കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ കണ്ണൂരില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 20 സിപിഎമ്മുകാരെ കൂടി ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ 23 പേര് അറസ്റ്റിലാവുകയും കോടതി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത ചിലരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയില്‍ ഹാജരാക്കുകയും കോടതി ഇവരെ റിമാന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എടുത്ത ഫോട്ടോയും വീഡിയോ ക്ലിപ്പിംഗുകളും ഉപയോഗിച്ചാണ് പ്രതികളുടെ അറസ്റ്റ് നടത്തുന്നത്.
സിപിഎം വളക്കൈ ലോക്കല്‍ കമ്മറ്റി അംഗം പി.പി.ഗോപിനാഥ്, ഉളിക്കല്‍ സ്വദേശി അനീഷ് (26), സിപിഎം മേച്ചേരി ബ്രാഞ്ച് കമ്മറ്റി അംഗം രാഹുല്‍, മുല്ലക്കൊടിയിലെ കല്ലേന്‍ സോമന്, പാച്ചപ്പൊയ്കയിലെ സി. ഹരീന്ദ്രന്‍ (39), ഓലായിക്കരയിലെ കെ.കെ.പ്രേമന് (49), കൂത്തുപറമ്പിലെ പി.പി. രജീഷ്ബാബു (37) എന്നിവരുള്‍പ്പെടെയുള്ളവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
അതേസമയം അക്രമവുമായി ബന്ധപ്പെട്ട് കേസന്വേഷിക്കാന്‍ ഐജി സുരേഷ്രാജ് പുരോഹിതിന്റെ നിര്‍ദ്ദേശപ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചു. തളിപ്പറമ്പ് ഡിവൈഎസ്പി പി.കെ. സുദര്‍ശനാണ് അന്വേഷണ സംഘത്തലവന്. പ്രതികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരായതിനാല്‍ വ്യത്യസ്ത മേഖലകളിലുള്ള പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. ഇരിട്ടി ഡിവൈഎസ്പി പി. പ്രദീപ്കുമാര്‍, സിഐമാരായ കെ. വിനോദ്കുമാര്‍, ജോഷി ജോസ്, ജയന് ഡൊമനിക്, അബ്ദുള്‍ റഹിം, കെ.വി. വേണുഗോപാല്‍ എന്നിവര്‍ സംഘത്തിലുണ്ട്. കൂടാതെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ദാമോദരന്‍, കെ. ശശി, ടി. ദിനേശ്, എം.പി. പീതാംബരന്, ഇ.പി. യോഗേഷ്, കെ.കെ. ദീപക്കുമാര്‍, കെ. രാജീവന്, എം. മനോജ്കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. അന്വേഷണ സംഘാംഗങ്ങള്‍ പ്രത്യേക സ്ക്വാഡുകളായാണ് പ്രവര്‍ത്തിക്കുക.
ഇതുവരെ കേസന്വേഷിച്ചുവന്നത് ടൗണ്‍ സിഐ കെ. വിനോദ്കുമാറായിരുന്നു. എത്രയും പെട്ടെന്ന് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യാന്‍ ഐജി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം അറസ്റ്റ് സംബന്ധിച്ച് വിവരം ചോര്‍ത്തിയതിന് കെഎപിയിലെ പ്രിയേഷ് എന്ന പോലീസുകാരനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: