ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഫലം കാണാതായതോടെ ഉത്തരേന്ത്യയില്‍ സവാള വില നൂറു രൂപയിലേക്ക് കുതിക്കുന്നു. ആഭ്യന്തര വിപണിയില്‍ സവാള വില നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ യാതൊരു ഫലവും കണ്ടിട്ടില്ല. ഇതോടെ കയറ്റുമതി നിരോധിക്കുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ എല്ലാ പ്രതീക്ഷകളേയും പ്രതികൂലമായി ബാധിക്കുന്ന തരത്തിലാണ് സവാളവില ഉയരുന്നത്. ഉത്തരേന്ത്യക്കാരുടെ അവശ്യ ഭക്ഷ്യവസ്തുവായ സവാള ഉപേക്ഷിക്കേണ്ടി വന്നതിന്റെ അതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് ജനങ്ങളുടെ പ്രതികരണങ്ങള്‍ നല്കുന്ന സൂചന. വില പിടിച്ചു നിര്‍ത്താനായില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിടുമെന്ന ഭീതിയിലാണ് കോണ്‍ഗ്രസ്.
ഉത്തരേന്ത്യയില്‍ ഇത്തവണ കനത്ത മഴ പെയ്തതാണ് സവാള ഉത്പ്പാദനത്തെ പ്രതികൂലമായി ബാധിച്ചത്. വിരിപ്പുകൃഷിയുടെ ആനുകൂല്യം ഇതോടെ മുഴുവനായും ലഭിക്കാതെയായി. ഇതിനു പുറമേ ഫൈലിന് ചുഴലിക്കാറ്റിനേ തുടര്‍ന്നുണ്ടായ മഴ മഹാരാഷ്ട്ര,കര്‍ണ്ണാടക,ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ഉത്പ്പാദനത്തേയും ബാധിച്ചതായാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ആഭ്യന്തര വിപണിയില്‍ സവാള വില ഉയരുമ്പോഴും കയറ്റുമതി തുടര്‍ന്ന കേന്ദ്രനയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
ദല്‍ഹിയില്‍ സവാള വില 80 മുതല്‍ 90 രൂപ വരെ ഉയര്‍ന്നു. ചില മാര്‍ക്കറ്റുകളില്‍ 100 രൂപയും ഈടാക്കുന്നുണ്ട്. രാജ്യത്തെ മിക്ക നഗരങ്ങളിലും 60-80 ഇടയിലാണ് വില. ബീഹാറില്‍ 90 രൂപയ്ക്ക് മുകളിലെത്തി. വില ഉയര്‍ന്ന സാഹചര്യം വിലയിരുത്തുന്നതിനായി മന്ത്രാലയം ഇന്നലെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
കഴിഞ്ഞ മൂന്നുമാസമായി സവാള വില ഉയരുന്നത് തുടരുകയാണ്. ഇടയ്ക്ക് വില 60ലേക്ക് കുറഞ്ഞെങ്കിലും വീണ്ടും ഉയരുകയായിരുന്നു. രാജ്യത്തിനാകമാനം ഒരു മാസത്തേക്ക് പത്ത് ലക്ഷം ടണ്‍ സവാള ആവശ്യമായി വരുമെന്നാണ് കണക്ക്. കൃഷി തകര്‍ന്നതോടെ ആവശ്യമുള്ളതിന്റെ പകുതി മാത്രമേ ഉത്പ്പാദിപ്പിക്കാനായിട്ടുള്ളൂ. സംഭരിച്ചുവച്ചിരുന്ന സവാളകൂടി വിപണിയിലേക്ക് ഇറക്കിയിട്ടും വില വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കാനാവുന്നില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യ 16.3 ടണ്‍ സവാളയാണ് ഉത്പ്പാദിപ്പിച്ചത്. ഇത്തവണ ഇതിന്റെ 70 ശതമാനം മാത്രമേ ഉത്പ്പാദനം നടക്കൂ എന്നാണ് സൂചന.
സവാള വില വര്‍ദ്ധിച്ചതിന് സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കി പ്രതിഷേധിച്ചവരാണ് ദല്‍ഹിയിലെ ജനങ്ങള്‍.അതിനാല്‍ത്തന്നെ സവാള വില ഉയരുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തി നില്ക്കുന്ന ദല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നെഞ്ചിടിപ്പേറുകയാണ്.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: