ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്ന പാക്കിസ്ഥാന് ചുട്ട മറുപടി നല്കാന് സൈന്യത്തോട് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ നിര്‍ദ്ദേശം നല്കി. ആഭ്യന്തര മന്ത്രി അതിര്‍ത്തി സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയ രാത്രി ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ നടന്ന പാക് റേഞ്ചേഴ്സിന്റെ ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടതോടെയാണ് കര്‍ക്കശ നടപടിക്കൊരുങ്ങാന് നിര്‍ദ്ദേശം. അഞ്ചു ജവാന്മാര്ക്ക് പാക് ആക്രമണത്തില്‍ ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ആര്.എസ് പുര മേഖലയിലാണ് സൈനികന് കൊല്ലപ്പെട്ടത്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് തുടര്‍ച്ചയായ പാക് ആക്രമണം നടക്കുന്ന സൈനിക പോസ്റ്റുകളില്‍ കൂടുതല്‍ ബിഎസ്എഫ് സൈനികരെ നിയോഗിക്കുമെന്ന് ആഭ്യന്ത്രമന്ത്രി പറഞ്ഞു. അമ്പതു സൈനിക പോസ്റ്റുകള്‍ക്കു നേരെയാണ് ചൊവ്വാഴ്ച രാത്രി പാക് വെടിവെയ്പ്പ് നടന്നിരിക്കുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷം വര്‍ദ്ധിപ്പിക്കുന്നതിനായി പാക്കിസ്ഥാന് മനപ്പൂര്‍വ്വമാണ് ഇത്തരത്തില്‍ ആക്രമണം നടത്തിയിരിക്കുന്നതെന്ന വിലയിരുത്തലാണ് സൈന്യത്തിനുള്ളത്.
ഈ വര്‍ഷം സപ്തംബര്‍ 30 വരെ അതിര്‍ത്തിയില്‍ 254 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് നടന്നിരിക്കുന്നത്. നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം കമ്പിവേലി ഉപയോഗിച്ചു തടയാനാവുന്നില്ലെന്നും മറ്റു മാര്‍ഗ്ഗങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന് നടത്തുന്നതിനു തുല്യമായ ആക്രമണം ഇന്ത്യന്‍ സൈന്യം ചെയ്യുമെന്ന് ആഭ്യന്തര സെക്രട്ടറി ആര്‍പിഎന്‍ സിങ്ങും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: