കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛന് പുരസ്കാര നിറവില്‍ പ്രശസ്ത സാഹിത്യ നിരൂപകനും, അദ്ധ്യാപകനുമായ സാനുമാഷ് ആറുപതിറ്റാണ്ട് നീണ്ട ദാമ്പത്യധന്യതയിലേക്ക്. തിങ്കളാഴ്ചയാണ് സാനുമാഷിന്റേയും, ഭാര്യ രത്നമ്മയുടേയും അറുപതാം വിവാഹവാര്‍ഷികം. ആഘോഷങ്ങളില്ലാതെ പതിവുപോലെ കടന്നുപോകുമായിരുന്ന ഒരു ദിനം ആഹ്ലാദാരവങ്ങളാക്കിമാറ്റാന് ഒരുങ്ങുകയാണ് മലയാള സാഹിത്യലോകം.
ശാന്തമായി ഇത്രയും നാള് ജീവിക്കാന്‍ സാധിച്ചത് തന്നെ ഈശ്വരാനുഗ്രഹം; അതു മാത്രമാണ് ഈ വേളയില്‍ പറയാനാഗ്രഹിക്കുന്നത്. സംഘര്‍ഷങ്ങളില്ലാതെ, ഇത്തിരി പിണക്കവും, അതിലേറെ ഇണക്കങ്ങളുമായി ശാന്തജീവിതമാണ് ഇതുവരെ നയിച്ചത്. ഇനിയും അങ്ങനെ തുടരട്ടെയെന്ന് സാനുമാഷ് പറയുന്നു. ആഘോഷങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന് മാഷും, ഭാര്യ രത്നമ്മയും കടുപ്പിച്ച് പറഞ്ഞെങ്കിലും പുരസ്കാര പ്രഖ്യാപനംകൂടി വന്നതോടെ ആഘോഷങ്ങളുടെ രാപകലായിരിക്കും ഇനി കൊച്ചിയിലെ അദ്ദേഹത്തിന്റെ വസതി.
1953 നവംബര്‍ 4ന് രണ്ട് കുടുംബങ്ങള്‍ തമ്മില്‍ ചേര്‍ത്തുവെച്ച ബന്ധം അറുപത് പിന്നിട്ടു എന്ന വിവരം ഭാര്യ രത്നമ്മയാണ് സാനുമാഷിനെ ഓര്‍മ്മിപ്പിച്ചത്. ആഘോഷങ്ങള്‍ തീര്‍ത്തും ഒഴിവാക്കാറെ ഉള്ളു. ശിവഭഗവാന്റെ കടുത്ത ഭക്തരാണ് ഞങ്ങള്‍. അതുകൊണ്ടുതന്നെ തിങ്കളാഴ്ച രാവിലെ ശിവക്ഷേത്രദര്‍ശനം നടത്തും. പിന്നെ പതിവ് ദിനചര്യകള്‍ തന്നെ ഉണ്ടാകും രത്നമ്മ പറഞ്ഞു. വിവാഹ വാര്‍ഷികത്തിന് ആശംസകള്‍ അറിയിക്കാന്‍ ഇന്നലെ രാവിലെ മുതല്‍ മാഷിന്റെ വീട്ടില്‍ ആരാധരുടേയും, വിദ്യാര്‍ത്ഥികളുടേയും, സഹപ്രവര്‍ത്തകരുടേയും, സഹപാഠികളുടേയും പ്രവാഹമായിരുന്നു. വൈകിട്ട് പുരസ്കാര പ്രഖ്യാപനം കൂടി വന്നതോടെ ആശംസകളുടെ പെരുമഴയായി.
ഇതുവരെയുള്ള ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായില്ലെങ്കില്‍ ജീവിതത്തിന് എന്തെങ്കിലും രസമുണ്ടാകുമോ എന്ന് സാനുമാഷിന്റെ മറുചോദ്യം. എം.എ പഠനകാലത്താണ് 20 വയസുകാരിയായ രത്നമ്മയെ വിവാഹം കഴിച്ചത്. അന്ന് സാനുമാഷിന് 25 വയസ്. പൊതുവെ ശാന്ത സ്വഭാവമുള്ള മാഷ് അങ്ങനെ ദേഷ്യപ്പെടാറില്ല. പക്ഷെ ദേഷ്യപ്പെട്ടാല്‍ അതൊരു ദേഷ്യപ്പെടല്‍ തന്നെയായിരിക്കുമെന്ന് രത്നമ്മ സാക്ഷ്യപ്പെടുത്തുന്നു. വിവാഹം കഴിഞ്ഞ നാള് മുതല്‍ ഇന്നുവരെ എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് മാഷ് ഭാര്യക്ക് നല്‍കുന്നത്. അതുകൊണ്ടു തന്നെ പിണക്കങ്ങള്‍ക്ക് ഇവര്‍ക്കിടയില്‍ സ്ഥാനമില്ല. വായനാശീലം അത്രക്കില്ലെങ്കിലും എഴുത്തില്‍ അല്‍പ്പസ്വല്‍പ്പം സഹായങ്ങള്‍ രത്നമ്മ ചെയ്യാറുണ്ട്. എന്നാല്‍ എഴുത്തിന്റെ കാര്യത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുമില്ല. പ്രായമായപ്പോള്‍ ഉത്തരവാദിത്തങ്ങള്‍ കൂടിയെന്നാണ് സാനുമാഷും, ഭാര്യയും പറയുന്നത്. രഞ്ചിത്ത്, രേഖ, ഗീത, സീത, ഹാരിസ് എന്നിങ്ങനെ അഞ്ച് മക്കളാണ് സാനുമാഷിന്റെ ഏറ്റവും വലിയ സമ്പാദ്യം. എല്ലാവരും വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ആഘോഷങ്ങള്‍ നടത്താന്‍ തീരുമാനിച്ചിട്ടില്ലെങ്കിലും തിങ്കളാഴ്ച എല്ലാവരും വീട്ടിലെത്തുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. ആലപ്പുഴക്കാരനായ സാനുമാഷ് നല്ല ഭക്ഷണപ്രിയനാണെന്ന രഹസ്യവും രത്നമ്മ പങ്കുവെച്ചു. കുട്ടനാട്ടുകാരനായതുകൊണ്ടുതന്നെ മീന്‍ നിര്‍ബന്ധമാണ് മാഷിന്. എന്തായാലും പുരസ്കാരത്തിന്റേയും, വിവാഹവാര്ഷകത്തിന്റേയും നിറവില്‍ ഈ ഗുരുശ്രേഷ്ഠന് നേരാം ഒരായിരം ആശംസകള്‍.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: