ആലപ്പുഴ: സാധാരണക്കാര്‍ക്ക് കുറഞ്ഞ തുകയ്ക്ക് ഭക്ഷണം നല്കുന്ന തൃപ്തി ന്യായവില ഭക്ഷണശാല ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് സംസ്ഥാനത്ത് തണുത്ത പ്രതികരണം.
തൃപ്തി ന്യായവില ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ താലൂക്ക് തലത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിരുന്നു. എന്നാല്‍ നാമമാത്രമായ അപേക്ഷ മാത്രമാണ് സംസ്ഥാനത്ത് ഇതുവരെ ലഭ്യമായിട്ടുള്ളത്.
ഭൂരിഭാഗം ജില്ലകളിലും ആരും തന്നെ ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല. ഭക്ഷണശാല ആരംഭിക്കാനുള്ള പരിശീലനം കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കിയെന്നും ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ബോധവല്‍ക്കരണം നല്‍കിയിട്ടുണ്ടെന്നും സിവില്‍ സപ്ലൈസ് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആരും തയാറായി മുന്നോട്ടുവന്നിട്ടില്ല.
കുടുംബശ്രീ, ജനശ്രീ, ഗൃഹശ്രീ തുടങ്ങിയ മഹിളാസംഘടനകള്‍ വഴിയാണ് ഭക്ഷണശാലകള്‍ ആരംഭിക്കാന്‍ ആലോചിച്ചത്. വ്യക്തികള്‍ക്ക് ഇതിനുള്ള നടത്തിപ്പ് അവകാശം നല്‍കിയിട്ടില്ല. 20 രൂപയ്ക്ക് ഭക്ഷണം നല്കാന് താലൂക്ക് തലത്തില്‍ ന്യായവില ഭക്ഷണശാല ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതിലൂടെ ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയായിരുന്നു ലക്ഷ്യം.
വാടക, വൈദ്യുതി, വാട്ടര്‍ ചാര്‍ജ് ചെലവുകള്‍ക്ക് പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെ സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. ഇതിന് പുറമെ 50,000 രൂപ പ്രതിവര്‍ഷം മാനേജിരിയില് സബ്സിഡിയും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി ഭക്ഷ്യധാന്യങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, മത്സ്യം, ഇറച്ചി തുടങ്ങിയവയും ന്യായവിലയ്ക്ക് നല്‍കുമെന്നായിരുന്നു ഉറപ്പ്.
സൗജന്യ നിരക്കില്‍ ഗ്യാസ് കണക്ഷന് നല്‍കാനും ആലോചിച്ചിരുന്നു. എന്നാല്‍ മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പലരും അപേക്ഷ പോലും നല്‍കാതിരുന്നത്.
ന്യായവില ഹോട്ടലായ അന്നപൂര്‍ണ നടത്തിയ ഹോട്ടലുടമകള്‍ക്ക് ഉണ്ടായ നഷ്ടം ഇതുവരെ സര്‍ക്കാര്‍ കൊടുത്തിട്ടില്ല. സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആദ്യത്തെ ഒന്നുരണ്ടുമാസം ലഭിച്ചതല്ലാതെ പിന്നീട് ലഭിച്ചില്ല. നഷ്ടം സഹിച്ച് ഒരുവര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ നടത്തിയ ഹോട്ടലുടമകള്‍ ഹോട്ടല്‍ പൂട്ടി നാടുവിടേണ്ട അവസ്ഥയും വന്നു. ബജറ്റിലാണ് തൃപ്തി ന്യായവില ഭക്ഷണശാല ആരംഭിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
അനിജാമോള്‍ കെ.പി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: