ന്യൂദല്‍ഹി: കേരള തീരത്ത് രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരെ ചോദ്യം ചെയ്യാനായി ദേശീയ അന്വേഷണ ഏജന്‍സി ഇറ്റലിയിലേക്ക് പോകില്ല. അറ്റോണി ജനറലിന്റെയും കേന്ദ്ര നിയമമന്ത്രാലയത്തിന്റെയും ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.
സാക്ഷികളെ ചോദ്യം ചെയ്യാന്‍ ഇറ്റാലിയന്‍ കോടതിയുടെ സഹായം തേടാനാണ് എന്‍.ഐ.എയുടെ തീരുമാനം. ചോദ്യാവലി അയച്ചും വിഡീയോ കോണ്ഫറന്സിംഗിലൂടേയും മൊഴികളെടുക്കാന്‍ ശ്രമിക്കും നാവികരെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് ഇറ്റലി നിലപാടെടുത്തതിനാല്‍ അവിടെ പോയി നാവികരുടെ മൊഴി രേഖപ്പെടുത്താന്‍ നേരത്തെ എന്‍.ഐ.എ തീരുമാനിച്ചിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം വഷളാവാതിരിക്കാന്‍ ബദല്‍ മാര്‍ഗം തേടണമെന്നാണ് നിയമ മന്ത്രാലയം നിര്‍ദേശിച്ചത്.
കേസിലെ പ്രതികളെ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിഞ്ഞെങ്കിലും സാക്ഷികളെ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. എന്റിക ലെക്സി കപ്പലില്‍ നാവികര്‍ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് ഇവര്‍. സാക്ഷികളെ ഇന്ത്യയ്ക്ക് കൈമാറുന്നത് ആഭ്യന്തര രാഷ്ട്രീയ പ്രശ്നമുണ്ടാക്കുമെന്നാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ പറയുന്നത്. കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരായ ലത്തോറെ മാസിമിലാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവിരപ്പോള് ദല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയില്‍ കഴിയുകയാണ്.
കേസില്‍ നിര്‍ണായകമായ സാക്ഷിമൊഴി ലഭിക്കാതിരുന്നതിനാല്‍ ആറു മാസമായി അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു. സാക്ഷിമൊഴി ഇല്ലാത്തതിനാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനും എന്‍ഐഎയ്ക്ക് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: