കാസര്‍കോട്: ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ ഉപ്പളയില്‍ യുവാവിനെ നാലംഗസംഘം വെട്ടിക്കൊന്നു. വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഉപ്പള മണ്ണംകുഴി സ്റ്റേഡിയത്തിനടുത്താണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഉപ്പള സ്വദേശി മുത്തലീബ് (38) ആണ് കൊല്ലപ്പെട്ടത്. കൊടുംകുറ്റവാളി കാലിയാ റഫീഖാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. കൊലപാതക സംഘത്തിലെ മറ്റുമൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഗുണ്ടാ-മാഫിയ അക്രമം പതിവായ ഉപ്പളയില്‍ കൊലപാതകം നാട്ടുകാരില്‍ നടുക്കമുണ്ടാക്കിയിട്ടുണ്ട്. വീട്ടിലേക്ക് കാറോടിച്ചുപോകവേയാണ് മുത്തലിബിനു നേരെ അക്രമമുണ്ടായത്. കാര്‍ തടഞ്ഞുനിര്‍ത്തിയ അക്രമി സംഘം അതിനുള്ളിലിട്ട് തന്നെ മുത്തലിബിനെ വെട്ടിക്കൊല്ലുകയായിരുന്നു. കാര്‍ അടിച്ചുതകര്‍ത്ത നിലയിലാണ്. ഉള്ളില്‍ രക്തം തളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. സമീപത്തുള്ളവര്‍ ഓടിയെത്തുമ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടു. മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. കാലിയാ റഫീഖും മറ്റുമൂന്ന് പേരുമാണ് അക്രമത്തിനുപിന്നിലെന്ന് മുത്തലീബ് പറഞ്ഞതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. നാലോളം ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് മുത്തലീബ്. അടുത്തകാലത്തായി ഗുണ്ടാസംഘങ്ങളില്‍ നിന്നും ഒഴിവായി ജീവിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും മറ്റുബിസിനസുകളുമാണ്. എ.ടി.അബ്ദുല്ലയുടേയും ബീവിയുടേയും മകനാണ്. ഭാര്യ: ഹസീന. മക്കള്‍: സംസം, സുല്‍ത്താന, സുഹാന. സഹോദരങ്ങള്‍: സാഹിര്‍, നൂറുല്‍ അലി, ഷാഹുല്‍ ഹമീദ്, ഖൈറുന്നീസ, സറീന, റഹ്മത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: