കൊച്ചി: എല്ലാ രംഗങ്ങളിലും അഴിമതിയും ദുര്‍ഭരണവും നിറഞ്ഞ യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് നീക്കാന്‍ ആര്‍എസ്എസ് ആഹ്വാനം. കാര്യക്ഷമമായ ഭരണം ഉറപ്പുവരുത്താന്‍ രാജ്യത്ത് ശരിയായ സംവിധാനം വേണം.
യുപിഎ സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ അസംതൃപ്തരാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് (ഭയ്യാജി) ജോഷി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. കൊച്ചിയില്‍ മൂന്ന് ദിവസം നടന്ന ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി മണ്ഡല് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതിക്ക് കുപ്രസിദ്ധി നേടിയ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. സാധാരണ ജനം അസംതൃപ്തിയിലാണ്. ദേശീയ സുരക്ഷയും സാമ്പത്തിക സ്ഥിതിയും അപകടത്തിലാണ്. ഇതിനൊരു ബദല്‍ കണ്ടെത്തുകയാണ് ജനങ്ങള്‍ ചെയ്യേണ്ടത്. അഴിമതിക്കാര്‍ ആരായാലും അവരെ ആര്‍എസ്എസ് എതിര്‍ക്കും.
ആര്‍എസ്എസ് ഒരു രാഷ്ട്രീയപാര്‍ട്ടിയല്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഇടപെടുകയുമില്ല. എന്നാല്‍ ഓരോ വോട്ടര്‍ക്കും വോട്ട് രേഖപ്പെടുത്താനുള്ള ഉത്തരവാദിത്തവും ബാധ്യതയുമുണ്ടെന്ന് ആര്‍എസ്എസ് കരുതുന്നതായി അദ്ദേഹം പറഞ്ഞു. 100 ശതമാനം പോളിംഗ് നടക്കണം. ജനുവരിയില്‍ വോട്ടര്‍പട്ടിക പുതുക്കുമ്പോള്‍ അതില്‍ പേരുണ്ടെന്ന് ജനങ്ങള്‍ ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങും.
ബിജെപിക്കുള്ള പിന്തുണ പരാമര്‍ശിക്കവെ, ആര്‍എസ്എസ് ദൈനംദിന രാഷ്ട്രീയത്തില്‍ ഇടപെടാറില്ലെന്നും രാജ്യത്തെയും അതിലെ ജനങ്ങളുടെയും താല്പര്യങ്ങള് സംരക്ഷിക്കാനുള്ള ചില ദേശീയ ദൗത്യങ്ങള്‍ തങ്ങള്‍ക്ക് നിര്‍വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ പിടിപ്പുകേടിനും ധൂര്‍ത്തിനും തെറ്റായ സാമ്പത്തിക നയങ്ങള്‍ക്കും പ്രതിവിധിയായി ക്ഷേത്രങ്ങളുടെ സ്വത്ത് കൈക്കലാക്കാന്‍ ശ്രമിക്കരുതെന്ന് സര്‍കാര്യവാഹ് ആവശ്യപ്പെട്ടു. ആര്‍എസ്എസ് ഈ നീക്കത്തെ അംഗീകരിക്കില്ല. ചെലവ് ചുരുക്കാനും ധൂര്‍ത്ത് ഒഴിവാക്കാനും ഇപ്പോള്‍ തുടരുന്ന തെറ്റായ സാമ്പത്തിക നയപരിപാടികള്‍ തിരുത്താന്‍ തയ്യാറാവുകയാണ് വേണ്ടത്.
നരേന്ദ്ര മോദിയെ പിന്തുണക്കുന്നതിന്റെ പേരില്‍ ആര്‍എസ്എസ് രാഷ്ട്രീയത്തില്‍ ചേരണമെന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ്സിംഗിന്റെ പ്രസ്താവന പരാമര്‍ശിക്കവെ ആര്‍എസ്എസ് ഉത്തരവാദിത്തമുള്ള സംഘടനയാണെന്നും തീരുമാനങ്ങളെല്ലാം അതിനനുസൃതമായിരിക്കുമെന്നും സുരേഷ് ജോഷി വ്യക്തമാക്കി. നരേന്ദ്ര മോദിയെ ബിജെപി അവരുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തുവെന്നുമാത്രം. 2014 ലെ തെരഞ്ഞെടുപ്പ് 1977ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യാനാവില്ല. അടിയന്തരാവസ്ഥ വേളയിലാണ് ’77 ലെ തെരഞ്ഞെടുപ്പ് നടന്നത്. മിസ, ഡിഐആര്‍ തുടങ്ങിയ കിരാത നിയമങ്ങള്‍ അന്ന് നിലനിന്നിരുന്നു. ജനാധിപത്യം ഉണ്ടായിരുന്നില്ല. എന്നാല്‍, അന്നും ഇന്നും കേന്ദ്രത്തിലെ കോണ്‍ഗ്രസ് ഭരണത്തില്‍ സാധാരണ ജനം അസന്തുഷ്ടരാണ്. സാധാരണക്കാര്‍ മുതല്‍ വ്യവസായികളും സാമൂഹ്യ, മത നേതാക്കളുമെല്ലാം സര്‍ക്കാരിനെതിരാണ്. ഈ സ്ഥിതി മാറണമെന്നാണ് എല്ലാവരുടെയും ആഗ്രഹം, സുരേഷ് ജോഷി പറഞ്ഞു. ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്മോഹന് വൈദ്യ, സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: