ബീജിങ്: റഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മന്മോഹന് സിങ് ചൈനയിലേക്ക് തിരിച്ചു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കുക എളുപ്പമല്ലെന്നും ഇതിന് സമയമെടുക്കുമെന്നും പ്രധാനമന്ത്രി ചൈനീസ് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി നല്‍കിയത്. അതിര്‍ത്തിയില്‍ തര്‍ക്കങ്ങളുണ്ട്. ഇത് പരിഹരിക്കാന്‍ പ്രത്യേക പ്രതിനിധികള്‍ മുഖേന ശ്രമിക്കുകയാണ്. വിഷയം സങ്കീര്‍ണവും സചേതനവുമാണ്. അതിനാല്‍ പ്രശ്ന പരിഹാരത്തിന് സമയമെടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
1993ലും 96ലും 2005ലും അതിര്‍ത്തി ലംഘിക്കില്ലെന്നും പ്രകോപനം ഉണ്ടാക്കില്ലെന്നുമുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പു വച്ചിരുന്നു. എന്നാലിത് നിരന്തരം ലംഘിക്കപ്പെടുന്നു. അതിനാല്‍ ഈ സന്ദര്‍ശന വേളയില്‍ സമാനമായ ഉടമ്പടി ഒപ്പ് വച്ചതുകൊണ്ട് കാര്യമില്ലെന്നാണ് വിദേശകാര്യ വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാല്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ തന്ത്രപ്രദാന സമവായം ഉള്‍പ്പടെ വിശാല ഐക്യത്തിന് തടസം നില്‍ക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബുധനാഴ്ച ഉച്ചയ്ക്ക് ചൈനീസ് പ്രധാനമന്ത്രിയുമായി മന്മോഹന് സിങ് കൂടിക്കാഴ്ച നടത്തും. ഏറെ പ്രധാനപ്പെട്ട സന്ദര്‍ശനത്തിനായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി എത്തുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: