കൊച്ചി: കൊച്ചിയുടെ ദീര്‍ഘദര്‍ശി; അതായിരുന്നു എ.കെ. ശേഷാദ്രി. കൊച്ചിയുടെ വികസന പാതയില്‍ ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരിയായി പ്രവര്‍ത്തിക്കാന്‍ സാധിച്ച വ്യക്തിയായിരുന്നു അദ്ദേഹം അതുകൊണ്ടു തന്നെ ദീര്‍ഘദര്‍ശി എന്ന വിശേഷണമായിരിക്കും ആ മഹാനായ ഭരണാധികാരിക്ക് അനുയോജ്യം. എറണാകുളം മുനിസിപ്പാലിറ്റിയുടെ അവസാനത്തെ ചെയര്‍മാനായി പ്രവര്‍ത്തിച്ച ഭരണാധികാരി തന്നെ 1967ല്‍ കൊച്ചി നഗരസഭ നിലവില്‍ വന്നപ്പോള്‍ അഞ്ചാമത്തെ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയുടെ വികസനം തന്നെയാണ് മേയര്‍ പദവിയിലെത്താന്‍ അദ്ദേഹത്തിന് തുണയായത്. മേയര്‍ പദവി അലങ്കരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ഖ്യാതി ശേഷാദ്രിക്ക് മാത്രം സ്വന്തം. എറണാകുളം മുനിസിപ്പാലിറ്റിയുടെ അവസാനത്തെ ചെയര്‍മാനായിരിക്കുമ്പോള്‍ 37 വയസായിരുന്നു ശേഷാദ്രിക്ക്. കൊച്ചിയിലെ ഓരോ പ്രദേശത്തെക്കുറിച്ചും വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. വികസന പ്രവര്‍ത്തനങ്ങളില്‍ ശേഷാദ്രിയുടെ പാത പിന്തുടരണമെന്ന് പറയാത്ത ഭരണാധികാരികള്‍ അപൂര്‍വ്വമാണ്.
കൊച്ചിയുടെ മേയറായി സ്ഥാനമേല്ക്കുമ്പോള് ഒറ്റ ലക്ഷ്യമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. കൊച്ചിയെ വികസനത്തിന്റെ കൊടുമുടിയിലെത്തിക്കുക. വികസനത്തിനുവേണ്ടി നിരവധി പ്രവര്‍ത്തനങ്ങളാണ് തുടക്കം മുതല്‍ അദ്ദേഹം മുന്നോട്ടുവെച്ചത്. നിര്വിവാദങ്ങളായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടുവെയ്പ്പും. കലൂരിലെ ബസ് സ്റ്റാന്റും, ഷോപ്പിംഗ് കോംപ്ലക്സും ഉള്‍പ്പെടുന്ന സ്വപ്ന പദ്ധതി ശേഷാദ്രിയുടേതായിരുന്നു. അതിനുവേണ്ടി മുണ്ടുമുറുക്കിക്കുത്തി അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങി. ഏറ്റവും താഴേത്തട്ടു മുതല്‍ മേല്‍ത്തട്ടുവരെ പ്രവര്‍ത്തിച്ചു. കൊച്ചിയുടെ മുഴുവന്‍ മാലിന്യവും പേറിയിരുന്ന സ്ഥലമായ കലൂരിലെ മൈതാനം ഗതാഗത വകുപ്പിന്റേയും ബസ് ഉടമസ്ഥരുടെയും സഹകരണത്തോടെ ബസ് സ്റ്റാന്റാക്കി മാറ്റി.
കൃഷ്ണയ്യരുടേയും, പച്ചനായകി അമ്മാളിന്റേയും മകനായി പാലക്കാട് ജനിച്ച ശേഷാദ്രി എറണാകുളത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. എറണാകുളം ബാര്‍ അസോസിയേഷനിലെ പേരു കേട്ട ക്രിമിനല്‍ വക്കീലായിരുന്നു അച്ഛന് കൃഷ്ണയ്യര്‍. എസ് ആര് വി സ്കൂളിലും, മഹാരാജാസ് കോളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ ശേഷാദ്രി പിന്നീട് എറണാകുളം ലോ കോളേജില്‍ നിന്ന് നിയമപഠനവും പൂര്‍ത്തിയാക്കി. പഠനം പൂര്‍ത്തിയാക്കിയശേഷം അച്ഛന്റെ ശിഷ്യനായി തന്നെ ജോലിയില്‍ പ്രവേശിച്ചു. കൊച്ചിയുടെ സാമൂഹിക സാംസ്ക്കാരിക പരിപാടികളിലെല്ലാം എന്നും നിറസാന്നിധ്യമായിരുന്നു ശേഷാദ്രി. അതുകൊണ്ടു തന്നെ കൊച്ചിയുടെ കുടുംബനാഥനായി മാറാന്‍ അദ്ദേഹത്തിന് യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല. നഗരത്തിലെ വിവിധ സാമൂഹിക സാംസ്ക്കാരിക സംഘടനകളിലും ശേഷാദ്രി കാരണവരായി പ്രവര്‍ത്തിച്ചു.
എറണാകുളം മുനിസിപ്പല്‍ ചെയര്മാന് സ്ഥാനത്തു നിന്ന് കൊച്ചി മേയറായി ചുമതല ഏല്ക്കുമ്പോള് അവിടുത്തെ ജനങ്ങള്‍ ഒന്നടങ്കം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കൊച്ചിയുടെ അഞ്ചാമത്തെ മേയറായി ശേഷാദ്രി ചുമതലയേറ്റ വാര്‍ത്തകള്‍ കൊച്ചിയെ അന്ന് ഇളക്കി മറിച്ചു.
കൊച്ചിക്കാരുടെ സ്വന്തം അംബേദ്കര്‍ സ്റ്റേഡിയം വരുന്നതിന് മുന്‍കയ്യെടുത്തത് ശേഷാദ്രിയായിരുന്നു. പള്ളുരുത്തി, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി എന്നിവിടങ്ങളിലേക്ക് പോകുന്നതിന് ജങ്കാര്‍ സര്‍വ്വീസ് എന്ന ആശയവും അദ്ദേഹത്തിന്റെ ഭാവനയില്‍ വിരിഞ്ഞ ആശയമാണ്. തികഞ്ഞ ഫുട്ബോള്‍ പ്രേമിയായിരുന്ന ശേഷാദ്രി, 70 കളില്‍ കേരള ഫുട്ബോള്‍ അസോസിയേഷനില്‍ ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തുടര്‍ന്ന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. കൊച്ചി ആദ്യമായി സന്തോഷ് ട്രോഫിക്ക് വേദിയായപ്പോള്‍ സംഘാടക സമിതി അംഗമായി പ്രവര്‍ത്തിച്ചത് മറക്കാനാവില്ലെന്ന് പൊതുവേദികളില്‍ ശേഷാദ്രി പറയുമായിരുന്നു.
കൊച്ചിയുടെ ഭരണകാര്യങ്ങളില്‍ മാത്രമായിരുന്നില്ല ശേഷാദ്രി ശ്രദ്ധ ചെലുത്തിയിരുന്നത്. ഹൈന്ദവ ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട നിരവധി പരിപാടികള്‍ക്ക് കൊച്ചി സ്വാഗതമരുളിയപ്പോള്‍ അതിന്റെ നടത്തിപ്പിനായുള്ള സ്വാഗത സംഘങ്ങളുടെ അദ്ധ്യക്ഷനായി ദീര്‍ഘകാലം അദ്ദേഹം പ്രവര്‍ത്തിച്ചു. ആര്‍എസ്എസുമായി അടുത്ത ബന്ധം നിലനിര്‍ത്താന്‍ ശേഷാദ്രി എന്നും ശ്രമിച്ചിരുന്നു. ഭാസ്കര്‍ റാവു മുതല്‍ സംഘത്തിന്റെ ഉന്നതനേതാക്കളുമായും ശേഷാദ്രി സൗഹൃദം സൂക്ഷിച്ചിരുന്നു. 1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചപ്പോള്‍ സംഘത്തിനുമേലുള്ള നിരോധനം പിന്‍വലിച്ച ഘട്ടത്തില്‍ അന്നത്തെ സര്‍സംഘചാലക് ബാലാസാഹേബ് ദേവറസ് കേരളത്തില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ആ പരിപാടിയുടെ സ്വാഗതസംഘം അദ്ധ്യക്ഷന്‍ ശേഷാദ്രിയായിരുന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ സജീവമായി പങ്കെടുക്കുകയും സഹകരിക്കുകയും ചെയ്തു. സംഘത്തിന്റെ പരിപാടികളില്‍ ആളുകളെ കാണാനും സംഘടിപ്പിക്കാനും അന്ന് ഏറെ സഹകരിച്ചിരുന്നു, സംഘത്തിന് പ്രത്യേകിച്ച് ബാലഗോകുലത്തിന് എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ബാലഗോകുലത്തിന്റെ വളര്‍ച്ചയിലും പ്രവര്‍ത്തനങ്ങളിലും സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളുടെ സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തുന്നതില്‍ ശേഷാദ്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായകമായി.
1996ല്‍ ദേവറസ് അന്തരിച്ചപ്പോള്‍ എറണാകുളത്ത് നടന്ന ശ്രദ്ധാഞ്ജലിയില്‍ ശേഷാദ്രി പങ്കെടുത്തകാര്യം സംഘത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനായ ടി.സതീശന് അനുസ്മരിക്കുന്നു. പിതാവ് കൃഷ്ണയ്യരും, സഹോദരന് ഡോ. സഭാപതിയുമൊക്കെ ഹൈന്ദവ ദേശീയ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും സതീശന് ജന്മഭൂമിയോടു പറഞ്ഞു.
കൊച്ചിയുടെ ഭരണപരവും പൊതുവായ കാര്യങ്ങളിലും നിഷ്പക്ഷമായി ഇടപെട്ട ദീര്‍ഘവീക്ഷണമുള്ള വ്യക്തിയായിരുന്നു ശേഷാദ്രി. ആ ദീര്‍ഘവീക്ഷണങ്ങള്‍ തന്നെയാണ് ഇന്ന് കൊച്ചിയുടെ വികസനമായി വളര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നത്.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: