ദമാസ്കസ്: സിറിയന്‍ സമാധാന ചര്‍ച്ചയില്‍ ഇറാന്റെ പങ്കാളിത്തം ആവശ്യമാണെന്ന് അറബ് ലീഗ്. ഇതുമായി ബന്ധപ്പെട്ട് അറബ് ലീഗിന്റെ പ്രത്യേക ദൂതന് ലഖ്ദര്‍ ബ്രാഹിമി ഇറാന് സന്ദര്‍ശിച്ചു. അടുത്തമാസം 23ന് ജനീവയിലാണ് സിറിയന്‍ സമാധാനം ലക്ഷ്യമിട്ടുള്ള പ്രത്യേക ചര്‍ച്ച. ജനീവയിലെ ചര്‍ച്ചയില്‍ സിറിയന്‍ പ്രതിപക്ഷത്തെയും അസദ് സര്‍ക്കാറിനെയും പങ്കെടുപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ബഷര്‍ അല്‍ അസദ് സര്‍ക്കാറിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന ഇറാന് ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടത് അനിവാര്യമാണെന്ന് അറബ് ലീഗും ലോക രാഷ്ട്രങ്ങളും വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് നവംബര്‍ 23 ന് നിശ്ചയിച്ചിരിക്കുന്ന ജനീവ യോഗത്തില്‍ ഇറാന് തീര്‍ച്ചയായും പങ്കെടുക്കണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടത്. സിറിയന്‍ സമാധാന ചര്‍ച്ചയുടെ ഭാഗമായി അറബ് ലീഗ് നിശ്ചയിച്ച പ്രത്യേക ദൂതന് ലഖ്്ദര് ബ്രാഹിമി ഇറാന് സന്ദര്‍ശിക്കുകയും ചെയ്തു. റഷ്യ, ഇറാന് എന്നിവരുടെ പിന്തുണ സിറിയന്‍ ഭരണാധികാരി അസദിനാണ്. എന്നാല്‍ സൗദി അറേബ്യ, അമേരിക്ക എന്നിവരടക്കം സിറിയയിലെ വിമതരെ പിന്തുണയ്ക്കുന്ന നിലപാടുമാണ് സ്വീകരിച്ചത്.
അതുകൊണ്ടുതന്നെ വ്യത്യസ്താഭിപ്രായം വെച്ചു പുലര്‍ത്തുന്നവരെ യോജിപ്പിച്ച് സിറിയയില്‍ സമാധാനം കൊണ്ടുവരാനാണ് ജനീവ ചര്‍ച്ചകൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. സിറിയന്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ സിറിയയില്‍ മധ്യസ്തയ്ക്ക് തയ്യാറാണെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി അറിയിച്ചിരുന്നു. ലഖ്ദര്‍ ബ്രാഹിമിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് ജനീവ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന സൂചന നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: