അടൂര്‍: രാഷ്ട്രത്തിന്റെ അടിസ്ഥാന സ്വഭാവത്തിലുണ്ടായ മാറ്റമാണ് എല്ലാ അധ:പതനത്തിനും കാരണമെന്ന് വിശ്വഹിന്ദു പരിഷത്ത് അഖില ഭാരതീയ മുഖ്യ മാര്‍ഗ്ഗദര്‍ശി അശോക് സിംഗള്‍ പറഞ്ഞു. ഭരണത്തിലും പൊതു ജീവിതത്തിലും ഉണ്ടായിരുന്ന സംശുദ്ധത നഷ്ടപ്പെട്ടു തുടങ്ങി. അതില്‍ ഭാരതത്തിലെ എല്ലാ മഹാത്മാക്കളും സന്ന്യാസിശ്രേഷ്ടരും ദുഖിതരാണെന്ന് അടൂര്‍ സ്വാമി വിവേകാനന്ദ ബാലാശ്രമത്തിന്റെ പുതിയ മന്ദിരം സമര്‍പ്പണ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിനു വര്‍ഷങ്ങള്‍ തപസ്സുചെയ്തു നേടിയെടുത്ത സദാചാര വ്യവസ്ഥയും സാംസ്കാരിക മൂല്യങ്ങളുമാണ് നഷ്ടമായിരിക്കുന്നത്. ഇന്ന് ഭാരതത്തില്‍ ഹിന്ദുക്കള്‍ വളരെയധികം അവഗണനയും അപമാനവും സഹിച്ചാണ് ജീവിക്കുന്നത്. ഭഗവാന് ശ്രീരാമന്റെ ജന്മസ്ഥാനത്തെ ഭവ്യക്ഷേത്രം പൊളിച്ച് ബാബര്‍ പണിത കെട്ടിടം മസ്ജിദ് ആണെന്നു പറഞ്ഞ് ഹിന്ദുക്കളെ വര്‍ഷങ്ങളായി അപമാനിക്കുകയായിരുന്നു. നീണ്ട വര്‍ഷങ്ങളിലെ നിയമപോരാട്ടത്തിലൂടെ മാത്രമാണ് അവിടെയുണ്ടായിരുന്നത് മസ്ജിദ് അല്ലാ എന്ന് കോടതിയില്‍ നിന്നും വിധിയുണ്ടായത്. പവിത്രമായ രാമക്ഷേത്രം അവിടെ പുനര്‍ നിര്‍മ്മിക്കുവാന്‍ സാധിക്കാത്തത് ഹൈന്ദവ സമൂഹം സഹിക്കുന്ന അപമാനമാണ്. ഗോവധം, ഗംഗാമാതാവിനെ മലിനപ്പെടുത്തല്‍ എന്നിവയെല്ലാം ഹിന്ദു സഹിക്കേണ്ടി വരുന്നു. ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ മാത്രം സര്‍ക്കാര്‍ കയ്യടക്കി വച്ചിരിക്കുകയാണ്. വിദേശ മിഷണറിമാര്‍ പല രീതിയില്‍ ഹിന്ദുക്കളെ മതംമാറ്റാന്‍ ശ്രമിക്കുന്നു. ലോകത്ത് എല്ലാ രാജ്യത്തും ഏകീകൃത വ്യക്തി നിയമം നിലവിലുള്ളപ്പോള്‍ ഭാരതത്തില്‍ പല നിയമങ്ങളാണുള്ളത്.
ബംഗ്ലാദേശിലെ ഇസ്ലാമിക സര്‍ക്കാര്‍ ഹിന്ദുവിന്റെ വീടുകള്‍ കൊള്ളയടിക്കുന്നു. അവരെ നിര്‍ബ്ബന്ധിച്ച് മതംമാറ്റുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു. ബുദ്ധവിഹാരങ്ങളും അവിടെ തകര്‍ക്കപ്പെടുകയാണ്. ഹിന്ദുക്കളെ സംഘടിപ്പിച്ചുകൊണ്ടു മാത്രമെ ഇതൊക്കെ നേരിടുവാന്‍ കഴിയൂ.
കേരളത്തിലും സ്ഥിതി ഭിന്നമല്ല. നമ്മുടെ മതവും സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കേണ്ടത് നമ്മളാണ്. രാമക്ഷേത്രം പണിയുന്നതിനു മാത്രമല്ല മുഴുവന്‍ ഹിന്ദുവിനെയും സംഘടിപ്പിക്കുന്നതിനാണ് രാമജന്മഭൂമി പ്രസ്ഥാനം. അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രം പണിയുവാന്‍ പാര്‍ലമെന്റില്‍ നിയമം പാസ്സാക്കണമെന്ന് ഇക്കഴിഞ്ഞ കുംഭമേളയില്‍ സന്യാസിമാര്‍ തീരുമാനിച്ചെങ്കിലും അതിനു സാധിക്കാത്തത് പാര്‍ലമെന്റില്‍ രാമഭക്തര്‍ക്കു ഭൂരിപക്ഷമില്ലാത്തതു കൊണ്ടാണ്. അതിനെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കണം.
ബാലാശ്രമം തുടര്‍ന്നു വരുന്ന പാരമ്പര്യം സംസ്കാരത്തിന്റെ ഭാഗമായി നാട്ടില്‍ തലമുറകളായി നിലനിന്നു വരുന്നതാണ്. വിദ്യാഭ്യാസം വ്യവസായവല്‍ക്കരിക്കപ്പെട്ട ഇന്നത്തെ കാലഘട്ടത്തില്‍ സമാജത്തിന്റെ സഹായത്തോടെ വിദ്യാഭ്യാസത്തിന്റെ മൂല്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. 1835ല്‍ ഭാരതത്തിലുടനീളം യാത്ര ചെയ്തിട്ടും കള്ളം പറയുന്ന ഒരാളെപ്പോലും കണ്ടെത്താനായില്ലെന്നും സത്യസന്ധമായി മാത്രം ജീവിക്കുന്ന ജനങ്ങളെ മാത്രമാണ് കാണാന്‍ കഴിഞ്ഞതെന്നും മെക്കാളെ പ്രഭു പറഞ്ഞത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പവിത്രതയാണ് കാട്ടിത്തരുന്നത്. അച്ഛനമ്മമാരെയും ഗുരുക്കന്മാരെയും ദൈവതുല്യരായി കണ്ടിരുന്ന സാംസ്കാരിക പാരമ്പര്യം തകര്‍ക്കുവാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിച്ചതും അതുകൊണ്ടാണ്.
ഇതു മുന്നില്‍ക്കണ്ടുകൊണ്ട് നഷ്ടപ്പെട്ടു പോയ സംശുദ്ധത തിരികെ കൊണ്ടുവരുവാനാണ് ഹെഡ്ഗേവര്ജി ആര്‍എസ്എസിന് തുടക്കമിട്ടത്. ഇന്ന് ഇതില്‍ക്കൂടി സമാജത്തിനായി സമര്‍പ്പിതരായ ലക്ഷക്കണക്കിനു കാര്യകര്‍ത്താക്കളാണ് ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ജസ്റ്റിസ് എം. രാമചന്ദ്രന് യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. ആലുവ അദ്വൈതാശ്രമാധിപതി സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹപ്രഭാഷണവും ആര്‍എസ്എസ് അഖില ഭാരതീയ സഹ പ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണവും ബാലാശ്രമം പ്രസിഡന്റ് ഡോ. കുളങ്ങര രാമചന്ദ്രന് നായര്‍ ആമുഖപ്രഭാഷണവും നടത്തി. ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡംഗം ഫാ. ഡോ. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ, വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ കെ.വി. മദനന്, ജോ. സെക്രട്ടറി കാശി വിശ്വനാഥന്, സംസ്ഥാന സെക്രട്ടറി വി. മോഹനന്, ട്രഷറര്‍ കെ.പി. നാരായണന്, വൈസ് പ്രസിഡന്റ് ഡോ. കെ.പി. മല്ലിക, ജില്ലാ പ്രസിഡന്റ് കെ.കെ. ഗോപാലകൃഷ്ണന്, ആര്‍എസ്എസ് ജില്ലാ സംഘചാലക് അഡ്വ. പി.കെ. രാമചന്ദ്രന്, ബിജെപി ജില്ലാ പ്രസിഡന്റ് ടി.ആര്. അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ബാലാശ്രമം സെക്രട്ടറി ശശിധരന്‍പിള്ള റിപ്പോര്‍ട്ടും ട്രഷറര്‍ കോമളവല്ലി എ. പിള്ള കണക്കും അവതരിപ്പിച്ചു. ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്മകുമാരി ഉഷയും വിവിധ സംഘടനകളുടെയും ആശ്രമങ്ങളുടെയും പ്രതിനിധികളും സിംഗള്ജിക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. രാവിലെ 9 മണിക്ക് ബാലാശ്രമത്തിലെത്തിയ അശോക് സിംഗളിനെയും സ്വാമി ശിവസ്വരൂപാനന്ദയെയും അര്‍ച്ചിത് പുരോഹിത് സംസ്ഥാന പ്രസിഡന്റ് എം.കെ. അരവിന്ദന് പൂര്‍ണ്ണകുംഭം നല്കി സ്വീകരിച്ചാണ് സമ്മേളന വേദിയിലേക്ക് ആനയിച്ചത്. ബാലാശ്രമത്തിലെ ഗൃഹപ്രവേശവും അശോക് സിംഗള്‍ നിലവിളക്കു കൊളുത്തി നിര്‍വ്വഹിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: