ന്യൂദല്‍ഹി: പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടി രാജ്യതലസ്ഥാനത്തു വിജയകരമായി നടപ്പാക്കി ആരോഗ്യ രംഗത്തു പുതിയ തുടക്കം കുറിച്ച ഡോ.ഹര്‍ഷവര്‍ദ്ധനെ ബിജെപിയുടെ ദല്‍ഹി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയുടെ സാന്നിധ്യത്തില്‍ നടന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് ഏകകണ്ഠേനയാണ് ഡോ. ഹര്‍ഷവര്‍ദ്ധനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
ദല്‍ഹിയിലെ അശോക റോഡിലെ പാര്‍ട്ടി ആസ്ഥാനത്ത് ആയിരക്കണക്കിനു പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ് സിങ്ങാണ് നിയമസഭാ തെരഞ്ഞെടുപ്പ് നയിക്കുന്നത് ഹര്‍ഷവര്‍ദ്ധന്റെ നേതൃത്വത്തിലായിരിക്കുമെന്ന് അറിയിച്ചത്. എല്‍.കെ അദ്വാനി, സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്ലി, മുരളീ മനോഹര്‍ ജോഷി, നിതിന്‍ ഗഡ്കരി, അനന്ത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് യോഗത്തില്‍ ഡോ.ഹര്‍ഷവര്‍ദ്ധനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന ബിജെപി ദല്‍ഹി ഘടകം പ്രസിഡന്റ് വിജയ് ഗോയലിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. വിജയ് ഗോയല്‍,വി.കെ മല്‍ഹോത്ര,ഡോ.ഹര്ഷവര്ദ്ധന് എന്നീ മൂന്നു പേരുടേയും നേതൃത്വത്തിലായിരിക്കും ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ദേശീയ അദ്ധ്യക്ഷന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മൂന്നുപേരുടേയും പ്രവര്‍ത്തനം വിജയം സുനിശ്ചിതമാക്കുമെന്ന് എല്‍.കെ അദ്വാനിയും ആശംസിച്ചു.
ഹര്‍ഷവര്‍ദ്ധന്റെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദി ട്വിറ്ററിലൂടെ ആശംസിച്ചു. തെറ്റായ ഭരണത്തില്‍ നിന്നും ദല്‍ഹിയെ രക്ഷിക്കാന്‍ ഹര്‍ഷവര്‍ദ്ധനു സാധിക്കും. വിജയ് ഗോയലിന്റേയും ഡോ.ഹര്ഷവര്ദ്ധന്റേയും നേതൃത്വത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ ബിജെപി ഉജ്ജ്വല വിജയം നേടുമെന്നും നരേന്ദ്രമോദി പറഞ്ഞു.
1993ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ചുകൊണ്ടാണ് പ്രശസ്ത ഇഎന്‍ടി സര്‍ജനായ ഡോ.ഹര്ഷവര്ദ്ധന് രാഷ്ട്രീയ രംഗത്തെത്തുന്നത്. 1993-98 കാലഘട്ടത്തിലെ ബിജെപി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന അദ്ധേഹം പോളിയോ നിര്‍മ്മാര്‍ജ്ജന പരിപാടി വിജയകരമായി നടപ്പാക്കിയും പുകയില വിരുദ്ധ പ്രചാരണ പരിപാടികളിലൂടെ അന്താരാഷ്ട അംഗീകാരങ്ങള്‍ നേടിയും മികച്ച ഭരണാധികാരിയെന്ന് തെളിയിച്ചു. ആര്‍ക്കെങ്കിലും മികച്ച ആരോഗ്യമന്ത്രിയെന്ന അവാര്‍ഡ് നല്കണമെന്നുണ്ടെങ്കില് അതു ഡോ.ഹര്‍ഷവര്‍ദ്ധനു മാത്രമായിരിക്കണമെന്ന മുന്‍പ്രധാനമന്ത്രി ഐ.കെ.ഗുജ്റാളിന്റെ പ്രസ്താവന തന്നെ അദ്ദേഹത്തിന്റെ ഭരണ മികവ് വ്യക്തമാക്കുന്നു. 2001-2003 കാലഘട്ടത്തില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം 2003 മുതല്‍ 2009 വരെ ബിജെപി ദല്‍ഹി ഘടകം പ്രസിഡന്റുമായിരുന്നു. ഡോ.ശ്യാമപ്രസാദ് മുഖര്‍ജി ഫൗണ്ടേഷന്റെ സെക്രട്ടറിയായും ഡോക്ടേര്ഴ് സെല്‍ ദേശീയ കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെറുപ്പകാലം മുതല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തകനായിരുന്ന ഡോ.ഹര്ഷവര്ദ്ധന് നിസ്വാര്‍ദ്ധ സേവനത്തിന്റെ മാതൃക ലഭിച്ചത് സംഘശാഖയില്‍ നിന്നാണെന്ന് മാധ്യമങ്ങള്‍ നിരവധി തവണ എഴുതിയിട്ടുണ്ട്. മികച്ച പ്രതിച്ഛായയുള്ള ഹര്‍ഷവര്‍ദ്ധനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചതിലൂടെ 15 വര്‍ഷമായി തുടരുന്ന കോണ്‍ഗ്രസ് ഭരണത്തെ തറപറ്റിക്കാനാവുമെന്ന ശുഭ പ്രതീക്ഷയിലാണ് ബിജെപി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: