കൊച്ചി: വലിയ സാമ്പത്തികഭാരം ഉണ്ടാക്കുംവിധമുള്ള നിര്‍ദേശം പിന്‍വലിച്ച് കൊച്ചി മെട്രോയ്ക്ക് ന്യായവിലയ്ക്കോ വാടകയ്ക്കോ സ്ഥലം നല്‍കണമെന്ന് കേന്ദ്രഭക്ഷ്യമന്ത്രി കെ.വി.തോമസ് കേന്ദ്രറയില്വെ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗേയോട് ആവശ്യപ്പെട്ടു.
ബീഹാറില്‍ റയില്‍കോച്ച് ഫാക്ടറിക്ക് സ്ഥലം അനുവദിച്ച അതേ മാനദണ്ഡം കൊച്ചി മെട്രോയ്ക്കും ബാധകമാക്കണമെന്നും അദ്ദേഹം നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് രണ്ടാഴ്ച്ചക്കകം കേരളസര്‍ക്കാര്‍, കൊച്ചി മെട്രോ പ്രതിനിധികള്‍, റയില്‍വെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ദല്‍ഹിയില്‍ ചര്‍ച്ച നടത്താമെന്ന് റയില്‍വെ മന്ത്രി സമ്മതിച്ചതായി അദ്ദേഹം അറിയിച്ചു. ചര്‍ച്ചയില്‍ മന്ത്രി ആര്യാടന് മുഹമ്മദും കേന്ദ്രമന്ത്രി കെ.വി.തോമസും പങ്കെടുക്കും.
കൊച്ചി മെട്രോയുടെ നിര്‍മാണത്തിന് എറണാകുളം സൗത്ത് റയില്‍വെ സ്റ്റേഷന് ഭാഗത്തും മുട്ടം കളമശേരി റയില്‍വെ സ്റ്റേഷന് ഭാഗത്തും 11500 ചതുരശ്രമീറ്റര്‍ സ്ഥലം കൂടി വേണം. റയില്‍വെയുടെ സര്‍ക്കുലര്‍ പ്രകാരം 99 ശതമാനം മാര്‍ക്കറ്റ് വിലയും പാട്ടവാടകയും കൊച്ചി മെട്രോ 35 വര്‍ഷത്തേക്കു റയില്വെക്കു നല്‍കണം. കൂടാതെ തത്തുല്യമായ ഭൂമി വേറെ സ്ഥലത്തു നല്‍കുകയും വേണം. ഇത് കൊച്ചി മെട്രോയെ വന്‍ സാമ്പത്തിക ബാധ്യതയിലേക്കു നയിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇത് പിന്‍വലിച്ച് ന്യായവിലയ്ക്ക് ഭൂമി നല്‍കണമെന്നാണ് നിര്‍ദേശം.
ഇതിനു പുറമെ അമ്പാട്ടുകാവ്, പുളിഞ്ചോട് എന്നിവടങ്ങളില്‍ റയില്‍വെ ലൈനോടു ചേര്‍ന്നുള്ള ഭാഗങ്ങളില്‍ നിര്‍മാണത്തിന് അനുമതി നല്‍കണമെന്നും അദ്ദേഹം കേന്ദ്രറയില്വെ മന്ത്രിക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: