ഭോപ്പാല്‍: നവരാത്രി ആഘോഷങ്ങള്‍ക്കിടെ മധ്യപ്രദേശിലെ രത്തന്‍ഗഡ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് പോലീസ് പറഞ്ഞു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ദാത്തിയ ഗ്രാമത്തിലെ ക്ഷേത്രത്തിലേക്കെത്താന്‍ സിന്ധ് നദിക്ക് മുകളിലുള്ള പാലം വഴി ജനക്കൂട്ടം പ്രവഹിക്കവേ പെട്ടെന്നുണ്ടായ തിക്കും തിരക്കുമാണ് അപകടകാരണമായത്. കൊല്ലപ്പെട്ടവരില്‍ 31 സ്ത്രീകളും 17 കുട്ടികളും ഉള്‍പ്പെടുന്നു. അപകടം നടക്കുമ്പോള്‍ പാലത്തില്‍ 25,000ത്തോളം പേരുണ്ടായിരുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അഞ്ച് ലക്ഷത്തോളം ആളുകള്‍ ക്ഷേത്രത്തിലെത്തിയതായാണ് കരുതുന്നത്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് നല്കി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അടിയന്തരസഹായമായി ഒന്നരലക്ഷം രൂപവീതം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നിയമസഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുവാദത്തോടെയാണ് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചത്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും ചെറിയ പരിക്കുപറ്റിയവര്‍ക്ക് 25,000 രൂപയും നല്‍കും. രണ്ട് മാസത്തിനകം അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിക്കുമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പതിനഞ്ച് ദിവസത്തിനകം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു. ദുരന്തസ്ഥലം സന്ദര്‍ശിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിക്കാഞ്ഞതിനാല്‍ മുഖ്യമന്ത്രി സന്ദര്‍ശനം റദ്ദാക്കി.
അടുത്തമാസം 25നാണ് മധ്യപ്രദേശില്‍ നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച മുഖ്യമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ദുരന്തകാരണം അന്വേഷിക്കാന്‍ ഉടന്‍ തന്നെ അന്വേഷണസമിതി രൂപീകരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ പാലത്തില്‍ അപകടമുണ്ടായി ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റിരുന്നു.
അയല്‍സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്നുള്‍പ്പെടെ പതിനായിരക്കണക്കിനാളുകളാണ് രത്തന്‍ഗഡ് ക്ഷേത്രത്തിലേക്ക് പ്രവഹിച്ചത്. ക്യൂ വകവയ്ക്കാതെ മുന്നോട്ട് കുതിക്കാന്‍ ശ്രമിച്ചവരെ പോലീസ് തടഞ്ഞതോടെയാണ് തിക്കും തിരക്കുമായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പാലത്തില്‍ ചിതറിക്കിടന്ന മൃതദേഹങ്ങള്‍ ഗ്രാമീണര്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് മാറ്റുകയായിരുന്നു. സര്ക്കാരിന്റെനോട്ടപ്പിശകാണ് അപകടത്തിന് കാരണമെന്നും ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് രാജി വയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അതേസമയം ദുരന്തം ആയുധമാക്കി കോണ്‍ഗ്രസ് അനാവശ്യ രാഷ്ട്രീയം കളിക്കുകയാണെന്ന് ചൗഹാന് കുറ്റപ്പെടുത്തി. ഒരു ദുരന്തത്തിലും രാഷ്ട്രീയം കാണരുതെന്നും ദുരന്തബാധിതരെ ശ്രദ്ധിക്കുകയും ഇത്തരത്തിലുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: