ന്യൂദല്‍ഹി: ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ സന്ദര്‍ശനത്തിന് ശേഷവും അതിര്‍ത്തിയില്‍ പാക് വെടിവെപ്പ് തുടരുന്നു. ഇന്നലെ രാത്രി നടന്ന വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ അഞ്ച് പേര് സൈനികരും ഒരാള്‍ സാധാരണക്കാരനുമാണ്.
ആര്‍എസ് പുര മേഖലയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് അതിര്‍ത്തി സേനയായ പാക് റേഞ്ചേഴ്സ് ആക്രമണം നടത്തുന്നത്. അതിര്‍ത്തി പ്രദേശത്തെ ഗ്രാമങ്ങളിലേക്ക് പാക്കിസ്ഥാന് സൈന്യം മോര്‍ട്ടാറുകളും ഷെല്ലുകളും പ്രയോഗിക്കുകയും ചെയ്തു. ഏതാണ്ട് നാലു മണിക്കൂറോളം ഷെല്ലാക്രമണം നീണ്ടു നിന്നു.
കൊല്ലപ്പെട്ട ജവാന്റെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെയുണ്ടായ ഏറ്റവും രൂക്ഷമായ ആക്രമണമായിരുന്നു ഇന്നലത്തേത്. അമ്പതോളം പോസ്റ്റുകള്‍ക്ക് നേര പൊക് സൈന്യം രാത്രി മുഴുവന്‍ വെടിവെച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ടു മാസമായി നൂറിലേറെ തവണ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുണ്ട്. ലംഘിച്ചത്. കഴിഞ്ഞ പത്തു ദിവസത്തിനടെ മാത്രം 38 തവണ കരാര്‍ ലംഘനമുണ്ടായി.
കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ ജവാന്മാരെ സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ സേനയ്ക്കൊപ്പം രാജ്യം മുഴുവനും ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിയില്‍ പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ഷിന്‍ഡെയുടെ സന്ദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: