കൊച്ചി: മലയാളം ശ്രേഷ്ഠഭാഷ വാരാചരണവും ആര്‍ക്കൈവ്സ് വകുപ്പിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനവും നവംബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കും. ഭരണഭാഷ വാരാചരണത്തിനും അന്ന് തുടക്കം കുറിക്കും. ഇതോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാന ആര്‍ക്കൈവ്സ് വകുപ്പ്, കേരള ലളിത കല അക്കാദമി, ജില്ല ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആഘോഷം. എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ ഒന്നിന് രാവിലെ 10.30ന് സംഘടിപ്പിക്കുന്ന ഭാഷ സെമിനാര്‍ എക്സൈസ് മന്ത്രി കെ.ബാബുവും വൈകീട്ട് അഞ്ചിന് ശ്രേഷ്ഠഭാഷ ദിനാചരണവും സുവര്‍ണജൂബിലി സമാപനവും സാംസ്കാരികമന്ത്രി കെ.സി.ജോസഫും ഉദ്ഘാടനം ചെയ്യും.
ഒന്നിന് രാവിലെ 10.30ന് നടക്കുന്ന ഭാഷയും ചരിത്രവും എന്ന സെമിനാറില്‍ ഹൈബി ഈഡന് എം.എല്‍.എ. അധ്യക്ഷത വഹിക്കും. ചരിത്രരേഖ പ്രദര്‍ശനം മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്യും. തൃപ്പൂണിത്തുറ സി.എച്ച്.എസ്. ഡയറക്ടര്‍ ജനറല്‍ ഡോ.എം.ജി.എസ്. നാരായണന് ആമുഖ പ്രഭാഷണം നടത്തും. ഡോ.ചാള്‍സ് ഡയസ് എം.പി., ഭാഷാവിദഗ്ധന്‍ ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് മലയാളം വിഭാഗം മുന്‍ മേധാവി ഡോ.കെ.വി.തോമസ്, കാലടി സംസ്കൃത സര്‍വകലാശാല ചരിത്രവിഭാഗത്തിലെ ഡോ.എസ്. ശിവദാസന്‍, സി.എച്ച്.എസ്. ഡീന്‍ ഡോ.എന്‍.എം.നമ്പൂതിരി എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും. കേരള പൈതൃക മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.എസ്. റെയ്മണ്‍ മോഡറേറ്ററാകുന്ന ചടങ്ങില്‍ ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, ആര്‍ക്കൈവ്സ് വകുപ്പ് ഡയറക്ടര്‍ ജെ.രജികുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എ.എസ്. കിഷോര്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
വൈകീട്ട് അഞ്ചിന് മലയാളം ശ്രേഷ്ഠഭാഷ ദിനാചരണവും ആര്‍ക്കൈവ്സ് വകുപ്പ് സുവര്‍ണജൂബിലി സമാപനവും സാംസ്കാരികമന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന് എം.എല്‍.എ. അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജില്ല കളക്ടര്‍ പി.ഐ.ഷെയ്ക്പരീത് ഭാഷദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എം.പി.മാരായ കെ.പി.ധനപാലന്, പി.രാജീവ്, ഡോ.ചാള്‍സ് ഡയസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഭാഷയ്ക്കു നല്കിയ സേവനങ്ങളെ മാനിച്ച് എം.വി.ദേവന്, എം.കെ.സാനു, എം.അച്യുതന്, എം.ലീലാവതി,കെ.എല്‍.മോഹനവര്‍മ, എം.തോമസ് മാത്യു, പാപ്പുക്കുട്ടി ഭാഗവതര്‍ എന്നിവരെ ആദരിക്കും. കേരള ലളിതകല അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍ പ്രശസ്തിപത്രം വായിക്കും. ഡോ.ചാള്‍സ് ഡയസ് എം.പി.രചിച്ച പോര്‍ച്ചുഗീസ് ഇന്‍ മലബാര്‍ എന്ന ഗ്രന്ഥം മന്ത്രി കെ.സി.ജോസഫ് ഡോ.എം.ജി.എസ്. നാരായണന് നല്കി പ്രകാശനം ചെയ്യും. വൈകീട്ട് മൂന്നിന് പയ്യന്നൂര്‍ എസ്.എസ്.ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന പാടിപ്പതിഞ്ഞ പാട്ടുകള്‍ ഗാനമേളയും വൈകീട്ട് സമ്മേളനത്തിനുശേഷം കേരളീയം നൃത്തകലാരൂപവും അരങ്ങേറും. വൈകീട്ട് നാലിന് യു.പി., ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മല്‍സരവും സംഘടിപ്പിക്കുന്നുണ്ട്. മലയാളവാരാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി പ്രത്യേകം മല്‍സരം നടത്തും. നവംബര്‍ രണ്ടിന് ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ കാവ്യസന്ധ്യ കവിയരങ്ങില്‍ പ്രമുഖരായ കവികള്‍ക്കൊപ്പം യുവകവികളും വേദി പങ്കിടും. മൂന്നിന് കെ.രാഘവന് സ്മൃതിസന്ധ്യയില്‍ അന്തരിച്ച രാഘവന് മാസ്റ്ററോടുള്ള ആദരാഞ്ജലിയായി അദ്ദേഹം ഈണമിട്ട ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഗാനമേളയുണ്ടാകും. തുടര്‍ന്ന് അദ്ദേഹം ആദ്യമായി സംഗിതം പകര്‍ന്ന നീലക്കുയില്‍ എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും.
നവംബര്‍ മൂന്നിന് ജില്ലയിലെ സാക്ഷരത പ്രേരകുമാര്‍, അധ്യാപകര്‍ എന്നിവര്‍ക്കായി കൈയ്യെഴുത്തു മല്‍സരം സംഘടിപ്പിക്കും. നവംബര്‍ നാലിന് വിദ്യാര്‍ഥികള്‍ക്കായുള്ള കയ്യെഴുത്തു മല്‍സരവും അഞ്ചിന് ഉദ്യോഗസ്ഥര്‍ക്കായുള്ള ഇംഗ്ലീഷ് – മലയാളം തര്‍ജുമ മല്‍സരവും സംഘടിപ്പിക്കും. ആറിന് ഉദ്യോഗസ്ഥര്‍ക്കുള്ള കയ്യെഴുത്ത് മല്‍സരം നടത്തും. ഏഴിന് സിപ്പി പള്ളിപ്പുറത്തിന്റെ നേതൃത്വത്തില്‍ കുട്ടിമലയാളം സദസ് പറവൂരില്‍ സംഘടിപ്പിക്കും. അതേദിവസം കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തുന്ന സമാപന സമ്മേളനത്തില്‍ മല്‍സരവിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: