ടോക്കിയോ: ജപ്പാനിലെ ഫുക്കുഷിമയില്‍ റിക്ടര്‍ സ്കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. ഭൂകമ്പത്തെ തുടര്‍ന്ന് ഹൊന്‍ഷു മേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.ഒരു മീറ്റര്‍ ഉയരത്തിലുള്ള സുനാമി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ജപ്പാനിലെ കിഴക്കന്‍ തീരപ്രദേശത്തുള്ള ഹൊന്‍ഷു ദ്വീപില്‍ നിന്നും 231 മൈല്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ വകുപ്പിനെ ഉദ്ദരിച്ച് റൂയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യു.എസ് പസഫിക്-സുനാമി മുന്നറിയിപ്പ് കേന്ദ്രവും മറ്റ് പസഫിക് മേഖലകള്‍ക്ക് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ജപ്പാനിലെ പ്രാദേശിക സമയമനുസരിച്ച് പുലര്‍ച്ചെ 3.10നാണ് ഭൂകമ്പം ഉണ്ടായത്. ഭൂകമ്പം ഒരു മിനിറ്റോളം നീണ്ടു നിന്നതായാണ് വിവരം. മിയാഗിയിലെ ഇഷിനോമാകി നഗരത്തില്‍ ഒരു അടി ഉയരത്തില്‍ സുനാമി ഉണ്ടായി.
ഹൊന്‍ഷു മേഖലയിലാണ് ഫുക്കുഷിമ ആണവനിലയം സ്ഥിതി ചെയ്യുന്നത്. സുനാമി ഉണ്ടായാല്‍ അത് ഫുക്കുഷിമ ആണവ നിലയത്തേയും ബാധിക്കുമെന്നാണ് വിവരം. ഭൂകമ്പത്തിന്റെ പ്രതിധ്വനി 480 കിലോമീറ്റര്‍ അകലെയുള്ള ടോക്കിയോയിലും ഉണ്ടായിട്ടുണ്ട്.
ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ഫുക്കുഷിമ ആണവ നിലയത്തിന് അടുത്തുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരോടെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫുക്കുഷിമ ആണവനിലയത്തിലെ ജീവനക്കാരോടും ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
2011 മാര്‍ച്ചില്‍ റിക്ടര്‍ സ്കെയിലില്‍ 9 ത്രീവത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ 16,000പേരാണ് കൊല്ലപ്പെട്ടത്. ഭൂകമ്പത്തില്‍ ഫുക്കുഷിമ ആണവനിലയത്തിനും കേടുപാടുകള്‍ പറ്റിയിരുന്നു. ഭൂകമ്പത്തിന് പിന്നാലെ ജപ്പാനിലെ അമ്പതോളം ആണവനിലയങ്ങള്‍ അടച്ചുപൂട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: