കണ്ണൂര്‍: 20 പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത ചാല ടാങ്കര്‍ ദുരന്തത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ കുറ്റവിമുക്തമാക്കി ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട് അപകടത്തില്‍പ്പെട്ടവരുടെ കുടുമബങ്ങളുടെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയായും വെല്ലുവിളിയുമായി മാറി. 2012 ആഗസ്ത് 27 നാണ് ഒട്ടേറെ നാശനഷ്ടങ്ങള്‍ക്കും 20 പേരുടെ ജീവനാശത്തിനും ഇടയാക്കിയ ടാങ്കര്‍ ദുരന്തം ഉണ്ടായത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സന്തോഷ് കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം എസ്പിക്ക് സമര്‍പ്പിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനെ കുറ്റവിമുക്തമാക്കിയ റിപ്പോര്‍ട്ടില്‍ അശ്രദ്ധയോടെ വാഹനമോടിച്ച ഡ്രൈവര്‍ കണ്ണയ്യനും ടാങ്കര്‍ ഉടമ കണ്മണിയും മാത്രമാണ് കുറ്റക്കാര്‍.
പാചകവാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിക്കുകയും തുടര്‍ന്ന് ടാങ്ക് തുറന്ന് വാള്വുകളിലേക്ക് ഗ്യാസ് ചോരുകയും ടാങ്കര്‍ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവര്‍ക്കെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഗ്യാസ് കൊണ്ടുപോകുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്തം കരാറെടുത്തയാള്ക്കാണെന്ന് കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും കരാറുകാരന്റെ കടമയാണിതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വാതക ചോര്‍ച്ചയെ തുടര്‍ന്ന് എവിടെ നിന്നോ ഉയര്‍ന്ന തീയാണ് അപകടം ഭീകരമാകാന് കാരണമെന്ന് പറയുന്ന റിപ്പോര്‍ട്ട് സ്വാഭാവികമായ ഒരു അപകടമെന്ന് ലഘൂകരിച്ചാണ് അപകടത്തെ വിലയിരുത്തിയിരിക്കുന്നത്.
അപകടം നടന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മുതല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്ന ഐഒസിക്ക് സഹായകരമായ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഇത് ഐഒസിയില്‍ നിന്ന് ജോലി ഉള്‍പ്പെടെ പ്രതീക്ഷിച്ചു കഴിയുന്ന അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളെ ദുഖത്തിലാക്കിയിരിക്കുകയാണ്. ഐഒസിയും സര്‍ക്കാറും തമ്മിലുള്ള ഒത്തുകളിയാണ് റിപ്പോര്‍ട്ട് എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അപകടത്തിന്റെ ഉത്തരവാദിത്തമില്ലാത്തതിനാല്‍ നഷ്ടപരിഹാരം നല്കാന് ആവില്ലെന്നായിരുന്നു ആദ്യം മുതല്‍ തന്നെ ഐഒസിയുടെ നിലപാട്. പുതിയ റിപ്പോര്‍ട്ടോടെ ഐഒസി അധികൃതര്‍ പൂര്‍ണമായും കേസില്‍ നിന്ന് രക്ഷപ്പെട്ട സ്ഥിതിയാണ്. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ഐഒസി ജോലി നല്‍കണമെന്നും സഹായം നല്‍കണമെന്നും ഇതു വാങ്ങി നല്കാന് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുമെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചാലയിലെത്തി പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഇതെല്ലാം അസ്ഥാനത്തായിരിക്കുകയാണ്.
ദുരന്തത്തെ ആദ്യം മുതല്‍തന്നെ ഗൗരവമായി കണക്കിലെടുക്കാതെ ഐഒസി ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിക്കാന്‍ പോലും തയ്യാറാവുകയോ അപകടം സംബന്ധിച്ച് അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. നഷ്ടപരിഹാരം അനുവദിക്കണമെങ്കില്‍ കൂടുതല്‍ മതിയായ രേഖകള്‍ ഹാജരാക്കണമെന്ന് ഐഒസി സര്‍ക്കാറിനോടാവശ്യപ്പെട്ടത് സംശയമുയര്‍ത്തിയിരുന്നു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നല്കിയ സഹായങ്ങളെക്കുറിച്ചും പരാതിയുണ്ടായിരുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ചികിത്സാച്ചെലവും നാമമാത്രമായ തുകയും മാത്രമാന് സര്‍ക്കാര്‍ നല്‍കിയത്. അപകടം നടന്ന് ഒരു വര്‍ഷവും രണ്ട് മാസവും പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കുകയോ പരിക്കേറ്റവര്‍ക്ക് തുടര്‍ ചികിത്സാ സഹായം നല്‍കുകയോ ഒന്നും ചെയ്യാന്‍ തയ്യാറാകാത്ത അധികൃതരുടെ നടപടിയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കെ കഴിഞ്ഞദിവസം പുറത്തുവന്ന പ്രസ്തുത അന്വേഷണ റിപ്പോര്‍ട്ട് അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും ഇടയില്‍ കടുത്ത രോഷത്തിന് കാരണമായിട്ടുണ്ട്. ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും വിവിധ സംഘടനകളും.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: