മലപ്പുറം: ഇടതുപക്ഷം തെരഞ്ഞെടുപ്പിലെ അജണ്ടമാറ്റി കോണ്‍ഗ്രസിനെ സഹായിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ എക്സിക്യൂട്ടീവ് മെമ്പര്‍ ശോഭാസുരേന്ദ്രന് പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തെ യു പി എ ഭരണത്തിന് കീഴില്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി നടത്തുകയും രാജ്യത്തെ വിപണി വിദേശരാജ്യങ്ങള്‍ക്ക് തുറന്നുകൊടുത്ത് സമ്പദ്വ്യവസ്ഥ തകര്‍ക്കുകയും രാജ്യസുരക്ഷാരംഗത്ത് ഗുരുതരമായ വീഴ്ച വരുത്തുകയും ചൈനയും പാക്കിസ്ഥാനും അതിര്‍ത്തി ലംഘിക്കുകയും ചെയ്തിരിക്കുകയാണ്.
പാക്കിസ്ഥാന് ഇന്ത്യന്‍ പട്ടാളത്തെ നിരന്തരം കൊലചെയ്യുന്നതും രാജ്യത്ത് വളര്‍ന്നുവരുന്ന ഭീകരവാദവും രൂക്ഷമായ വിലക്കയറ്റവും പ്രധാനമന്ത്രി ഉള്‍പ്പെടെ അഴിമതി ആരോപണവിധേയമായതും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ രാജ്യത്ത് ചര്‍ച്ചയാകാതിരിക്കാന്‍ രാജ്യത്തെ പ്രധാനപ്രശ്നം വര്ഗ്ഗീയതമാത്രമാണെന്നുയര്ത്തിക്കാട്ടി തെരഞ്ഞെടുപ്പ് അജണ്ട മാറ്റാനുള്ള ഇടതുപക്ഷ സംഘടനകളുടെ ഹിഡന്‍ അജണ്ടയാണ് അവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന കണ്‍വെന്‍ഷനെന്ന് ശോഭാസുരേന്ദ്രന് പറഞ്ഞു.
അധികാരത്തില്‍ വന്ന് കഴിഞ്ഞ 18 മാസത്തിനുള്ളില്‍ ഉത്തര്‍പ്രദേശില്‍ മാത്രം നൂറിലധികം വര്‍ഗ്ഗീയ കലാപങ്ങളും 500ല്‍ അധികം കൊലപാതകങ്ങളും നടക്കുകയും ഗവര്‍ണര്‍ പോലും യു പി സര്‍ക്കാറിനെതിരെ കേന്ദ്രഗവണ്മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്ത ദുര്‍ഭരണത്തിന് നേതൃത്വം നല്കുന്ന കക്ഷിയുടെ നേതാവായ മുലായംസിംഗ് യാദവിനെ വേദിയിലിരുത്തി വര്‍ഗ്ഗീയതക്കെതിരെ പ്രമേയം പാസാക്കിയ കണ്വെന്ഷന് നിലപാട് പരിഹാസ്യമാണ്.
മൂന്നാംമുന്നണി ചാപിള്ളയാണെന്ന് പ്രഥമകണ്വെന്ഷന് തന്നെ തെളിയിച്ചിരിക്കുകയാണ്. നാല് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കേണ്ട യോഗത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി മാത്രം പങ്കെടുത്തത് ഇതിനുദാഹരണമാണ്. രാജ്യത്ത് പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ രാഷ്ട്രീയ സമവാക്യങ്ങളില്‍ കാതലായ മാറ്റം വരും. ഇടതുകണ്‍വെന്‍ഷനില്‍ പങ്കെടുത്ത കക്ഷികളില്‍ പലരും എന്‍ ഡി എ സഖ്യത്തിലേക്ക് വരുമെന്നും ഇടതുപക്ഷത്തിന്റേത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കുമെന്നും ശോഭാസുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: