കണ്ണില്‍ ഇരുട്ട് സമ്മാനിച്ച വിധിയെ സംഗിതസപര്യയിലൂടെ അതിജീവിക്കുകയാണ് മറിയപ്പള്ളി ഗോപകുമാര്‍. കാഞ്ഞിരപ്പള്ളി കപ്പാട് അസീസി അന്ധവിദ്യാലയത്തില്‍ സംഗീതാദ്ധ്യാപകനായ ഗോപകുമാര്‍ കോട്ടയം മറിയപ്പള്ളി പുത്തന്‍പറമ്പില്‍ പി.എ.നാണുപിള്ളയുടെയും ശാന്തമ്മയുടെയും മകനാണ്. എട്ടുവര്‍ഷമായി തിടനാട് കിഴക്കേക്കര ഭാഗത്ത് കൃഷ്ണകൃപ വീട്ടില്‍ സ്ഥിരതാമസമാക്കിയ ഗോപകുമാര്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ അഞ്ഞൂറില്പരം വേദികളില്‍ സംഗീതക്കച്ചേരി അവതരിപ്പിച്ചുകഴിഞ്ഞു.
രണ്ടുവയസു പ്രായമുള്ളപ്പോള്‍ ഉണ്ടായ ന്യൂമോണിയയാണ് അന്ധത സമ്മാനിച്ചത്. അഞ്ചുവയസിനുള്ളില്‍ കണ്ണിന് നാല് ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും കാര്യമായ യാതൊരു പുരോഗതിയും ഉണ്ടായില്ല. കഴിഞ്ഞവര്‍ഷം സ്വകാര്യ കണ്ണാശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയോടെ പത്തുശതമാനം മാത്രം കാഴ്ച ലഭിച്ചുവത്രെ. രൂപങ്ങള്‍ നിഴലായി മാത്രം പ്രതിഫലിക്കുന്ന കണ്ണുകളുമായി ഗോപന് യാത്രചെയ്യാത്ത സ്ഥലങ്ങളില്ല. മങ്ങിയ രൂപത്തിലൂടെയും ശബ്ദത്തിലൂടെയും കാഴ്ചയുള്ളവരെക്കാള്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന ഗോപകുമാറിന്റെ സൗഹൃദങ്ങളും വളരെ വിസ്തൃതമാണ്.
ചികിത്സിച്ച് ഭേദമാക്കാനാവില്ല മകന്റെ അന്ധതയെന്ന് തിരിച്ചറിഞ്ഞ പിതാവ് നാണുപിള്ള തന്റെ അടുത്തസുഹൃത്തുക്കളുടെ നിര്‍ദ്ദേശപ്രകാരം വയലിന് പഠിപ്പിക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ വയലിന് പഠിക്കണമെങ്കില്‍ നോട്ടുകുറിക്കുകയും വായിക്കുകയും ചെയ്യണമെന്നതിനാല്‍ കാഴ്ചയില്ലാത്ത താന്‍ വായ്പ്പാട്ട് പഠിക്കുന്നതാണ് ഉചിതമെന്ന തിരിച്ചറിവാണ് ഗോപകുമാറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. ഇത്തിത്താനം കുട്ടപ്പന് ഭാഗവതരുടെ മുന്നില്‍ ദക്ഷിണവച്ച് ആരംഭിച്ച സംഗീതപഠനം അന്ധകാരം പൂകിയ ജീവിതത്തില്‍ കൈത്തിരിയായി മാറുകയായിരുന്നു.
നീര്‍പ്പാറ ബ്ലൈന്‍ഡ് ആന്റ് ഡെഫ് സ്കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളേജില്‍ നിന്നാണ് ഗാനഭൂഷണം ബിരുദവും ഗാനപ്രവീണ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയത്. സംഗീതലോകത്ത് തിളങ്ങിനില്‍ക്കുന്ന അവിവാഹിതനായ ഈ 41കാരന് നിരവധി പുരസ്കാരങ്ങളും ഇതിനകം നേടിയിട്ടുണ്ട്.
കഴിഞ്ഞ വിജയദശമി ദിനത്തില്‍ ലഭിച്ച എം.ജി.സോമന് ഫൗണ്ടേഷന് പുരസ്കാരമാണ് ഇതില്‍ അവസാനത്തേത്. വൈകല്യങ്ങള്‍ ഉള്ളവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘവിവിധക്ഷേത്രസംഘടനയായ സക്ഷമ(സമദൃഷ്ടി ക്ഷമതാവികാസ് മണ്ഡലി)യുടെ സംസ്ഥാന സംഘടനാ കാര്യദര്‍ശി, ദേശീയ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം ഇപ്പോള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു.
സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ കഴിഞ്ഞ നാലുവര്‍ഷമായി ചാമ്പ്യന്‍ഷിപ്പ് നേടുന്ന കപ്പാട് അസ്സീസി സ്കൂളിനെ നയിക്കുന്ന ഗോപകുമാര്‍ അടുത്ത കലോത്സവത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വിധി തനിക്ക് കൈമാറിയ കുറവുകളെ അതിജീവനത്തിലൂടെ സംഗീതമയമാക്കുകയാണ് മറിയപ്പള്ളി ഗോപകുമാര്‍.
ആര്.സുനില്‍കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: