ശാസ്താംകോട്ട: ആനത്തറി കെട്ടിയിട്ടും ശാസ്താംകോട്ട ക്ഷേത്രത്തിലെ നീലകണ്ഠന് എന്ന ആനക്ക് മഴയും വെയിലുമേറ്റ് നില്‍ക്കാനാണ് യോഗം. കഴിഞ്ഞമാസം 19ന് ആഘോഷപൂര്‍വം ആനത്തറിയുടെ ഉദ്ഘാടനം നടന്നുവെങ്കിലും ഒന്നോ രണ്ടോ ദിവസംമാത്രമെ നീലകണ്ഠന് അതിനുള്ളില്‍ കഴിയാന്‍ കഴിഞ്ഞുള്ളു. ഇപ്പോള്‍ പഴയപടി ആനയെ ക്ഷേത്രത്തിന് സമീപം തളച്ചിരിക്കുകയാണ്.
ക്ഷേത്രത്തില്‍ നേരത്തെയുണ്ടായിരുന്ന ആന ചരിഞ്ഞതിനെ തുടര്‍ന്ന് പത്ത്വര്ഷം മുമ്പ് മൈനാഗപ്പള്ളി സ്വദേശിയും പ്രവാസിയുമായ അജിത്ത് ബി.പിള്ളയാണ് ആനയെ നടക്കിരുത്തിയത്. ഏറെ വൈകാതെ ഏവര്‍ക്കും പ്രിയങ്കരനായി നീലകണ്ഠന് മാറിയെങ്കിലും വലത്തെ കാലിന് വാതരോഗം പിടിപ്പെട്ടു. ആദ്യം ദേവസ്വംബോര്‍ഡും പിന്നീട് അജിത്ത് ബി.പിള്ള നേരിട്ടും വിദഗ്ധചികിത്സ നല്‍കിയെങ്കിലും രോഗത്തിന് ശമനം ഉണ്ടായില്ല. തുടര്‍ച്ചയായി മഴയും വെയിലുമേറ്റ് നില്‍ക്കുന്നതാണ് രോഗത്തിന്റെ കാരണങ്ങളില്‍ പ്രധാനമെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ആനയെ തളക്കാന്‍ ആനത്തറി ഉണ്ടാക്കണമെന്ന ആവശ്യം ഉയര്‍ന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് ഇതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ ആനയെ നടക്കരുത്തിയ വ്യക്തി തന്നെ പതിനൊന്നര ലക്ഷം രൂപ ചിലവാക്കി ആനത്തറി നിര്‍മിക്കുകയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഭാസ്ക്കരന്‍നായര്‍ ആനത്തറ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ ആനത്തറിയില്‍ ആനയെ തളക്കുമ്പോള്‍ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യാനുള്ള സൗകര്യം ഒരുക്കാന്‍ ഇതുവരെ അധികൃതര്‍ക്കായില്ല. ആനത്തറി ഉദ്ഘാടന വേളയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാലിന്യ നിര്‍മാര്‍ജനത്തിന് വേണ്ടുന്ന സൗകര്യമൊരുക്കാന്‍ നിര്‍ദേശം കൊടുത്തുവെങ്കിലും അതിന്റെ പണി ഇഴഞ്ഞുനീങ്ങുകയാണ്. ഇതുകാരണമാണ് നീലകണ്ഠന് വീണ്ടും വെളിയില്‍ കിടക്കേണ്ടിവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: