത്തു. അദ്ദേഹത്തിന് പല കാര്യങ്ങളിലും എടുക്കേണ്ടിവന്ന നിലപാടുകളോട് യോജിക്കാത്തവരോടുപോലും ഒരു വിധത്തിലും ഈര്ഷയോ കാലുഷ്യമോ ദേഷ്യമോ കാണിക്കാത്ത സമീപനം. തികച്ചും സന്തോഷകരമാണ് ആത്മകഥയെന്നതുപോലെ സാമൂഹ്യ ശാസ്ത്ര ഗ്രന്ഥമായും രാജ്യതന്ത്ര ഗ്രന്ഥമായും നിയമശാസ്ത്ര ഗ്രന്ഥമായും ‘ഓര്‍മകളുടെ തീരത്ത്’ അനുഭവപ്പെടുന്നു. പുസ്തകത്തിന്റെ വിപണനത്തിന് പറ്റിയ ചെട്ടിമിടുക്ക് (സെയില്‍സ്മാന്‍ഷിപ്പ്) അദ്ദേഹത്തിനുണ്ടോ എന്നാണ് സംശയം.
ശ്രീ പരമേശ്വര്‍ജി ഹൃദയാവര്‍ജകമായി പുസ്തകത്തെ അവതരിപ്പിച്ചുകൊണ്ട് ശതാഭിഷിക്തനായ നമ്പ്യാര്‍ജിക്ക് പൂര്‍ണായുസ്സ് നേര്‍ന്നിട്ടുണ്ട്. നമ്പ്യാര്ജിയെപ്പോലെ മറ്റൊരു സഹപ്രവര്ത്തകന് സി.എന്‍.ദാമോദരന്‍ നായര്‍ തന്റെ ഓര്‍മക്കുറിപ്പുകളിലൂടെ സ്വാനുഭവങ്ങളും അതില്‍നിന്നും ലഭിച്ച പാഠങ്ങളും ആത്മകഥാ രൂപത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഗുരുവായൂരിലെ വിദ്യാധിരാജ പഠനകേന്ദ്രമാണ് അത് പ്രസിദ്ധീകരിച്ചത്. അറുപതുകളില്‍ ഞാന്‍ കോട്ടയം ജില്ലാ പ്രചാരകനായിരിക്കെ പൊന്‍കുന്നത്തിനടുത്ത് എളങ്ങുളം ശാഖയിലെ സ്വയംസേവകന് എന്ന നിലയ്ക്കാണ് ദാമോദരനെ പരിചയപ്പെടുന്നത്. അന്ന് സ്കൂള്‍ ഫൈനലില്‍ പഠിച്ചിരുന്ന അദ്ദേഹം പ്രത്യുല്‍പ്പന്നമതിത്വവും പ്രായോഗികതയും കൊണ്ട് തന്നെക്കാള്‍ പ്രായവും പഠിപ്പുമുള്ളവരെപ്പോലും വിസ്മയിപ്പിക്കുന്ന വിധത്തില്‍ ശാഖാ പ്രവര്‍ത്തനങ്ങള്‍ ചെയ്തുവന്നു. സാധാരണ കര്‍ഷക കുടുംബത്തില്‍ പിറന്ന് അതിന്റെ അവശതകളും പ്രയാസങ്ങളും അനുഭവിച്ച് സംഘ ശാഖാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ആയിരക്കണക്കിന് സ്വയംസേവകരില്‍ ഒരാളായിരുന്നു അദ്ദേഹം. സമാജത്തിനുവേണ്ടിയാണ് തന്റെ ജീവിതം എന്ന ബോധ്യത്തില്‍ നിന്ന് പ്രചാരകനാവാനും അതിനായി നിയോഗിക്കപ്പെട്ട മേഖല സംഘത്തിന് വേണ്ടി പിടിച്ചടക്കാനും അത്തരക്കാര്‍ക്ക് കഴിയുമെന്ന് ദാമോദരന്‍ തെളിയിച്ചു. പുതിയ പുതിയ ആളുകളെ കണ്ടെത്തി, അവരെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിവുള്ളവര്‍ ദുര്‍ലഭമാണെന്ന് അര്‍ത്ഥം വരുന്ന ഒരു ശ്ലോകം കേട്ടിട്ടുണ്ട്.
അയോഗ്യ പുരുഷോ നാസ്തി
യോജക സ്തത്ര ദുര്‍ലഭ: എന്നാണത്.
ദാമോദരന്‍ സംഘപ്രചാരകനും പിന്നീട് ജനസംഘത്തിന്റെ മുഴുസമയ പ്രവര്‍ത്തകനുമായി പല സ്ഥലങ്ങളിലും പോയിരുന്നു. അവിടെയെല്ലാം സമര്‍ത്ഥനായ യോജകനും സംഘാടകനുമാണെന്ന് കാണിക്കുകയും ചെയ്തു. പ്രത്യേക സാഹചര്യത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സംഘാടകനായി തൃശ്ശിവപേരൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംഘകാര്യത്തില്‍ സംഘത്തില്‍നിന്ന് ലഭിച്ച അനുഭവം പ്രായോഗികവും ഫലപ്രദവുമായി നടപ്പാക്കിയതിന്റെ ചരിത്രമാണ് ‘അനുഭവങ്ങള്‍ പാഠങ്ങള്‍’ എന്ന ആത്മകഥ. അക്കാദമികവും ഭാഷാപ്രയോഗ ചാതുരിയും കൂടാതെ സഹജമായ സംഭാഷണത്തിലൂടെ ജനഹൃദയങ്ങളെ കൈക്കലാക്കാനുള്ള കഴിവ് ദാമോദരന്‍നായര്‍ വളര്‍ത്തിയെടുത്തു. സ്വാനുഭവങ്ങള്‍ വളച്ചുകെട്ടില്ലാതെ ഇഷ്ടാനിഷ്ടങ്ങളോ പ്രീതിയോ അപ്രീതിയോ നോക്കാതെ രേഖപ്പെടുത്തിയത് സമചിത്തതയോടെ നോക്കിക്കാണാന്‍ പരാമര്‍ശിക്കപ്പെട്ടവര്‍ക്ക് കഴിയുമോ എന്നാണ് സംശയം. അനേകം വ്യക്തികളുടെ തൂലികാ ചിത്രങ്ങള്‍ പുസ്തകത്തില്‍ ചേര്‍ത്തതും ശ്രദ്ധേയമാണ്. എല്ലാ പ്രസ്ഥാനങ്ങളിലും രാഷ്ട്രീയപാര്‍ട്ടികളിലും പെട്ടവരെ അക്കൂട്ടത്തില്‍ കാണാന്‍ കഴിയും. ആത്മകഥയെന്നതിനെക്കാള് സാമൂഹ്യ പ്രധാനമായ കാര്യങ്ങളാണതില്‍ പ്രതിപാദിക്കപ്പെടുന്നത്.
സംഘപരിവാറിലെ പ്രമുഖ കാര്യകര്‍ത്താക്കളുമായി എന്നും സമ്പര്‍ക്കം നിലനിര്‍ത്തുകയും പലപ്പോഴും ഗുരുവായൂരില്‍ വരുമ്പോള്‍ അവരുടെ ആതിഥേയനാവുകയും ചെയ്യുന്ന ദാമോദരന്‍ നായര്‍ അനുഭവങ്ങളും പാഠങ്ങളും നിരത്തുമ്പോള്‍ ബന്ധുക്കളേയും ശത്രുക്കളേയും സമ്പാദിക്കുമെന്ന് ശങ്കിക്കുന്നു.രണ്ട് സഹപ്രവര്‍ത്തകരുടെ അക്ഷരലോക പ്രയാണം തീര്‍ച്ചയായും സന്തോഷം തരുന്നതാണ്.
പി.നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: