ചെന്നൈ: നവംബറില്‍ കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് യോഗം കേന്ദ്രം ബഹിഷ്കരിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം തമിഴ്നാട് നിയമസഭ ഐക്യകണ്ഠേന പാസാക്കി.ബുധനാഴ്ച ആരംഭിച്ച ഇടക്കാല നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ജയലളിത പ്രമേയം അവതരിപ്പിച്ചത്. പ്രധാന പ്രതിപക്ഷമായ ഡിഎംകെ, ഡിഎംഡികെ, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികളും പ്രമേയം പാസാക്കുന്നതിനെ അനുകൂലിച്ചു.
തമിഴ്നാട് ജനതയുടേയും പാര്‍ട്ടിയുടേയും വികാരത്തെ മാനിച്ചുകൊണ്ട്, എല്ലാ പ്രധാന ഘടകങ്ങളും പരിഗണിച്ച ശേഷമായിരിക്കും കോമണ്‍വെല്‍ത്ത് ഹെഡ്സ് ഓഫ് ഗവണ്മെന്റ് മീറ്റിംഗില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്ന് അടുത്തിടെ പ്രധാനമന്ത്രി മന്മോഹന് സിംഗ് ഡിഎംകെ നേതൃത്വത്തെ അറിയിച്ചിരുന്നു.
ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് യോഗത്തില്‍ ഇന്ത്യ പ്രതിനിധികളെ പോലും അയക്കരുതെന്നാണ് പ്രമേയത്തില്‍ പറയുന്നത്. ശ്രീലങ്കയില്‍ കഴിയുന്ന തമിഴര്‍ക്കും തുല്യ അവകാശം ഉറപ്പുവരുത്തുന്നത് വരെ ശ്രീലങ്കയെ കോമണ്‍വെല്‍ത്ത് ഹെഡ്സ് ഓഫ് ഗവണ്മെന്റ് മീറ്റിംഗില്‍ നിന്നും പുറത്താക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: