കോട്ടയം: ഒട്ടേറെ ഗുരുതരമായ ആക്ഷേപങ്ങള്‍ക്ക് വിധേയനായ ടോമിന് തച്ചങ്കരി ഐജിയെ കുറ്റവിമുക്തനാക്കി എഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം അധമശക്തികളാണ് ഇന്ന് കേരളത്തില്‍ പോലീസ് ഭരണം നിയന്ത്രിക്കാന്‍ പോകുന്നതെന്നതിന്റെ വ്യക്തമായ തെളിവാണെന്ന് ഗവ. ചീഫ് വിപ്പ് പി. സി. ജോര്‍ജ്ജ് ആരോപിച്ചു.
ചട്ടം ലംഘിച്ച് വിദേശയാത്ര നടത്തിയെന്ന കേസില്‍ ശിക്ഷ നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളി കളഞ്ഞുകൊണ്ടാണ് ടോമിന് തച്ചങ്കരിയെന്ന കളങ്കിതനായ ഉദ്യോഗസ്ഥന് പോലീസിലെ ഏറ്റവും ഉന്നത തസ്തികയായ എഡിജിപി സ്ഥാനം നല്‍കിയതെന്നത് ഗുരുതരമായ കാര്യമാണ്. ടോമിന് തച്ചങ്കരിയെക്കുറിച്ച് താന്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ടോമിന് തച്ചങ്കരിയെ സസ്പെന്റ് ചെയ്തത്. ടോമിന് തച്ചങ്കരിക്ക് ഗള്‍ഫില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെന്നും ഈ ഉദ്യോഗസ്ഥന് അനുവാദമില്ലാതെ വിദേശയാത്ര നടത്തിയെന്നുമുള്ളതിന്റെ വിശദമായ വിവരങ്ങള്‍ പരാതിയില്‍ ഉണ്ടായിരുന്നു. പരാതി സംബന്ധിച്ച് ഇതുവരെ ആരും തന്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു.
പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്താതെ എങ്ങനെയാണ് ടോമിന് തച്ചങ്കരിയെ സര്‍ക്കാര്‍ കുറ്റ വിമുക്തമാക്കിയതെന്ന് വ്യക്തമാക്കണം. ഒട്ടേറെ ഗുരുതരമായ ആക്ഷേപങ്ങള്‍ക്ക് വിധേയനായ ഈ പൊലിസ് ഉദ്യോഗസ്ഥന് എഡിജിപി തസ്തികയില്‍ എത്തി നിയമപാലനം ഏറ്റെടുത്ത് നടത്താന്‍ തുടങ്ങിയാല്‍ സാധാരണ പൗരന്മാരുടെ സുരക്ഷിതത്വം എങ്ങനെയാണ് ഉറപ്പാക്കാനാവുക. അതുകൊണ്ട് തിരിച്ചെടുത്ത നടപടി ഉടനടി പിന്‍വലിക്കണമെന്നും, അതിന് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ പരാതിക്കാരന്റെ മൊഴിയെടുക്കാതെ ടോമിന് തച്ചങ്കരിയെ കുറ്റവിമുക്തമാക്കിയ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതനാകുമെന്നും ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: