ന്യൂദല്‍ഹി: ദേശീയ തലത്തിലും മെഡിക്കല്‍, ദന്തല്‍ ഏകീകൃത പ്രവേശന പരീക്ഷ വേണ്ടെന്ന വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച വിധിയാണ് സുപ്രീംകോടതി പുനഃപരിശോധിക്കുന്നത്. കേസിലെ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു.
കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സങ്കല്പ് എന്ന സംഘടനയും കേന്ദ്രസര്‍ക്കാരും നല്കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ ബഞ്ചിന്റെ തീരുമാനം. മുന്‍ ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബഞ്ചാണ് ദേശീയതലത്തില്‍ മെഡിക്കല്‍, ദന്തല്‍ പ്രവേശന പരീക്ഷ നടത്താനുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) തീരുമാനം റദ്ദാക്കിയത്. എം.സി.എയ്ക്ക് പ്രവേശന പരീക്ഷ നടത്താന്‍ അധികാരമില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ കണ്ടെത്തല്‍.
ഏകീകൃത പ്രവേശനപരീക്ഷയെ ചോദ്യം ചെയ്ത് മെഡിക്കല്‍ മാനേജുമെന്റുകളായിരുന്നു നേരത്തെ സുപ്രീംകോടതിയില്‍ എത്തിയത്. മെഡിക്കല്‍ മാനേജുമെന്റുകള്‍ക്ക് അനുകൂലമായി സുപ്രീംകോടതി അന്ന് പുറപ്പെടുവിച്ച വിധി ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. വിധി പറയുന്നതിന് മുമ്പുതന്നെ വിധിയുടെ പകര്‍പ്പ് കേസിലെ കക്ഷികള്‍ക്ക് ചോര്‍ന്ന് കിട്ടിയിരുന്നു. ഇതേക്കുറിച്ച് പ്രത്യേക അന്വേഷണം തന്നെ സുപ്രീംകോടതിയില്‍ നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: