അഞ്ചല്‍: കിഴക്കന്‍ മേഖലയിലെ ഭക്ഷണശാലകളില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതായി പരാതി. കഴിഞ്ഞദിവസം അഞ്ചലിലെ ഒരു ഹോട്ടലില്‍ ആഹാരം കഴിച്ച കുട്ടിക്ക് ഛര്‍ദ്ദില്‍ അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. നേരത്തെ അഞ്ചലിലെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തിയ ആരോഗ്യവകുപ്പധികൃതര്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഒരിടവേളയ്ക്കുശേഷം പഴകിയ മാംസാഹാരം ഉള്‍പ്പെടെ നല്‍കുന്നതായാണ് ആരോപണം. ഏരൂര്‍ പഞ്ചായത്തിലെ ആലഞ്ചേരി, ഏരൂര്‍, കാഞ്ഞവയല്‍, പത്തടി തുടങ്ങിയ സ്ഥലങ്ങളില്‍ ഹോട്ടലുകളില്‍ ദിവസങ്ങള്‍ കഴിഞ്ഞ ഭക്ഷണം നല്‍കുന്നതായുള്ള പരാതിയെത്തുടര്‍ന്ന് ആരോഗ്യവകുപ്പധികൃതര്‍ അന്വേഷണം നടത്തി പഴകിയ സാധനങ്ങള്‍ പിടിച്ചെടുത്തിട്ടും നശിപ്പിച്ചതല്ലാതെ കേസ് എടുത്തില്ലെന്ന ആരോപണമുണ്ട്. ദിവസങ്ങള്‍ പഴക്കമുള്ള മാംസം ഉള്‍പ്പെടെയുള്ള ആഹാരവും പഴകിയ എണ്ണയുമാണ് പല ഹോട്ടലുകളിലും പാചകത്തിന് ഉപയോഗിക്കുന്നത്. പരിശോധനകള്‍ പ്രഹസനമാകുന്നതോടെ ഇത്തരം ഹോട്ടലുകള്‍ സജീവമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: