കേരളത്തിന് ഒരു ഐതിഹ്യമുണ്ട്, പരശുരാമ സൃഷ്ടിയാണിതെന്ന്. ഇന്ന് കര്‍ണാടകത്തിലുള്ള ഗോകര്‍ണത്തുനിന്ന് പരശുരാമന് വീശിയെറിഞ്ഞ മഴു ചെന്നുവീണത് കന്യാകുമാരിയിലാണത്രെ. അത്രയും കടല്‍ കരയായി രൂപം കൊണ്ടു. അതാണ് കേരളമെന്ന് വിശ്വാസം.
ഐക്യകേരളം 1956 നവംബര്‍ ഒന്നിന് രൂപംകൊണ്ടപ്പോള്‍ കന്യാകുമാരി തമിഴ്നാട്ടിലും ഗോകര്‍ണം കര്‍ണാടകത്തിലുമായി. തലയും വാലുമില്ലാത്ത കേരളം ഇന്നത്തെനിലയില്‍ എത്രകാലം എന്ന ചോദ്യം പ്രസക്തം തന്നെയാണ്. കേരളം വിഭജിച്ച് മലബാര്‍ എന്ന പുതിയ സംസ്ഥാനം വേണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.
ഈ മുദ്രാവാക്യം ഉയര്‍ന്നതും ഉയര്‍ത്തിയതും ആകസ്മികമായ ഏതെങ്കിലും പ്രശ്നങ്ങളും പ്രയാസങ്ങളും കൊണ്ടല്ല. അതിനുപിന്നില്‍ ദീര്‍ഘകാല പദ്ധതിയുണ്ട്. നിഗൂഡമായ ലക്ഷ്യമുണ്ട്. വലുപ്പം കുറഞ്ഞ സംസ്ഥാനമായാല്‍ ഭരണം നന്നാകുമെന്ന സദുദ്ദേശമല്ല അതെന്ന് വ്യക്തവുമാണ്. ചരിത്രം പഠിപ്പിക്കുന്നത് അതാണ്.
കേരളം രൂപംകൊള്ളുമ്പോള്‍ അഞ്ച് ജില്ലകളേ ഉണ്ടായിരുന്നുള്ളൂ. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, മലബാര്‍. 1957 ജനുവരി ഒന്നിന് മലബാര്‍ ജില്ല വിഭജിച്ച് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളുണ്ടായി. അവസാനം (1984) കാസര്‍ഗോഡ് ജില്ല രൂപം കൊണ്ടതോടെ മൊത്തം 14 ജില്ലകളായി. എട്ട് ജില്ലകള്‍ പുതുതായി രൂപം കൊള്ളുമ്പോഴും എതിര് ശബ്ദം ഉയര്‍ന്നിരുന്നില്ല. പ്രക്ഷോഭമോ അറസ്റ്റോ ഉണ്ടായില്ല. എന്നാല്‍ മലപ്പുറം ജില്ല രൂപീകരിക്കുന്നതിനെതിരെ ശക്തമായ സമരമാണ് കാണാനായത്. അത് ഹിന്ദുത്ത്വവാദികളുടെ മുസ്ലീം പേടികൊണ്ടാണെന്ന് ചില ശുദ്ധാത്മാക്കള്‍ വ്യാഖ്യാനിക്കുന്നുവെങ്കില്‍ അതവരുടെ ദുര്‍ബലമായ ഓര്‍മ്മശക്തികൊണ്ടാണെന്നേ കാണാനാകൂ.
ഇന്ത്യാ വിഭജനകാലത്തുതന്നെ ഉയര്‍ന്നുവന്ന ഒരു മുദ്രാവാക്യമായിരുന്നു മാപ്പിളസ്ഥാന്. മലബാറിലെ മുസ്ലീം പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ഭരണകേന്ദ്രം. പാക്കിസ്ഥാനെന്ന ആശയം ആദ്യമായി ഉന്നയിച്ച ചൗധരി റഹ്മത്ത് അലി “കോമണ്‍വെല്‍ത്ത് ഓഫ് പാക്കിസ്ഥാനില്‍” ഉള്‍പ്പെടുത്തേണ്ട പ്രദേശമായി മാപ്പിളസ്ഥാനേയും ചൂണ്ടിക്കാട്ടിയതാണ്. 1947 ജൂണ്‍ 28ന് മുസ്ലീംലീഗ് പ്രസിഡന്റ് മുഹമ്മദ് ഇസ്മെയില്‍ അവരുടെ എംപി കെ.എം. സീതിസാഹിബിനയച്ച കത്തില്‍ “പ്രത്യേക മാപ്പിസ്ഥാനുവേണ്ടിയുള്ള പ്രസ്ഥാനത്തെപ്പറ്റി ഖായിദേ അസമുമായി സംസാരിച്ചു. ഈ ആവശ്യം നാം ഭാവി ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഉന്നയിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം ആശാസ്യമാണ്. പറ്റിയസമയം വരുമ്പോള്‍ നമുക്കതിനെ പാക്കിസ്ഥാനോട് ചേര്‍ക്കാം”. ലക്ഷ്യം വ്യക്തമല്ലെ?
മാപ്പിളസ്ഥാനോട് അനുകൂലമായ നിലപാടാണ് അവിഭക്ത കമ്മ്യൂണിസ്റ്റുപാര്‍ട്ടി സ്വീകരിച്ചിരുന്നത്. മാപ്പിളസ്ഥാന്റെ മുന്നോടിയായി മലപ്പുറം ജില്ല ലീഗിന്റെ ആവശ്യമായിരുന്നു. ഇടതും വലതും കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഒന്നിച്ചു ഭരിച്ചപ്പോള്‍ ജില്ല യാഥാര്‍ത്ഥ്യമായി. അതിന്റെ ആപത്തിനെ ചൂണ്ടിക്കാട്ടിയവരില്‍ ഹിന്ദുത്ത്വവാദികള്‍ മാത്രമായിരുന്നില്ല. വിവിധ ദേശീയ പത്രങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ഫീ പ്രസ്സ് ജര്‍ണല്‍, ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേര്‍ഡ് എന്നിവയെല്ലാം ശക്തമായി എതിര്‍ത്തവരാണ്. കേരളഗാന്ധി കെ. കേളപ്പന് മലപ്പുറം ജില്ലാ വിരുദ്ധ സമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു. കാര്യവിവരമുള്ള നിരവധി കമ്മ്യൂണിസ്റ്റുകാരും ആ സമരത്തെ അനുകൂലിച്ചിരുന്നതാണ്.
ജില്ല രൂപം കൊണ്ടപ്പോള്‍ ‘പ്രത്യേക മുസ്ലീം ജില്ലയുടെ രൂപീകരണം ഇന്ത്യയിലെങ്ങുമുള്ള മുസ്ലീങ്ങളെ ആവേശം കൊള്ളിക്കുകയും ഉന്മത്തരാക്കുകയും ചെയ്യുന്നു’ എന്നാണ് മുസ്ലീംലീഗ് പ്രസിഡന്റായിരുന്ന സുലൈമാന്‍ സേട്ട് പ്രസ്താവിച്ചത്. “ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് രക്ഷയില്ലെ’ന്ന് പാക്കിസ്ഥാനില്‍ ചെന്ന് പരാതി പറയുകയും ഇന്ത്യന്‍ റിപ്പബ്ലിക്ദിനം ബഹിഷ്ക്കരിക്കാന്‍ ആഹ്വാനം ചെയ്യാനും മുതിര്‍ന്ന നേതാവാണ് സേട്ട്. സേട്ടിന്റെ പ്രസ്താവന കേട്ടതോടെ ദേശീയവാദികളുടെ ഭീതി ശരിയാണെന്ന് തിരിച്ചറിയാനായി.
പുതിയ സംസ്ഥാനം മാപ്പിളസ്ഥാനാകണമെന്നാണ് അതിന്റെ ആവിര്‍ഭാവത്തിനായി പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യം. അതിനുവേണ്ടിയാണ് മലപ്പുറം ജില്ല രണ്ടും മൂന്നുമായി വിഭജിക്കണമെന്നാവശ്യപ്പെടുന്നത്. അതിനുവേണ്ടി പഠന സമിതിയെ നിശ്ചയിച്ചു മുന്നോട്ടുപോവുകയും ചെയ്യുന്നു. വോട്ടുബാങ്ക് രാഷ്ട്രീയവും പ്രീണന സമീപനവും മുറുകെ പിടിക്കുന്ന മുന്നണികള്‍ രണ്ടും ലീഗിന്റെ ആവശ്യം അംഗീകരിക്കാതിരിക്കില്ല. മുസ്ലീം ലീഗ് ഇന്ന് വെറും രാഷ്ട്രീയ സംഘടനയല്ല. അവര്‍ ഇന്ന് ചിറകിനടിയില്‍ പോറ്റി വളര്‍ത്തിക്കൊണ്ടിരിക്കുന്ന വിവിധതരം ഗ്രൂപ്പുകളുണ്ട്. സമ്പത്തും ശക്തിയുമുള്ള അവരുടെ താല്‍പ്പര്യം അംഗീകരിക്കപ്പെടുമ്പോള്‍ രാജ്യത്തിനകത്ത് മറ്റൊരു രാജ്യം എന്ന അവസ്ഥയാണുണ്ടാവുക. ഈ ഒരു ആശങ്ക അവഗണിക്കുന്നതാണ് ആപത്ത്.
ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളുമെല്ലാം ഇടകലര്‍ന്ന് ജീവിക്കുന്ന കേരളസമൂഹത്തില്‍ മതത്തിന്റെ പേരില്‍ വേര്‍തിരിവ്. പ്രത്യേക ഭരണസംവിധാനം എന്നിവക്കെല്ലാം മുറവിളി കൂട്ടുന്നതിനെ അംഗീകരിച്ചാല്‍ വീണ്ടുമൊരു വിഭജനത്തിന് കൂട്ടുനില്‍ക്കലാവും ഫലം. മുസ്ലീങ്ങള്‍ പോലും ഭയക്കുന്ന ഇസ്ലാമിക രാജ്യമായ പാക്കിസ്ഥാന്റെ പതിപ്പ് കേരളത്തിനകത്തുണ്ടാക്കാന്‍ നോക്കുന്നവരെ എങ്ങനെ ദേശസ്നേഹികളായി കാണാനാകും? അതിന്റെ ആപത്തിനെതിരെ എങ്ങിനെ കണ്ണടക്കാന്‍ കഴിയും? കേരളപ്പിറവി ദിനാഘോഷവേളയില്‍ ഈ ആശങ്ക കേരളത്തില്‍ മാത്രമായി ഒതുങ്ങേണ്ടതുമില്ല.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: