പാറ്റ്ന: ആറു പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തെച്ചൊല്ലി കേന്ദ്ര സര്‍ക്കാരും ബീഹാറിലെ നിതീഷ് ഭരണകൂടവും കൊമ്പ് കോര്‍ക്കുന്നു. ഭീകരാക്രമണ സാധ്യതയെക്കുറിച്ച് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന അവകാശവാദം കളവാണെന്ന് നിതീഷ്കുമാര്‍ ആരോപിച്ചു.
കേന്ദ്ര ഇന്റലിജന്‍സ് പതിവായി നല്കുന്ന സന്ദേശങ്ങള്‍ മാത്രമാണ് ലഭിച്ചതെന്നും അതില്‍ സ്ഫോടന സാധ്യതകളെപ്പറ്റി പരാമര്ശങ്ങളുണ്ടായിരുന്നില്ലെന്നുമാണ് നിതീഷിന്റെ നിലപാട്. എന്നാല്‍ വീഴ്ച സംഭവിച്ചത് ബീഹാര്‍ സര്‍ക്കാരിനാണെന്നും തങ്ങള്‍ കൃത്യമായി വിവരങ്ങള്‍ നല്‍കിയിരുന്നെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ ആവര്‍ത്തിച്ചു.
റാലിക്കിടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത കേന്ദ്ര ഇന്റലിജന്‍സ് രേഖാമൂലം ബീഹാര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കിലും അവര്‍ മുന്കരുതലെയുത്തില്ല ഷിന്‍ഡേ കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള റാലികള്‍ നടക്കാറുള്ളപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. മുന്നറിയിപ്പ് പൊതുവായും പ്രത്യേകമായും നല്‍കാറുണ്ടെന്നും ഷിന്‍ഡെ പറഞ്ഞു. മുന്നറിയിപ്പ് പ്രകാരം സുരക്ഷാ നടപടികള്‍ ശക്തമാക്കേണ്ടത് സംസ്ഥാന പോലീസിന്റെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാറിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഷിന്‍ഡെ ഇന്ന് അവിടേക്ക് പോകാന്‍ ഇരുന്നതാണെങ്കിലും യാത്ര വേണ്ടായെന്ന് വച്ചിരിക്കുകയാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബുധനാഴ്ച ദല്‍ഹിയിലെത്തുന്ന സാഹചര്യത്തിലാണിത്. സ്ഫോടനത്തിനു ശേഷമുള്ള ബിഹാറിലെ സ്ഥിതി സംബന്ധിച്ച് സുശീല്‍ കുമാര്‍ ഷിന്‍ഡെയെ നിതീഷ് ധരിപ്പിക്കും.
അതേ സമയം ബീഹാര്‍ ഡിജിപി അഭയാനന്ദ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ച കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നരേന്ദ്ര മോദിയുടെ പേരോ അദ്ദേഹത്തിന് എന്തെങ്കിലും ഭീഷണിയുള്ളതായോ പരാമര്ശിച്ചിട്ടില്ലായിരുന്നുവെന്നും അഭയാനന്ദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: