കെ. കരുണാകരന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃ നിരയിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത അധികാര കേന്ദ്രമായിരുന്നു ഒരു കാലത്ത്. എഴുപതുകള്‍ മുതല്‍ തൊണ്ണൂറുകളുടെ മധ്യം വരെ കേരളത്തില്‍ കോണ്‍ഗ്രസെന്നാല്‍ അത് കരുണാകരനായിരുന്നു. അതി പ്രതാപവാനായിരുന്ന കരുണാകരനെ വീഴ്ത്താന്‍ സ്വന്തം പാര്‍ട്ടിയിലെ എതിര്‍ഗ്രൂപ്പുകാര്‍ ഉന്നയിച്ച ഏറ്റവും പ്രധാന ആരോപണങ്ങളിലൊന്ന് അദ്ദേഹം മക്കള്‍ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതായിരുന്നു. കരുണാകരനെന്ന രാഷ്ട്രീയ നേതാവിന്റെ ജനപ്രീതിക്ക് കാര്യമായ കോട്ടമുണ്ടാക്കാന്‍ ഈ ആരോപണത്തിനായി.
മക്കള്‍ രാഷ്ട്രീയം കോണ്‍ഗ്രസിന് ഒരേ സമയം അനുഗ്രഹവും ശാപവുമാണ്. ഒരു പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനും ദുര്‍ബലമാക്കുന്നതിനും കഴിയുന്ന ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ് മക്കള്‍ രാഷ്ട്രീയമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തന്നെ അറിയാം.
ഇക്കുറി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രമുഖ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിക്കുന്നതും മക്കള്‍ രാഷ്ട്രീയത്തിലാണ്. മധ്യപ്രദേശില്‍ മുന്‍ മുഖ്യമന്ത്രിമാരായ മാധവ റാവു സിന്ധ്യ, ദിഗ് വിജയ് സിംഗ് എന്നിവരുടെ പുത്രന്മാര് കോണ്‍ഗ്രസ് പ്രചരണത്തിന് നേതൃത്വം നല്കുന്നു. ജൂനിയര്‍ സിന്ധ്യയാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ദിഗ്വിജയ് സിംഗിന്റെ മകന് ജയ് വര്ധന് സിംഗ് ഇക്കുറി രഘോഗര്‍ അസംബ്ലി സീറ്റില്‍ മത്സരത്തിനൊരുങ്ങുകയാണ്. രഘോഗര്‍ രാജവംശത്തിലെ 13-ാമത്തെ രാജാവാണ് ദിഗ് വിജയ് സിംഗ്. ജയവര്ധനാകട്ടെ ഇവിടത്തെ യുവരാജാവും.
അമേരിക്കയില്‍ നിന്ന് പഠനം കഴിഞ്ഞ് കഴിഞ്ഞ വര്‍ഷം തിരിച്ചത്തിയ ജയവര്‍ധന്‍ കഴിഞ്ഞ ജൂണിലാണ് കോണ്‍ഗ്രസ് അംഗത്വമെടുത്തത്. ആ യോഗത്തില്‍ വച്ചുതന്നെ എ. ഐ. സി .സി ജനറല്‍ സെക്രട്ടറി കൂടിയായ പിതാവ് ദിഗ് വിജയ് സിംഗ് രഘോഗറിലെ അടുത്ത സ്ഥാനാര്‍ത്ഥി തന്റെ പുത്രനായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പാരമ്പര്യമനുസരിച്ച് അവിടെ കൂടിയിരുന്നവരെല്ലാം ജയ വര്ധന് ജയ് വിളിക്കുകയും ചെയ്തു. 77 ല്‍ ദിഗ് വിജയ് സിംഗ് ആദ്യമായി നിയമസഭയിലെത്തിയതും ഇതേ മണ്ഡലത്തില്‍ നിന്നാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ രാഷ്ട്രീയ പിന്‍ഗാമികള്‍ സൃഷ്ടിക്കപ്പെടുന്നതെങ്ങനെ എന്നതിന് ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് ജയ വര്‍ധന്റെ കഥ.
മുന്‍ മുഖ്യമന്ത്രിമാരായ അര്ജുന് സിംഗിന്റെയും കമല്‍ നാഥിന്റെയും മക്കളും മധ്യ പ്രദേശ് രാഷ്ട്രീയത്തില്‍ സജീവമാണ്. അര്ജുന് സിംഗിന്റെ മകന് അജയ് സിംഗ് എന്ന രാഹുല്‍ ഭയ്യ ചുര്‍ഹത് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്. മധ്യപ്രദേശിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ തോല്‍വി ഏറ്റു വാങ്ങിയ 2008 ലെ നിയമസഭ തെരഞ്ഞടുപ്പിന് ശേഷം സഭയില്‍ പാര്‍ട്ടിയെ നയിക്കുക എന്ന ദുര്യോഗവും രാഹുല്‍ ഭയ്യക്കായിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സൃഷ്ടിച്ച മികച്ച പ്രതിഛായ കണക്കിലെടുത്താവണം ഇത്തവണ ഹൈക്കമാന്റ് രാഹുല്‍ ഭയ്യയെ ഒഴിവാക്കി ജ്യോതിരാദിത്യ സിന്ധ്യയെ നായക സ്ഥാനത്ത് അവരോധിച്ചത്.
മുന്‍ മുഖ്യമന്ത്രിമാരുടെ മക്കളില്‍ അവസാനം രംഗപ്രവേശം ചെയ്തയാളാണ് കമല്‍ നാഥിന്റെ മകന് നകുല്‍ നാഥ്. നമ്പര്‍ 10 ജനപഥില്‍ തനിക്കുള്ള സ്വാധീനം ഉപയോഗപ്പെടുത്തി മകന് സീറ്റ് തരപ്പെടുത്താനുള്ള ശ്രമത്തില്‍ കമല്‍ നാഥ് വിജയിച്ചതായാണ് സൂചന. രാഹുല്‍ ഗാന്ധിയുടെ യൂത്ത് കോണ്‍ ബ്രിഗേഡില്‍ മകനെ തിരുകിക്കയറ്റാനും കമല്‍ നാഥിനായി. മുന്‍ പിസിസി പ്രസിഡന്റ് സുഭാഷ് യാദവിന്റെ മകന് അരുണ്‍ യാദവാണ് പിന്‍വാതില്‍ പ്രവേശനം നേടിയ മറ്റൊരു താര പുത്രന് . ഖാണ്ഡവ പാര്‍ലമെന്റ് മണ്ഡലത്തിലെ ഉപ തെരഞ്ഞടുപ്പില്‍ സ്ഥാനാര്‍ത്ഥിയായ അരുണ്‍ യാദവ് പാര്‍ട്ടി പ്രവര്‍ത്തകരെപ്പോലും ഞെട്ടിച്ചു കൊണ്ടാണ് ഇവിടെ നിന്ന് വിജയിച്ചത്.
രാജസ്ഥാനിലും ദല്‍ഹിയിലും മക്കള്‍ രാഷ്ട്രീയം തന്നെയാണ് കോണ്‍ഗ്രസിന്റെ പുതിയ മുഖം. രാജസ്ഥാന് നിയമസഭ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ പ്രധാന പ്രചാരകന് രാജേഷ് പെയിലറ്റിന്റെ മകന് സച്ചിന് പെയിലറ്റ് തന്നെ. രാഹുല്‍ ബ്രിഗേഡില്‍ അംഗമായ സച്ചിന് പെയിലറ്റ് തന്റെ പ്രസംഗങ്ങളിലെല്ലാം നെഹ്റു കുടുംബത്തിന്റെ പിന്തുടര്ച്ചയെക്കുറിച്ചും പ്രധാനമന്ത്രിയാകാനുള്ള രാഹുലിന്റെ യോഗ്യതയെക്കുറിച്ചും പ്രത്യകം പറയാന്‍ മറക്കാറില്ല. ദല്‍ഹിയില്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകന് സന്ദീപ് ദീക്ഷിതിനാണ് പാര്‍ട്ടി ഹൈടെക് പ്രചരണത്തിന്റെ ചുമതല. നിയമസഭ തെരഞ്ഞടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ പുതിയ മുഖം മക്കള്‍ രാഷ്ട്രീയത്തിന്റെതാണ്. രാഹുല്‍ ഗാന്ധി മുതല്‍ ചാണ്ടി ഉമ്മനും ഹൈബി ഈഡനും വരെ ആ നിര നീളുന്നു. കെ. കരുണാകരന് തീര്‍ച്ചയായും സഹതാപമര്‍ഹിക്കുന്നത് ഈ സാഹചര്യത്തിലാണ്. മക്കള്‍ രാഷ്ട്രീയത്തിന്റ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ പോലും സ്വന്തം മക്കളെ എന്തെങ്കിലുമൊക്കെയാക്കാന് പെടാപ്പാടു പെടുന്നതു കാണുമ്പോള്‍ കരുണാകരനോട് ആര്‍ക്കും ഒരു സഹതാപമൊക്കെ തോന്നും.
പാരച്യൂട്ട് വഴി കെട്ടിയിറക്കാതെ ജനങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനവും നിലപാടുകളും കൊണ്ട് ജനകീയ നേതാക്കന്മാര് എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്ന് അറിയാന്‍ കോണ്‍ഗ്രസ് നേതാക്കന്മാര് കേരളത്തിലെ തെരുവുകളിലൂടെ ഒന്നു യാത്ര ചെയ്താല്‍ മതിയാകും.
നാട്ടിന് പുറങ്ങളിലും നാല്ക്കവലകളിലും ഇപ്പോള്‍ നരേന്ദ്ര മോദി തരംഗമാണ്. മോദി ഫ്ലെക്സുകള്‍ കാണാതെ കേരളത്തിലെ ഉള് നാടുകളില്‍ പോലും നിങ്ങള്‍ക്കിപ്പോള്‍ യാത്ര ചെയ്യാന്‍ കഴിയില്ല. നരേന്ദ്ര മോദിയെ കാണുകയോ കേള്‍ക്കുകയോ ചെയ്തവരായിരിക്കില്ല ഇത്തരം ഫ്ലക്സ് ബോര്‍ഡുകളുടെ ശില്‍പ്പികള്‍. പക്ഷേ അതവരുടെ പ്രതീക്ഷയാണ്. ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തുന്നത് ഗൗരവമാര്‍ന്ന ഒരു രാഷ്ട്രീയ പ്രവര്ത്തനമാല്ലായിരിക്കാം. പക്ഷെ നിശ്ചയാമായും അതൊരു പ്രതീകമാണ്.
കേരളത്തില്‍ ഇതിനു സമാനമായ രീതിയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ അടുത്ത കാലത്ത് ഉയര്‍ന്നത് വി എസ് അച്യുതാനന്ദനുവേണ്ടിയായിരുന്നു. തീര്‍ച്ചയായും സ്വന്തം പാര്‍ട്ടിയെ പോലും വെല്ലുവിളിച്ചു കൊണ്ട് വി.എസ് ഉയര്‍ത്തിയ ചില രാഷ്ട്രീയ നിലപാടുകളോടുള്ള ജനകീയ പ്രതികരണമായിരുന്നു ആ ബോര്‍ഡുകളും. ജനങ്ങളുടെ അംഗീകാരമാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ മൂല്യം. മക്കള്‍ രാഷ്ട്രീയം കോണ്‍ഗ്രസിനു നഷ്ടപ്പെടുത്തുന്നതും ഈ ജനകീയ അംഗീകാരമാണ്.
ടി. എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: