കൊട്ടാരക്കര: മദ്യലഹരിയില്‍ എഎസ്ഐ ഓടിച്ചിരുന്ന പോലീസ് ജീപ്പ്പ് നിയന്ത്രണം വിട്ട് ഓട്ടോയിലിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 7.30ന് എംസി റോഡില്‍ പുലമണ്‍ ഫെയ്ത്ത് ഹോമിന് സമീപമാണ് അപകടം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം റൂറല്‍ പോലീസ് ആസ്ഥാനത്തെ ടെലികമ്മ്യൂണിക്കേഷന്‍ ആസ്ഥാനത്തെ എഎസ്ഐ അമ്പിളി, ഹെഡ് കോണ്‍സ്റ്റബിള്‍ ഷാജി എന്നിവരെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു.
മദ്യലഹരിയിലായിരുന്ന ഹെഡ്കോണ്‍സ്റ്റബിള്‍ എഎസ്ഐയെ വീട്ടില്‍ കൊണ്ടുവിടാന്‍ ജീപ്പ്പില്‍ പോകുമ്പോഴാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട് ജീപ്പ്പ് ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ സദാനന്ദപുരം കാവുവിള പുത്തന്‍വീട്ടില്‍ രഞ്ജിത്തിനാണ് പരിക്കേറ്റത്.
ഗുരുതരമായ പരിക്കേറ്റ ഓട്ടോഡ്രൈവറെ കൊട്ടാരക്കരയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ എഎസ്ഐയെ തടഞ്ഞുവച്ച് കൊട്ടാരക്കര പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തി.
അപകടത്തില്‍പ്പെട്ട ജീപ്പ്പില്‍ നിന്നും മദ്യകുപ്പികളും കണ്ടെടുത്തിട്ടുണ്ട്. സ്ത്രീകളും കുട്ടികളും അടക്കം ഓട്ടോയില്‍ ഉണ്ടായിരുന്നവര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: