ശ്രീനഗര്‍: അതിര്‍ത്തിയില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ പാകിസ്ഥാന് ശ്രമിക്കുകയാണെങ്കില്‍ പാഠം പഠിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ബിജെപി ആവശ്യപ്പെട്ടു.
നിയന്ത്രണരേഖയില്‍ കഴിഞ്ഞ രണ്ട് മാസമായി പാകിസ്ഥാന് അസ്വസ്ഥത പരത്തുന്നു. പല പ്രാവശ്യം മുന്നറിയിപ്പ് നല്‍കിയിട്ടും ചെവിക്കൊള്ളാന്‍ തയ്യാറാകുന്നുമില്ല. പാകിസ്ഥാനെ രാഷ്ട്രീയമായിത്തന്നെ പാഠം പഠിപ്പിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ടെന്നും ബിജെപി ദേശീയ വക്താവ് പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.
പ്രധാനമന്ത്രി മന്മോഹന് സിംഗും പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫും കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച്ച നടത്തി. നുഴഞ്ഞുകയറ്റസ്ഥലമായ കേരന്‍ സെക്ടറിലും കുപ്വാരയിലും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയും സന്ദര്‍ശിച്ചു. എന്നിട്ടും പാകിസ്ഥാന് ഷെല്ലാക്രമണം നിര്‍ത്താന്‍ തയ്യാറായില്ല. ഇതൊരിക്കലും അംഗീകരിക്കാന്‍ സാധ്യമല്ലായെന്നും ഇതിന് തക്കതായ മറുപടി നല്‍കണമെന്നും ജാവ്ദേക്കര്‍ പറഞ്ഞു. പാകിസ്ഥാന്റെ നയം കാശ്മീര്‍ സ്വന്തമാക്കുകയെന്നതാണ്. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാനന് ഇന്ത്യക്കെതിരെ ഭീകരവാദം വളര്‍ത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: