തിരുവല്ല: സംസ്ഥാന സീനിയര്‍ പുരുഷ-വനിത ഗുസ്തി മത്സരങ്ങള്‍ തിരുവല്ലയില്‍ ദീപശിഖാ പ്രയാണത്തോടെ ഇന്നലെ തുടക്കംകുറിച്ചു.
നഗരസഭാമൈതാനിയില്നിന്നും ആരംഭിച്ച പ്രയാണത്തിനുള്ള ദീപശിഖ നഗരസഭ ചെയര്‍പേഴ്സണ്‍ ഡെല്‍സി സാം പത്തനംതിട്ട ജില്ലാ ഗുസ്തി താരം അനന്തു ശശിക്ക് കൈമാറി. നഗരസഭ കൗണ്‍സിലര്‍ ജിജി വട്ടശ്ശേരില്‍ ദീപശിഖാ പ്രയാണം ഫ്ലാഗ്ഓഫ് ചെയ്തു. തിരുവല്ല നഗരംചുറ്റി മത്സരവേദിയായ പാലിയേക്കര സെന്റ് ജോര്‍ജ് ഓഡിറ്റോറിയത്തില്‍ ദീപശിഖാ പ്രയാണം സമാപിച്ചു. റസലിംഗ് അസോസിയേഷന് ജില്ലാപ്രസിഡന്റ് ചെറിയാന് പോളച്ചിറയ്ക്കല്‍, സെക്രട്ടറി ജേക്കബ് ജോര്‍ജ് കുറ്റിയില്‍, സംഘാടകസമിതി കണ്‍വീനര്‍മാരായ സെയിന്‍ ടി. വര്‍ഗീസ്, സന്തോഷ് ജോസഫ്, എഡി ജോണ്‍, ഷാജി ചേരിയില്‍, സജി പനച്ചിപ്പുറം, പബ്ലിസിറ്റി കണ്‍വീനര്‍ പ്രസാദ് പി. ടൈറ്റസ് എന്നിവര്‍ ദീപശിഖാ പ്രയാണത്തിന് നേതൃത്വം നല്കി.
സീനിയര്‍ പുരുഷന്മാരുടെ 61-ാമത് മത്സരവും വനിതകളുടെ 16-ാമത് സംസ്ഥാന മത്സരവുമാണ് തിരവല്ലയില്‍ നടക്കുന്നത്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നായി 300ഓളം കായികതാരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ഇവിടെ വിജയിക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാരെ ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് പ്രത്യേക ക്യാമ്പ് നടത്തും. ഈ ക്യാമ്പില്‍ നിന്നുമാണ് കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന ദേശീയ മത്സരത്തിലേക്കുള്ള കേരളാടീമിനെ തെരഞ്ഞെടുക്കുന്നത്.
മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 9 ന് ഗവ.ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് നിര്‍വ്വഹിക്കും. ആകെ 21 വിഭാഗങ്ങളിലായാണ് മത്സരം. ഫ്രീസ്റ്റെയിലിലും, ഗ്രീക്കോറോമന്‍ സ്റ്റെയിലിലും പുരുഷന്മാര് മത്സരിക്കും. ഫ്രീസ്റ്റെയിലില്‍ മാത്രമായിരിക്കും വനിതകള്‍ പോരാടുന്നത്. 25ന് വൈകിട്ട് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: