കൊച്ചി: ജില്ലയിലെ കടവുകളില്‍ പാരിസ്ഥിതിക പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്നു മുതല്‍ മണല്‍ വാരല്‍ പുനരാരംഭിക്കാന്‍ ജില്ല കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മണല്‍ വിദഗ്ധസമിതി യോഗം തീരുമാനിച്ചു. പീച്ചിയിലെ കേരള എഞ്ചിനീയറിങ് ഇന്‍സ്റ്റിറ്റിയൂട്ട് നല്കുന്ന പ്രാഥമിക പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുറക്കേണ്ട കടവുകള്‍ സംബന്ധിച്ച് തീരുമാനമെടുക്കുക. ആറു മാസത്തിനകം കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിന്റെ അംഗീകൃത ഏജന്‍സിയെ കൊണ്ട് വിശദമായ പഠനം നടത്തിക്കാനും യോഗത്തില്‍ തീരുമാനമായി.
പരിസ്ഥിതി പഠനത്തിന് ചെലവാകുന്ന തുക കടവുകള്‍ ഉള്‍ക്കൊള്ളുന്ന ഗ്രാമപഞ്ചായത്തുകള്‍ വഹിക്കും. ഇതു സംബന്ധിച്ച് പഞ്ചായത്തുകള്‍ സത്യവാങ്മൂലം നല്‍കണം. ഈ പാരിസ്ഥിതികാഘാത പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മണല്‍ വാരല്‍ സംബന്ധിച്ച് അന്തിമതീരുമാനം കൈക്കൊള്ളുക. മണല്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനം ഒരു മാസത്തികം എല്ലാ പഞ്ചായത്തുകളിലും ഏര്‍പ്പെടുത്തും. ഇതിനകം ഓണ്‍ലൈന്‍ മണല്‍ വിതരണം ആരംഭിക്കാത്ത പഞ്ചായത്തുകളുടെ കടവുകള്‍ റദ്ദാക്കും. നിലവില്‍ പിറവം, മണീട് പഞ്ചായത്തുകളില്‍ മാത്രമാണ് ഓണ്‍ലൈന്‍ മണല്‍ വിതരണം നടക്കുന്നത്.
ജില്ല പഞ്ചായത്ത് അംഗം അബ്ദുള്‍ മുത്തലിബ്, പിറവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു.കെ. ജേക്കബ്, രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വില്‍സണ്‍.കെ.ജോണ്‍, സാബു പാത്യാക്കല്, സുഭാഷ് കടയ്ക്കാട്, ഇറിഗേഷന്‍ എക്സി. എഞ്ചിനീയര്‍ ബാബു.പി.വര്‍ഗീസ്, ജിയോളജിസ്റ്റ് മനുലാല്‍ പി. റാം എന്നിവര്‍ വിദഗ്ധസമിതി യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: