തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ കൈയില്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ അവര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാകുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സോളാര്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തോട് പ്രതിപക്ഷം സഹകരിക്കില്ലെന്ന നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യല്‍ അന്വേഷണം പ്രതിപക്ഷത്തിന് അവരുടെ വാദങ്ങള്‍ ശരിയാണെന്ന് തെളിക്കാനുള്ള അവസരമാണ്. ജുഡീഷ്യല്‍ അന്വേഷണത്തില്‍ പരസ്യമായ വിചാരണയാണ് നടക്കുക. ഈ അവസരത്തില്‍ പ്രതിപക്ഷത്തിന് മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ ഹാജരാക്കാം. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷം ശ്രമിക്കുന്നത് അന്വേഷണത്തില്‍ നിന്നും ഒളിച്ചോടാനാണെന്നും അദ്ദേഹം പറഞ്ഞു.
സിറ്റിംഗ് ഹൈക്കോടതി ജഡ്ജിയെ ലഭിക്കാന്‍ സര്‍ക്കാര്‍ കഴിയുന്നതെല്ലം ചെയ്തു. എന്നാല്‍ ഫുള്‍ കോര്‍ട്ട് ബഞ്ച് കൂടിയ ശേഷം രണ്ടു കാരണങ്ങള്‍കൊണ്ട് ജഡ്ജിയെ വിട്ടു നല്കാന് സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഹൈക്കോടതി സിറ്റിംഗ് ജഡ്ജിമാര്‍ക്ക് കേസന്വേഷണങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ സാധിക്കില്ല. കൂടാതെ ഹൈക്കോടതിയില്‍ ഇപ്പോള്‍ തന്നെ ജഡ്ജിമാരുടെ കുറവുണ്ടെന്നും അതുകൊണ്ട് തന്നെ ജഡ്ജിയെ വിട്ടു തരാന്‍ സാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് സര്‍ക്കാരിനെ അറിയിച്ചു. സുപ്രീം കോടതി ഉത്തരവുള്ളതിനാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ജഡ്ജിമാരെയും ലഭിക്കുകയില്ല.
ഇതിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിന്നാക്ക സമുദായ വികസന കമ്മീഷനായി നിയോഗിച്ച റിട്ട. ജസ്റ്റിസ് ശിവരാജനെ സോളാര്‍ കേസ് അന്വേഷണത്തിന് നിയോഗിച്ചത്. സര്‍ക്കാരിനെ സംബന്ധിച്ച് സോളാര്‍ വിഷയത്തില്‍ ഒന്നും മറയ്ക്കാനില്ല. ജുഡീഷ്യല്‍ കമ്മീഷന് സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ആരോപിക്കപ്പെട്ട എന്തിനെ കുറിച്ചും അന്വേഷണം നടത്താനുള്ള സ്വതന്ത്ര്യവും അവകാശവുമുണ്ടായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാര്‍ കേസ് ലോകസഭാ തെരഞ്ഞെടുപ്പ് വരെ സജീവമായി നിര്‍ത്തുകയെന്ന ലക്ഷ്യമാണ് പ്രതിപക്ഷത്തിനുള്ളത്. അതിനു പറ്റിയ ഇരയായിട്ടാണ് പ്രതിപക്ഷം തന്നെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളാര്‍ വിഷയത്തില്‍ പ്രതിപക്ഷം ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നുവെങ്കില്‍ ആവശ്യം പൂര്‍ണ്ണമായി മനസിലാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ പത്രങ്ങളിലും ചാനലുകളിലും വന്ന പ്രതിപക്ഷത്തിന്റെ എല്ലാ ആവശ്യങ്ങളും ടേംസ് ആന്റ് റഫറന്‍സില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. 2005 മുതലുള്ള സോളാര്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കണമെന്ന പിണറായി വിജയന്റെ ആവശ്യവും ടേംസ് ആന്റ് റഫറന്‍സില്‍ ഉള്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: