ആലുവ: ന്യൂനപക്ഷം എന്ന പേരില്‍ എല്ലാ മേഖലകളും കയ്യടക്കി ഹിന്ദുസമൂഹത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്ന രാഷ്ട്രീയ നേതൃത്വമാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ അഭിപ്രായപ്പെട്ടു. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ശ്രീമൂലനഗരം മേത്തര്പ്ലാസയില് പ്രവര്‍ത്തനം ആരംഭിച്ച നരേന്ദ്രഭവന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
ഹൈന്ദവ സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് ഫണ്ടില്ലായെന്ന് പറയുന്ന സര്‍ക്കാരുകള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് ഗ്രാന്റായും സ്കോളര്‍ഷിപ്പായും പെന്‍ഷനായും കോടിക്കണക്കിന് രൂപയാണ് വാരിക്കോരി കൊടുക്കുന്നത്. മാറിമാറി അധികാരത്തില്‍ വരുന്ന സര്‍ക്കാരുകളുടെ ഹിന്ദുസമൂഹത്തോടുള്ള അവഗണനാ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അവര്‍ പറഞ്ഞു.
നരേന്ദ്രഭവന് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. സനാതനധര്‍മ്മ പ്രചാരണത്തിലൂടെ സ്വാമി വിവേകാനന്ദന് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയെന്ന് രാജഗോപാല്‍ പറഞ്ഞു. ഭാരതത്തില്‍ വളര്‍ച്ച ഊന്നല്‍ നല്കി മറ്റൊരു നരേന്ദ്രന് ഉദയംചെയ്ത് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഡോ. എസ്.കെ.രാജേശ്വരിയമ്മ അധ്യക്ഷത വഹിച്ചു. കെ.എസ്.സുനില്‍ കുമാര്‍ സ്വാഗതവും രാജേഷ് തിരുവൈരാണിക്കുളം നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: