തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച വര്‍ക്കല സലിംവധക്കേസില് ഒന്നാംപ്രതിക്ക് വധശിക്ഷ. രണ്ടാം പ്രതിക്ക് ജീവപര്യന്തം. ഒന്നാം കിഴുവിലം മുടപുരം വിളയില്‍ പുത്തന്‍വീട്ടില്‍ ഷെറീഫി(38) നാണ് വധശിക്ഷ. രണ്ടാംപ്രതി മുടപുരം തെന്നൂര്‍ക്കോണം പ്രേംനസീര്‍ നഗറില്‍ ചരുവിളവീട്ടില്‍ ഹമീദ്മകന് സനോഫറിന്(43) ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴശിക്ഷയുമാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ബി.സുധീന്ദ്രകുമാര്‍ വിധിച്ചത്.
ഒന്നര വര്‍ഷമായി നടന്ന അതിസങ്കീര്‍ണ്ണമായ കോടതി നടപടികള്‍ക്കൊടുവിലാണ് കുപ്രസിദ്ധികൊണ്ട് ഏറെ ജനശ്രദ്ധയാകര്‍ഷിച്ച കേസില്‍ വിധിയുണ്ടായത്. സൗദി അറേബ്യയിലെ റിയാദില്‍ ഷോപ്പിംഗ് മോളുകളും പെട്രോള്‍ പമ്പുകളും ഏറ്റെടുത്ത് നടത്തിയിരുന്ന വ്യവസായിയായ വര്‍ക്കല തോക്കാട് സലിം മന്‍സിലില്‍ സലിം(41)നെയാണ് പ്രതികള്‍ അതിദാരുണമായി വെട്ടിക്കൊലപ്പെടുത്തി വളക്കുഴിയില്‍ കുഴിച്ചട്ടത്. 2011 ജൂലൈ 4നാണ് കൊലപാതകം നടന്നത്.
സലിമിനെ കരുതിക്കൂട്ടി വിളിച്ചുവരുത്തി സ്ത്രീവിഷയം പറഞ്ഞ് പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷം ബിയറില്‍ മയക്കുമരുന്ന് നല്കി ബോധം കെടുത്തുകയും 16 കക്ഷണങ്ങളായി വെട്ടിനുറുക്കി വളക്കുഴിയില്‍ കുഴിച്ചിടുകയുമായിരുന്നു. സലീമില്‍ നിന്നും ഗള്‍ഫില്‍ വച്ച് ഷെറീഫും സനോബറും രണ്ടുകോടിയില്‍ പരം രൂപ കടം വാങ്ങിയിരുന്നു. ഇവര്‍ ഇത് മറിച്ച് പലിശയ്ക്ക് നല്‍കുകയും ചെയ്തിരുന്നു. ഈ തുക സ്വന്തമാക്കാന്‍ സലീമിനെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതി പ്രകാരം കൊലപ്പെടുത്തുകയായിരുന്നു. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പിഴശിക്ഷയായി ഈടാക്കുന്ന 10 ലക്ഷം രൂപ സലീമിന്റെ ഭാര്യയ്ക്ക് നല്‍കാനും കോടതി ഉത്തരവായി.
കേസന്വേഷിച്ച, ഇപ്പോള്‍ ക്രൈംഡിറ്റാച്ച്മെന്റ് എസിയായ കെ.ഇ.ബൈജുവിനെയും സംഘത്തെയും കോടതി അഭിനന്ദിച്ചു. സംഭവസമയത്ത് ആറ്റിങ്ങല്‍ ഡിവൈഎസ്പിയായിരുന്ന കെ.ഇ.ബൈജുവിനൊപ്പം ക്രൈം എസ്ഐ മോഹനന്, എഎസ്ഐ സുദര്ശനന്, ഷാഡോ ടീമംഗം സിപിഒ മണികണ്ഠന്, ശ്രീജിത്ത്, ഗോപന് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
2011 ലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സംഘത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ഈ കേസന്വേഷണത്തിലൂടെ സംഘത്തിന് ലഭിച്ചിരുന്നു. പ്രതികളെ അറസ്റ്റുചെയ്ത സംഘം 90 ദിവസത്തിനുള്ളില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വി.എസ്.വിനീത്കുമാറിനെ സര്‍ക്കാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുകയായിരുന്നു. 78 സാക്ഷികളെ വിസ്തരിച്ച കേസില്‍ 241 രേഖകകളും 59 തൊണ്ടിമുതലുകളം പ്രോസിക്യൂഷന് ഹാജരാക്കി.
പ്രോസിക്യൂഷനുവേണ്ടി വി.എസ്.വിനീത്കുമാറിനെക്കൂടാതെ അഭിഭാഷകരായ ശ്രീകാര്യം അനില്‍പ്രസാദ്, ചൈതന്യാകിഷോര്, ബാബുനാഥുറാം, ആശരാഹുല്, കോവളം സുഭാഷ് എന്നിവരും ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: