ന്യൂദല്‍ഹി: എന്‍ഐഎയുടെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട പാട്ന സ്ഫോടനക്കേസിലെ പ്രതി പിടിയിലായി. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരനായ മെഹ്റാര് ആലം ആണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ പിടിയില്‍നിന്ന് രക്ഷപ്പെട്ടത്. വസ്ത്രങ്ങള്‍ അലക്കാനെന്ന വ്യാജേന കുളിമുറിയിലേക്ക് പോയാണ് ഇയാള്‍ രക്ഷപ്പെട്ടത്. അന്വേഷണം ഏറ്റെടുത്ത് ഒരു ദിവസം മാത്രം പിന്നിട്ടപ്പോഴേക്കും പാട്ന സ്ഫോടനക്കേസിലെ പ്രതി രക്ഷപ്പെടാനിടയായത് പല സംശയങ്ങളും ഉയര്‍ത്തിയിട്ടുണ്ട്.
ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദി പങ്കെടുത്ത ഹുങ്കാര്‍ റാലി നടക്കുന്നതിന് തൊട്ടുമുമ്പാണ് വേദിക്കരികില്‍ ബോംബ്സ്ഫോടന പരമ്പര നടന്നത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ദര്ബംഗയില്നിന്നാണ് ആലം പിടിയിലായത്. സ്ഫോടനത്തിന് പിന്നിലുള്ള ഗൂഢപദ്ധതിയെക്കുറിച്ചും പിടികിട്ടാപ്പുള്ളികളായ രണ്ട് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഇയാള്‍ ചോദ്യംചെയ്യലില്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. പാട്ന സ്ഫോടനത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് തെഹ്സിന് അക്തറിന്റെ വലംകയ്യായാണ് ആലം അറിയപ്പെടുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സ്ഫോടനക്കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും തമ്മില്‍ നടന്ന കൂടിക്കാഴ്ചക്കുശേഷമാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതായി പ്രഖ്യാപനമുണ്ടായത്. അന്വേഷണം തിടുക്കത്തില്‍ എന്‍ഐഎ ഏറ്റെടുത്തതില്‍ ചില കേന്ദ്രങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കേന്ദ്രസര്‍ക്കാരും മുഖ്യമന്ത്രി നിതീഷ്കുമാറും തമ്മിലുള്ള ധാരണയാണ് ഇതിന് പിന്നിലുള്ളതെന്ന സംശയവും ഉയര്‍ന്നിരുന്നു. എന്‍ഐഎ അന്വേഷണം ഏറ്റെടുത്തതിന്റെ അടുത്ത ദിവസംതന്നെ കേസിലെ മുഖ്യപ്രതി രക്ഷപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്‍ഐഎയുടെ കസ്റ്റഡിയില്‍നിന്ന് സ്ഫോടനക്കേസിലെ പ്രതി രക്ഷപ്പെടാനിടയായത് ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. പ്രതി രക്ഷപ്പെട്ടതോ രക്ഷപ്പെടാന്‍ അനുവദിച്ചതാണോ എന്ന കാര്യം അന്വേഷിക്കണമെന്ന് പാര്‍ട്ടി വക്താവ് ഷാനവാസ് ഹുസൈന് ആവശ്യപ്പെട്ടു.
ഇതിനിടെ, സ്ഫോടനക്കേസിലെ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഒരാള്‍ ദല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി കരുതപ്പെടുന്ന ഉജ്ജയര് അഹമ്മദിന്റെ ബന്ധുവായ മുഹമ്മദ് അഫ്സലാണ് പിടിയിലായത്. രഹസ്യാന്വേഷണ ഏജന്‍സി നല്കിയ വിവരമനുസരിച്ചാണ് ഇയാള്‍ കുടുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: