ബി.ആര്.പി.ഭാസ്കര്‍
മദ്രാസ്, കല്‍ക്കത്ത, ബോംബെ എന്നീ കേന്ദ്രങ്ങളിലെ പട്ടാളക്കാര്‍ വെട്ടിപ്പിടിച്ച പ്രദേശങ്ങള്‍ ചേര്‍ത്ത് ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ മദ്രാസ്, ബോംബെ, ബംഗാള്‍ പ്രസിഡന്‍സികള്‍ ചരിത്രപരമായൊ ഭാഷാപരമായൊ സാംസ്കാരികമായൊ ഏകരൂപമുള്ളവയായിരുന്നില്ല. ഭരണപരമായ സൗകര്യം കണക്കിലെടുത്ത് പിന്നീട് ബംഗാളില്‍ നിന്നും ബോംബെയില്‍ നിന്നും ചില പ്രദേശങ്ങള്‍ വേര്‍തിരിക്കപ്പെട്ടു. തെക്കെ ആഫ്രിക്കയിലെ ഇന്ത്യാക്കാരെ ഒന്നിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മതം, ഭാഷ തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലുള്ള വൈജാത്യത്തെ മറികടക്കേണ്ടതിന്റെ ആവശ്യകത ഗാന്ധി മനസിലാക്കിയിരുന്നു. ഇന്ത്യയില്‍ തിരിച്ചെത്തി കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ എത്തിയപ്പോള്‍ മുസ്ലിങ്ങളെ കോണ്‍ഗ്രസിനോട് അടുപ്പിക്കാന്‍ സഹായിക്കുമെന്ന വിശ്വാസത്തില്‍ അദ്ദേഹം തുര്‍ക്കി സുല്‍ത്താനെ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരു വിഭാഗം മുസ്ലിങ്ങള്‍ ആരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചു. കോണ്‍ഗ്രസിന്റെ കീഴ്ഘടകങ്ങളെ ഗാന്ധി ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കുകയും ചെയ്തു. മദിരാശി പ്രവിശ്യയില്‍ അവഗണന നേരിടുന്നെന്ന പരാതിയുണ്ടായിരുന്ന തെലുങ്ക് ജനതക്ക് രാജ്യം സ്വതന്ത്രമാകുമ്പോള്‍ പ്രത്യേക സംസ്ഥാനം രൂപീകരിക്കുമെന്ന വാഗ്ദാനം നല്കി. പ്രാദേശിക ഭാഷയെ ഭരണഭാഷയാക്കുക വഴി ഭരണകൂടത്തെ ജനങ്ങളോട് അടുപ്പിക്കാന്‍ കഴിയുമെന്നതുകൊണ്ട് സംസ്ഥാനങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള പുനഃസംഘടന തികച്ചും ജനാധിപത്യപരമായ ഒരാശയമാണ്. എന്നാല്‍ സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ അതിനെ മുന്‍ഗണന അര്‍ഹിക്കുന്ന വിഷയമായി കണ്ടില്ല. പോട്ടി ശ്രീരാമുലുവിന്റെ രക്തസാക്ഷിത്വവും തുടര്‍ന്ന് തെലുങ്കു ജില്ലകളിലുണ്ടായ അക്രമാസക്തമായ പ്രതിഷേധങ്ങളും ആന്ധ്ര സംസ്ഥാനം രൂപീകരിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിച്ചു. സംസ്ഥാനങ്ങളുടെ പുനഃസംഘടനയെ കുറിച്ച് പഠിച്ച മൂന്നംഗ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നീട് കേരളം, കര്‍ണ്ണാടകം, ആന്ധ്ര പ്രദേശം എന്നീ സംസ്ഥാനങ്ങള്‍ നിലവില്‍ വന്നു. മഹാരാഷ്ട്രം, ഗുജറാത്ത്, പഞ്ചാബ് എന്നീ ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണത്തിന്, ബന്ധപ്പെട്ട ജനങ്ങള്‍ പിന്നെയും സമരം ചെയ്യേണ്ടി വന്നു.
ഒരു ഭാഷ സംസാരിക്കുന്നവരെല്ലാം ഒരു സംസ്ഥാനത്തില്‍ പെടണമെന്ന് നിര്‍ബന്ധിക്കേണ്ട കാര്യമില്ല. ഹിന്ദി സംസാരിക്കുന്നവര്‍ ഒന്നിലധികം സംസ്ഥാനങ്ങളിലായി കഴിയുകയാണ്. അതുപോലെ മറ്റ് ഭാഷകള്‍ സംസാരിക്കുന്നവരും ഒന്നിലധികം സംസ്ഥാനങ്ങളിലാകാമെന്ന വസ്തുത അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാതിരുന്നതുകൊണ്ടാണ് തെലങ്കാനാ രൂപീകരണം വൈകിയത്. സിഖ് ഭൂരിപക്ഷ സംസ്ഥാനം അനുവദിക്കാനുള്ള വിമുഖതമൂലം പഞ്ചാബിന്റെ ഭാഷാടിസ്ഥാനത്തിലുള്ള പുനഃസംഘടനക്ക് കേന്ദ്രം ഏറെക്കാലം എതിരു നില്ക്കുകയുണ്ടായി. പഞ്ചാബി ജില്ലകള്‍ പോയാല്‍ ബാക്കിയാകുന്ന ഹിന്ദി ജില്ലകള്‍ക്ക് തനിയെ നില്‍ക്കാനാകില്ലെന്നതാണ് എതിര്‍പ്പിന് നല്കിയ പരസ്യ വിശദീകരണം. ഇന്ന് ഹരിയാന രാജ്യത്തെ സമ്പന്ന സംസ്ഥാനങ്ങളിലൊന്നാണ്. ഇതില്‍ നിന്ന് കേന്ദ്രത്തിന്റെ ആ വാദം തെറ്റായിരുന്നെന്ന് വ്യക്തമാകുന്നു.
വിസ്തൃതിയിലും ജനസംഖ്യയിലും വലിയ അന്തരമുള്ള സംസ്ഥാനങ്ങളാണ് ഇപ്പോഴുള്ളത്. ഇത് ദേശീയ രാഷ്ട്രീയത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് അമിത പ്രാധാന്യം നല്കുന്നു. വലിയ സംസ്ഥാനങ്ങളേക്കാള്‍ വേഗം പുരോഗമിക്കാന്‍ ചെറിയ സംസ്ഥാനങ്ങള്‍ക്ക് കഴിയുമെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. ഭാരതീയ ജനതാ പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കെ യു.പി.യില്‍ നിന്നും ബീഹാറില്‍ നിന്നും മദ്ധ്യ പ്രദേശത്തില്‍ നിന്നും കുറെ ജില്ലകള്‍ അടര്‍ത്തി മാറ്റി ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ രൂപീകരിച്ചു. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വലിയ അന്തരം ഇപ്പോഴും നിലനില്ക്കുന്നു. ഈ സാഹചര്യത്തില്‍ ഭരണപരമായ സൗകര്യം മുന്‍നിര്‍ത്തി പുനര്‍വിഭജനം നടത്തി അന്തരം കുറയ്ക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതാണ്.ആ പ്രക്രിയയുടെ ഭാഗമായി കേരളവും വിഭജിക്കപ്പെടേണ്ടി വന്നാല്‍ അതിനെ അപകടകരമായി കാണേണ്ടതില്ല. ഐക്യകേരളം എന്ന ആശയത്തെ പിന്തുണച്ചിരുന്ന കെ. കേളപ്പനെപ്പോലെയുള്ള ചില നേതാക്കള്‍ കേരള സംസ്ഥാനം യാഥാര്‍ത്ഥ്യമാകുമെന്ന് കണ്ടപ്പോള്‍ നിലപാട് മാറ്റുകയുണ്ടായി. പുതിയ സംസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മേല്‍കൈ നേടുമെന്ന ആശങ്കയായിരുന്നു അതിനു പിന്നില്‍. ആ ആശങ്ക അസ്ഥാനത്തായിരുന്നില്ല. എന്നാല്‍ ചില അപചയങ്ങളുണ്ടായെങ്കിലും നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് ആ സാഹചര്യം ഏറെക്കുറെ തൃപ്തികരമായി കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. മലബാര്‍ പ്രദേശം പ്രത്യേക സംസ്ഥാനമായാല്‍ മുസ്ലിം കക്ഷികള്‍ മേല്‍കൈ നേടുമെന്ന ആശങ്ക ചില ഹൈന്ദവ വിഭാഗങ്ങള്‍ക്ക് ഉണ്ടാകാം. അവരുടെ മുസ്ലിംപേടിയെ കേളപ്പന്റെയും കൂട്ടരുടെയും കമ്മ്യൂണിസ്റ്റ്പേടി പോലെ കണ്ടാല്‍ മതി. നിലവിലുള്ള ഭരണ സംവിധാനത്തിലൂടെ രാഷ്ട്രീയ പ്രക്രിയയില്‍ ഫലപ്രദമായി പങ്കെടുക്കാന്‍ കഴിഞ്ഞാല്‍ വിഭാഗീയാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കക്ഷികള്‍ രാജ്യത്തിന്റെ ഐക്യത്തിനും ഭദ്രതക്കും ഭീഷണിയാകില്ലെന്നാണ് എന്റെ വിശ്വാസം. മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമീപനത്തിലുണ്ടായ മാറ്റം കൂടാതെ അധികാര പങ്കാളിത്തത്തിന്റെ സാധ്യത തെളിഞ്ഞപ്പോള്‍ വിഘടനപാത ഉപേക്ഷിച്ച തമിഴ്നാട്ടിലെ ദ്രാവിഡപ്രസ്ഥാനത്തിന്റെ ചരിത്രവും നമ്മുടെ മുന്നിലുണ്ടല്ലൊ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: