ന്യൂദല്‍ഹി: മെഡിക്കല്‍ പി.ജി പ്രവേശനത്തിന് അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ എലിജിബിലിറ്റി ആന്റ് എന്‍ട്രന്‍സ് ടെസ്റ്റ്(നീറ്റ്) റദ്ദാക്കിയ മുന്‍ ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിധി സുപ്രീംകോടതി പുനഃപരിശോധിക്കുന്നു. മെഡിക്കല്‍ കൗണ്‍സിലും കേന്ദ്രസര്‍ക്കാരും നല്കിയ അപേക്ഷ പരിഗണിച്ചാണ് പുതിയ തീരുമാനം. നേരത്തെ പരീക്ഷ റദ്ദാക്കിയ വിധി പുറപ്പെടുവിച്ച ഡിവിഷന് ബെഞ്ചിലെ അംഗങ്ങളായ ജസ്റ്റിസ് എ.ആര് ദവേ, വിക്രംജിത് സെന്‍ എന്നിവരുടെ ബെഞ്ചാണ് വിധി പുനഃപരിശോധിക്കുമെന്ന് ഇന്നലെ വ്യക്തമാക്കിയത്.
പരീക്ഷ റദ്ദാക്കിയ അല്‍ത്തമാസ് കബീറിന്റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ കേട്ടിരുന്നെങ്കിലും പുതിയ ചീഫ് ജസ്റ്റിസ് പി.സദാശിവം ചുമതലയേറ്റപ്പോള്‍ത്തന്നെ വിധി പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. കോടതി ഉത്തരവ് നേരത്തെതന്നെ കക്ഷികള്‍ക്ക് ലഭിച്ചതായി വ്യാപക പരാതി ഉയര്‍ന്നത് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്. ഇതേ തുടര്‍ന്ന് വിധി പുനഃപരിശോധിക്കുമെന്നും സംഭവത്തേപ്പറ്റി അന്വേഷണം നടത്തുമെന്നും ജസ്റ്റിസ് പി.സദാശിവം അറിയിക്കുകയും ചെയ്തു. ഇതിനു പിന്നാലെ വിധിക്കെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. മെഡിക്കല്‍ കൗണ്‍സിലിന്റെ ഹര്‍ജി പരിശോധിച്ചുകൊണ്ടാണ് വിധി പുനപരിശോധിക്കുമെന്ന് സുപ്രീംകോടതി ഡിവിഷന് ബെഞ്ച് പറഞ്ഞത്.
കഴിഞ്ഞ ജൂലൈ 18നാണ് ദേശീയാടിസ്ഥാനത്തില്‍ എംബിബിഎസ്,ദന്തല്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പൊതു പ്രവേശന പരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം സുപ്രീംകോടതി തള്ളിയത്. അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനങ്ങള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും മാനേജ്മെന്റുകള്‍ക്കും പ്രത്യേകം പ്രവേശന പരീക്ഷകള്‍ നടത്താമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ വിരമിക്കുന്ന അതേദിവസം മാനേജ്മെന്റുകള്‍ക്ക് അനുകൂലമായി പുറപ്പെടുവിച്ച വിധി വലിയ ആക്ഷേപങ്ങള്‍ക്കാണ് ഇടയാക്കിയത്.
ഡിവിഷന് ബെഞ്ചിലെ ജസ്റ്റിസ് അനില്‍.ആര് ദവേ യുടെ വിയോജനക്കുറിപ്പോടെയായിരുന്നു വിധി പുറത്തുവന്നത്. കൗണ്‍സില്‍ നടത്തുന്ന നീറ്റ് പരീക്ഷ മികച്ചതാണെന്നും വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും പ്രയോജനകരമാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് ദവേ വിധിയെ എതിര്‍ത്തത്. ദേശീയ തലത്തില്‍ പൊതു പ്രവേശന പരീക്ഷയെന്നതു നിയമപരവും ക്രമക്കേട് തടയുന്നതും വിദ്യാര്‍ഥികള്‍ക്കു വരദാനവുമാണെന്നായിരുന്നു ജസ്റ്റിസ് ദവെയുടെ നിലപാട്. എന്നാല്‍ അല്‍തമാസ് കബീര്‍, ജസ്റ്റിസ് വിക്രംജിത് സെന്‍ എന്നിവര്‍ പരീക്ഷ ഭരണഘടനാ വിരുദ്ധമാണെന്നാണ് വിധിച്ചത്. ഭൂരിപക്ഷ അഭിപ്രായ പ്രകാരം വിധി മാനേജ്മെന്റുകള്‍ക്ക് അനുകൂലമായി മാറുകയായിരുന്നു.
2012 ഡിസംബര്‍ 13നാണ് മാനേജ്മെന്റുകള്‍ക്കും മെഡിക്കല്‍ കൗണ്‍സിലിനും പ്രത്യേകം പരീക്ഷകള്‍ നടത്തുന്നതിന് കോടതി അനുമതി നല്‍കിയത്. എന്നാല്‍ പരീക്ഷയുടെ ഫലം പുറത്തുവിടുന്നതിന് അനുമതി നല്‍കിയില്ല. 2013 മെയ് 13ന് ഫലം പുറത്തു വിടാന്‍ കോടതി അനുമതി നല്‍കിയതനുസരിച്ചുള്ള പ്രവേശന നടപടികള്‍ നടക്കുന്നതിനിടെയാണ് പരീക്ഷ റദ്ദാക്കിയത്.
മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയുടെ ശുദ്ധീകരണത്തിനായും മെഡിക്കല്‍ പ്രവേശനത്തിലെ അപാകതകളും തിരിമറികളും പരിഹരിക്കുന്നതിനായുമാണ് നീറ്റ് നടത്താന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തീരുമാനിച്ചത്. കോടികള്‍ കോഴ വാങ്ങുന്നബിരുദാനന്തര ബിരുദ പ്രവേശന സമ്പ്രദായം അവസാനിപ്പിക്കുകയും മെഡിക്കല്‍ കൗണ്‍സില്‍ ലക്ഷ്യമിട്ടിരുന്നു. സുപ്രീംകോടതി വിധി പുനഃപരിശോധിക്കാനുള്ള തീരുമാനം മാനേജ്മെന്റുകള്‍ക്ക് വലിയ തിരിച്ചടിയാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: