തിരുവനന്തപുരം : നരേന്ദ്രമോദി പങ്കെടുത്ത പാറ്റ്ന റാലിയില്‍ നടന്ന ബോംബ് സ്ഫോടനങ്ങള്‍ യുപിഎ സര്‍ക്കാരിന്റെയും ബീഹാര്‍ സര്‍ക്കാരിന്റെയും വീഴ്ചയാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു. റാലിയില്‍ ജാഗ്രത പുലര്‍ത്തണമെന്ന ഇന്റലിജന്‍സ് റിപ്പോര്ട്ടുകളുണ്ടായിരുന്നിട്ടം യാതൊരു സുരക്ഷയുമൊരുക്കാത്തതിന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറാണ് ഉത്തരവാദിയെന്നും മുരളീധര്‍ റാവു പത്രസമ്മേളനത്തില്‍ പറഞ്ഞു.
ബീഹാര്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗുരുതരമായ സുരക്ഷാ വീഴ്ചയും ശ്രദ്ധയില്ലായ്മയുമാണ് സ്ഫോടനത്തിടയാക്കിയത്. ലക്ഷക്കണക്കിന് ആള്ക്കാര് വരുന്ന യോഗത്തില്‍ മോദിയുടെ സാന്നിധ്യം പ്രമാണിച്ച് ഒരുക്കേണ്ട സുരക്ഷാ സംവിധാനങ്ങളൊന്നും ബീഹാര്‍ സര്‍ക്കാര്‍ ഒരുക്കിയിരുന്നില്ല.
ലക്ഷങ്ങള്‍ പങ്കെടുത്ത റാലിയില്വന്നവരെ പരിശോധിക്കാന്‍ മെറ്റല്‍ ഡിറ്റക്ടറുകളോ ആവശ്യത്തിന് പോലീസുകാരോ ഉണ്ടായിരുന്നില്ല. ഒരു ബോംബ് സ്റ്റേജിന് 100 മീറ്റര്‍ അടുത്തുവച്ചാണ് പൊട്ടിത്തെറിച്ചത്. സുരക്ഷാ വീഴ്ചയൊന്നുമുണ്ടായില്ലെന്ന നിതീഷ്കുമാറിന്റെ വാദങ്ങള്‍ തെറ്റാണ്. ഒക്ടോബര്‍ 1ന് ഇന്റലിജന്‍സ് ബ്യൂറോ സംസ്ഥാന പോലീസ് മേധാവികള്‍ക്ക് ഇന്ത്യന്‍ മുജാഹുദ്ദീനുകള് പ്രധാന പട്ടണങ്ങളെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യപ്പെട്ട് കത്തയച്ചിരുന്നു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഒക്ടോബര്‍ 23ന് നരേന്ദ്രമോദിയുടെ റാലിയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചിരുന്നു. ഇതൊന്നും ബീഹാര്‍ സര്‍ക്കാര്‍ കണക്കിലെടുത്തിരുന്നില്ല.
ഇന്ത്യന്‍ മുജാഹുദീന്‍ പാറ്റ്ന സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് വ്യക്തമാവുകയാണ്. ഹൈദരാബാദിലും ബോധഗയയിലും നടന്ന സ്ഫോടനങ്ങള്‍ക്കു പിന്നിലും ഇന്നേ ശക്തിയായിരുന്നു. യാസിന് ഭട്കലിന്റെയും സംഘത്തിന്റെയും അറസ്റ്റോടെ ഇന്ത്യന്‍ മുജാഹിദ്ദീന്റെ നെറ്റ്വര്ക്കുകള് തകര്‍ത്തുവെന്ന യുപിഎ സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു. പാറ്റ്ന സ്ഫോടനം വ്യക്തമാക്കുന്നത് തീവ്രവാദത്തിന്റെ വേരുകള്‍ ഇപ്പോഴും ശക്തമാണെന്നാണ്.
രാജ്യ സുരക്ഷാ മേഖല ഇന്ന് അതീവ് ഭീഷണി നേരിടുകയാണ്. യുപിഎ സര്‍ക്കാരിന് മുംബൈ ആക്രമണത്തിലെ ഇരകളോട് നീതിപുലര്‍ത്താനായില്ല. പാക്കിസ്ഥാനുമായി മൃദുസമീപനത്തിന്റെ ഫലമാണ് മുംബൈ ആക്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനുവേരെ പാകിസ്ഥാന് മുഖം തിരിക്കുന്നത്. പാകിസ്ഥാന്റെ പിന്തുണയോടെ തുടര്‍ച്ചയായി നടക്കുന്ന തീവ്രവാദ ആക്രമണങ്ങളും യുപിഎയുടെ മൃദുനിലപാടിന്റെ ഫലമാണ്.
രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസ്സും തീവ്രവാദത്തെ നേരിടുന്നതില്‍ സര്‍ക്കാരിനു സംഭവിച്ച പരാജയം മറച്ചുവെക്കാന്‍ ബിജെപിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചരിക്കുകയാണ്. കാലാകാലങ്ങളായി വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി ജാതിമത സ്പര്‍ദ്ധ വളര്‍ത്തുന്നത് കോണ്‍ഗ്രസാണ്. രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ ദേശ സ്നേഹത്തെ സംശയത്തിന്റെ നിഴലിലാക്കുന്നത് കോണ്‍ഗ്രസാണ്. രാജ്യത്ത് ഹിന്ദുമുസ്ലിം വേര്‍തിരിവുണ്ടാക്കുന്ന പ്രസ്താവനകളും നയങ്ങളും പിന്തുടരുന്നത് കോണ്‍ഗ്രസാണ്. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകളും ഇതുതന്നെയാണ് വ്യക്തമാക്കുന്നത്. ബിജെപിക്കോ നരേന്ദ്രമോദിയോ മുസ്ലിം സമൂഹത്തിന്റെ ദേശസ്നേഹത്തെ ഇന്നുവരെ ചോദ്യം ചെയ്തിട്ടില്ല.
സര്‍ദാര്‍ പട്ടേലടക്കമുള്ള ഭാരതത്തിലെ പട്ടേലടക്കമുള്ള ഭാരതത്തിലെ എല്ലാ ദേശീയ പുരുഷന്മാരെയും കോണ്‍ഗ്രസ് മറുന്നുവെന്നും മുരളീധര്‍റാവു പറഞ്ഞു. ഗാന്ധി കുടുംബത്തെ മാത്രമാണ് കോണ്‍ഗ്രസ്സും രാഹുല്‍ഗാന്ധിയും ദേശീയ പ്രതിപുരുഷന്മാരായി കാണുന്നതെന്ന് പറഞ്ഞു.
സര്‍ദാര്‍ പട്ടേല്‍ ഭാരതത്തിന് നല്കിയ സംഭാവനകളെ ബിജെപി എന്നും അംഗീകരിച്ചിട്ടുണ്ട്. ബിജെപിക്ക് ഒരിക്കലും സര്‍ദാര്‍ പട്ടേലിനെപ്പോലുള്ള നേതാക്കളെ മറക്കാന്‍ കഴിയില്ല. ഗുജറാത്ത് മുഖ്യമന്ത്രിയെന്ന് നിലയില്‍ നരേന്ദ്രമോദി സര്‍ദാര്‍ പട്ടേല്‍ രാജ്യത്തിന് നല്കിയ സംഭാവനകളെ മാനിച്ച് പ്രതിമ സ്ഥാപിക്കുന്നു. അത് ഗുജറാത്തിലെ ജനങ്ങളുടെ വികാരമാണ്.
കോണ്‍ഗ്രസ്സിനെതിരായ തരംഗം ബിജെപിയുടെ മാജിക് നമ്പരായി 272ല്‍ എത്തിക്കുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ്സിനെതിരായ പൊതുവികാരം നിലവിലുണ്ട്. കമ്പോളവിലയില്‍ സവാള സ്വര്‍ണത്തോട് മത്സരിക്കുമെന്ന നിലയുണ്ടാക്കിയതാണ് കോണ്‍ഗ്രസിന്റെ നേട്ടം. കേരളത്തിലും ഡല്‍ഹിയിലും ജനങ്ങളും പൊതുവികാരം ഒന്നാണ്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ അനുകൂലിക്കുന്നവരെയും ജനം സഹിക്കില്ല. കോണ്‍ഗ്രസിതര മുന്നണിയാവും ഭരണത്തില്‍ വരികയില്ല. മൂന്നാം മുന്നണിയില്ലെന്നത് പ്രകാശ് കാരാട്ട് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയെ സംബന്ധിച്ച് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും തമ്മില്‍ വകഭേദങ്ങളില്ലെന്നും മുരളീധര്‍ റാവു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: