ന്യൂയോര്‍ക്ക്: അമേരിക്കയും യൂറോപ്യന്‍ ശക്തികളും തമ്മിലെ നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍വീഴ്ത്തുന്ന ചാരവൃത്തി റിപ്പോര്‍ട്ടുകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കെ, ദേശീയ സുരക്ഷാ ഏജന്‍സിയുടെ (എന്‍എസ്എ) പ്രവൃത്തികള്‍ ചിലപ്പോഴൊക്കെ അതിരുവിട്ടതായി യുഎസ് സ്റ്റേറ്റ്സ് സെക്രട്ടറി ജോണ്‍ കെറിയുടെ കുറ്റസമ്മതം.
ചിലപ്പോഴക്കെ അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയായ എന്‍എസ്എയുടെ ചാരപ്രവര്‍ത്തനം ചിലപ്പോള്‍ അതിരുകള്‍ ലംഘിച്ചിരിക്കാം. ചിലയിടങ്ങളില്‍ അനുചിതമായതു സംഭവിച്ചിരിക്കാം. എങ്കിലും 700 ലക്ഷത്തോളം വ്യക്തിവിവരങ്ങളും ആശയവിനിമയങ്ങളും ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ല. അതു പെരുപ്പിച്ചുകാട്ടലാണ്, കെറി പറഞ്ഞു.
വിമാനങ്ങളെ അപകടത്തില്‍ നിന്നും കെട്ടിടങ്ങളെ സ്ഫോടനങ്ങളില്‍ നിന്നും സാധാരണക്കാരെ മരണത്തില്‍ നിന്നു#ം രക്ഷിക്കുകയാണ് അമേരിക്ക യഥാര്‍ത്ഥത്തില്‍ ചെയ്തത്. ഭീകരരുടെ പദ്ധതികള്‍ കൃത്യമസമയത്ത് മനസിലാക്കിയതിനാലാണ് അതിനു സാധിച്ചത്. സാധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങളെ എന്‍എസ്എ പദ്ധതികള്‍ ഘനിച്ചിട്ടില്ല. ഭാവിയിലും അങ്ങനെ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കെറി കൂട്ടിച്ചേര്‍ത്തു. അതിനിടെ, ചൈന, ഇന്തോനേഷ്യ, സിംഗപ്പൂര്‍, തായ്ലാന്റ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ ചാരപ്രവര്‍ത്തനത്തിന് ഏഷ്യയിലെ ഓസ്ട്രേലിയന്‍ എംബസികളെ ഉപയോഗിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നു.
സ്റ്റേറ്റര്റും എന്ന പേരിലെ സിഗ്നല്‍ ചോര്‍ത്തല്‍ പദ്ധതി പ്രകാരം റേഡിയൊ -ടെലിഫോണ്‍ തുടങ്ങിയ വാര്‍ത്താ വിനമയ സംവിധാനങ്ങളില്‍ തടസം സൃഷ്ടിക്കല്‍, ഇന്റര്‍നെറ്റ് വിവരചോരണം എന്നിവയാണ് അമേരിക്ക ലക്ഷ്യമിട്ടത്. ജക്കാര്‍ത്ത, ബാങ്കോക്ക്, ക്വാലാലംപൂര്‍, ബീജിങ്, ഹാനോയ് എന്നിവടങ്ങളിലെ ഓസ്ട്രേലിയന്‍ എംബസികളെ കേന്ദ്രീകരിച്ചായിരുന്നത്. ഓസ്ട്രേലിയുടേതിനു പുറമെ ബ്രിട്ടന്, ക്യാനഡ എന്നിവയുടെ നയതന്ത്ര സംവിധാനങ്ങളെയും യുഎസ് ദുരുപയോഗം ചെയ്തെന്ന് സിഡ്നി മോണിങ് ഹെറാള്‍ഡിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. എഡ്വേഡ് സ്നോഡന്റെ രേഖകളെ അധീകരിച്ചുള്ള ഹെറാള്‍ഡ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഓസ്ട്രേലിയന്‍ അംബാസഡറെ വിളിച്ചുവരുത്തിയ ഇന്തോനേഷ്യ വിശദീകരണം ആവശ്യപ്പെട്ടു. വിഷയത്തില്‍ ചൈനയും അമേരിക്കയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.
അതേസമയം, സുരക്ഷയുടെ പേരില്‍ എന്‍എസ്എ നടത്തുന്ന ചാരവൃത്തികള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ബില്ലിനെ അനുകൂലിച്ച് ഇന്റര്‍നെറ്റ് സാങ്കേതിക രംഗത്തെ വമ്പന്‍ അമേരിക്കന്‍ കമ്പനികളായ ഗൂഗിള്‍, യാഹൂ, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ആപ്പിള്‍, എഒഎല്‍ എന്നിവര്‍ രംഗത്തെത്തി. നിലപാട് വ്യക്തമാക്കി കമ്പനികള്‍ യുഎസ് സെനറ്റ് അംഗങ്ങള്‍ക്ക് കത്തെഴുതി. വന്‍തോതില്‍ ടെലഫോണ്‍ റെക്കോഡുകള്‍ ശേഖരിക്കുന്നതടക്കുള്ള കാര്യങ്ങള്‍ തടയുക ലക്ഷ്യമിട്ട് മൂന്ന് ജനപ്രതിനിധികളാണ് ബില്‍ മുന്നില്‍വച്ചിരിക്കുന്നത്. വിവരചോരണം സംബന്ധിച്ച സമീപകാല വാര്‍ത്തകള്‍ എല്ലാ രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തിയെന്നും നയപരമായ തീരുമാനങ്ങളെടുക്കുന്നതിലെ ആശയക്കുഴപ്പം ലോകത്തെ ഗ്രസിച്ചു കഴിഞ്ഞതായും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: