ന്യൂദല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നല്കിയ പരാതിയില്‍ ഇലക്ഷന് കമ്മീഷന് കഴിഞ്ഞ ദിവസം നോട്ടീസ് നല്കി. മുസ്സാഫര്‍ നഗര്‍ കലാപത്തിനിരയായവരെ പാകിസ്ഥാന് ഐഎസ്ഐ സ്വാധീനിക്കുന്നതായും ഉത്തര്‍പ്രദേശില്‍ ബിജെപി സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായും രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപി ഏതാനം ദിവസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയത്.
കഴിഞ്ഞയാഴ്ച്ച രാജസ്ഥാനിലും മധ്യപ്രദേശിലും രാഹുല്‍ പങ്കെടുത്ത റാലിയില്‍ നിയമലംഘനം നടന്നതായി പ്രഥമദൃഷ്ടിയാല്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന് നോട്ടീസ് നല്‍കിയത്. ഒക്ടോബര്‍23 ന് രാജസ്ഥാനിലും ഒക്ടോബര്‍ 24ന് മധ്യപ്രദേശിലും രാഹുല്‍ ഗാന്ധി നടത്തിയ റാലിയിലെ പ്രസംഗത്തിന്റെ പൂര്‍ണ രൂപത്തിലുള്ള സിഡി തെരഞ്ഞെടുപ്പ് കമ്മീഷന് സൂഷ്മപരിശോധനക്ക് വിധേയമാക്കിയിരിക്കുകയാണ്.
ഒരു പ്രത്യേക ദൂതന് വഴി രാഹുല്‍ ഗാന്ധിക്ക് ഇലക്ഷന് കമ്മീഷന് നോട്ടീസ് കൈമാറിയത്.
നിശ്ചിത സമയത്തിനുള്ളില്‍ കത്തിന് മറുപടി ലഭിച്ചില്ലെങ്കില്‍ ഉചിതമായ നടപടികളെടുക്കാന്‍ കമ്മീഷന് നിര്‍ബന്ധിതമാകുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു. മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളോ, പ്രസ്താവനകളെ വളച്ചൊടിക്കലോ കഴമ്പില്ലാത്ത ആരോപണം ഉന്നയിക്കുവാനോ പാടില്ലെന്ന് തെരഞ്ഞെടുപ്പ് ചട്ടത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് റാലികളില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന രാഹുലിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണ്. അതിനാല്‍ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കണമെന്നും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ ”കൈ” മരവിപ്പിക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വര്‍ഗീയ വിദ്വേഷം സൃഷ്ടിച്ച് വോട്ട് നേടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ബിജെപി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: