പാറ്റ്ന: പാറ്റ്ന സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്ത്തകന് തഹ്സീന് അക്തറിന് ജനതാദള്‍ യു ബന്ധം. ബിജെപി സംസ്ഥാന നേതാക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യന്‍ മുജാഹിദ്ദീന്റെ നേതൃനിരയില്‍ രണ്ടാമനായറിയപ്പെടുന്ന അക്തറിന്റെ അമ്മാവന് താക്കി അക്തര്‍ ജനതാദള്‍ യുവിന്റെ സമസ്തിപ്പൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. ജനതാദള്‍ നേതൃത്വവുമായുള്ള അടുപ്പം ഉപയോഗപ്പെടുത്തി കേസ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണ് ഇയാള്‍ നടത്തുന്നതെന്ന് ബിജെപി നേതാക്കളായ ഗിരിരാജ് സിംഗ്, രാമേശ്വര്‍ ചൗരസ്യ എന്നിവര്‍ പറഞ്ഞു.
കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അതിനിടെ സ്ഫോടനം നടന്ന ഗാന്ധി മൈതാനിയില്‍ നിന്ന് അഞ്ച് ബോംബുകള്‍ കൂടി കണ്ടെടുത്തു. ബുധനാഴ്ച ഇവിടെ മറ്റൊരു രാഷ്ട്രീയ സമ്മേളനം നടക്കാനിരിക്കുകയായിരുന്നു. അതിനു മുന്നോടിയായി നടത്തിയ തെരച്ചിലിലാണ് ബോംബുകള്‍ കണ്ടെടുത്തത്. ഞായറാഴ്ചത്തെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെക്കൂടി പോലീസ് അറസ്റ്റു ചെയ്തു.
നേരത്തെ പിടിയിലായ ഇംതിയാസ് അന്‍സാരിയില്‍ നിന്ന് കിട്ടിയ വിവരത്തെതുടര്‍ന്ന് ബീഹാറിലെ മോത്തിഹാരിയില്‍ നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. ബീഹാറിലെ ജഹാനാബാദിലും യുപിയിലെ മാവു ജില്ലയിലും തെരച്ചിലുകള്‍ നടക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബീഹാര്‍ -ജാര്‍ഖണ്ഡ് പോലീസും എന്‍ ഐ എയും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
ഇതിനിടെ, കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎക്ക് കൈമാറി.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറുമായി മുപ്പത് മിനിറ്റ് നേരം ദല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തിയശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ഫോടനമുണ്ടായതിനെക്കുറിച്ച് ഷിന്‍ഡെയുമായി ചര്‍ച്ച നടത്തിയെന്നും ഭീകരരെ നേരിടാന്‍ സംസ്ഥാനത്ത് കൂടുതല്‍ സജ്ജീകരണങ്ങള്‍ ആവശ്യമാണെന്ന് മന്ത്രിയെ ധരിപ്പിച്ചതായും നിതീഷ്കുമാര്‍ പറഞ്ഞു.
സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാരിന് കേന്ദ്രത്തില്‍നിന്ന് മുന്നറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് നിതീഷ് അവകാശപ്പെട്ടു. സ്ഫോടനത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളിലൊരാളെ പാട്ന റെയില്‍വേസ്റ്റേഷനില്‍നിന്ന് പിടികൂടുകയുണ്ടായെന്നും നിതീഷ് പറഞ്ഞു. ഇയാളെ ചോദ്യംചെയ്തതില്‍നിന്ന് നിരവധി വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭീകരപ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് സംസ്ഥാനസര്‍ക്കാര്‍ കേസന്വേഷണം എന്‍ഐഎക്ക് കൈമാറിയതെന്നും നിതീഷ് പറഞ്ഞു.അതേസമയം, കേസ് എന്‍ഐഎക്ക് കൈമാറിയതിന് പിന്നില്‍ അന്വേഷണത്തില്‍ ഇടപെടാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും കോണ്‍ഗ്രസിന്റെയും തന്ത്രമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: