ദുബായി: സ്ത്രീകള്‍ വാഹനമോടിക്കുന്നത് നിരോധിച്ച അധികൃതരുടെ നടപടിക്കെതിരെ തുറന്ന പ്രതിഷേധത്തിന് തയ്യാറായ സൗദിയിലെ സ്ത്രീകള്‍ക്ക് തിരിച്ചടി.
പ്രതിഷേധപ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന ഭരണാധികാരികളുടെ ഭീഷണിയെത്തുടര്‍ന്ന് സ്ത്രീകള്‍ പ്രതിഷേധപ്രചാരണം ഒഴിവാക്കുകയായിരുന്നു.
സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് വിലക്കിയ ഭരണാധികാരികളുടെ നടപടിക്കെതിരെ ഇന്നലെ ‘ഡ്രൈവ് ഇന്‍’ എന്ന പേരില്‍ പരസ്യമായി വാഹനമോടിച്ച് പ്രതിഷേധിക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനിരുന്നവര്ക്ക് ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് നേരിട്ട് ഫോണ്‍കാളുകള്‍ എത്തി. പ്രതിഷധത്തില് പങ്കെടുത്താലുള്ള ഭവിഷ്യത്തുകളെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കാനായിരുന്നു ഫോണ്‍വിളിയെന്ന് ഈ സ്ത്രീകള്‍ വെളിപ്പെടുത്തി. ശനിയാഴ്ച്ച നടക്കുന്ന പ്രതിഷേധ ഡ്രൈവിംഗില്‍ പങ്കെടുക്കില്ലെന്ന് ഇവരെ ഭീഷണിപ്പെടുത്തി ഉറപ്പാക്കുകയായിരുന്നു ഭരണാധികാരികള്‍.
രാജ്യത്ത് സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് നിഷേധിച്ചിരിക്കുകയാണെന്നും ഇത് ലംഘിക്കുന്നവര്‍ക്കും ഇതിനെതിരെ പ്രചാരണം നടത്തുന്നവര്‍ക്കുമെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം വക്താവ് ജനറല്‍ മാന്‍സര്‍ അല്‍- തുര്‍ക്കി അറിയിച്ചു.
ഡ്രൈവിംഗ് നിരോധനത്തിന്റെ പേരില്‍ പ്രചാരണവും പ്രതിഷേധവും നടത്തി പൊതുസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നത് ആരായാലും നടപടിയുണ്ടാകുമെന്നും ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നല്കി. ഓണ്‍ലൈന്‍ വഴി ഈ പ്രചാരണത്തെ പിന്തുണയ്ക്കുന്നവര്ക്കെതിരെയും നടപടിയുണ്ടാകുമെന്ന് അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ആംനെസ്റ്റി ഇന്റര്നാഷണലുള്പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ സൗദിസര്‍ക്കാരിന്റെ നിലപാടിനെ ശക്തമായി വിമര്‍ശിച്ചു.
വനിതാപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതും അധൈര്യപ്പെടുത്തുന്നതും സൗദി ഭരണകൂടം തുടരുകയാണെന്ന് ആംനെസ്റ്റി പ്രതിനിധി ബൂമോദൗഹ കുറ്റപ്പെടുത്തി. ഭരണകൂടത്തിന് അപമാനകരവും ആധുനിക ലോകത്തിന് നിരയ്ക്കാത്തതുമായ പ്രവൃത്തിയെന്നും നടപടി വിമര്‍ശിക്കപ്പെട്ടു. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കണമെനന് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: