ന്യൂദല്‍ഹി: കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ ലോക്സഭാ അംഗത്വം നഷ്ടമായി. അഴിമതി കേസില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ സ്ഥാനം നഷ്ടമാകുമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് എംപി സ്ഥാനം നഷ്ടപ്പെട്ടത്.
കേസില്‍ ലാലുവിനൊപ്പം ശിക്ഷിക്കപ്പെട്ട മറ്റൊരു ആര്‍ജെഡി എംപി ജഗദീഷ് ശര്‍മ്മയുടെ എംപി സ്ഥാനവും നഷ്ടപ്പെട്ടു. ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ എത്രയും പെട്ടെന്ന് പുറത്താക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ജി.ഇ വഹന്‍വതി കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് നടപടിക്രമങ്ങള്‍ പാലിച്ചില്ലെങ്കില്‍ സുപ്രീംകോടതി വിധിയുടെ ലംഘനമായി കണക്കാക്കപ്പെടുമെന്ന എ.ജിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
ലാലുവിനെ കാലിത്തീറ്റ് അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ അഞ്ച് വര്‍ഷത്തേക്ക് ശിക്ഷിക്കുകയായിരുന്നു. 1990കളില്‍ ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതിനു മുന്‍പ് ബീഹാറിന്റെ ഭാഗമായിരുന്ന ചൗബാസയിലെ ട്രഷറിയില്‍ നിന്നും മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് കാലിത്തീറ്റക്കും മൃഗങ്ങള്‍ക്കുള്ള മരുന്നിനുമെന്ന പേരില്‍ 37.7 കോടി രൂപ അപഹരിച്ചുവെന്നാണ് കേസ്.
1996 ലാണ് തട്ടിപ്പ് വിവരം പുറത്തു വന്നത്. 97ല്‍ ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയതിനെ തുടര്‍ന്ന് ലാലു രാജി വക്കുകയും ഭാര്യ റാബ്രി ദേവിയെ മുഖ്യമന്ത്രിയാക്കുകയും ചെയ്തിരുന്നു. ലാലുവിനെ രക്ഷിക്കാനായി സുപ്രീംകോടതി നിര്‍ദ്ദേശത്തെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തിയെങ്കിലും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് വിജയിക്കാനായില്ല. ഒന്നര പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസിന്റെ സഖ്യ കക്ഷിയും ഒന്നാം യുപിഎ സര്‍ക്കാരില്‍ റയില്‍വേ മന്ത്രിയുമായിരുന്നു ലാലുപ്രസാദ് യാദവ്.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കണമെന്ന ജൂലൈ 10ന് വന്ന സുപ്രീം കോടതി വിധിയനുസരിച്ച് ആദ്യം പുറത്തായത് കോണ്‍ഗ്രസ് എംപി റഷീദ് മസൂദായിരുന്നു. 1990-91ലെ വിപി സിംഗ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ മന്ത്രിയായിരുന്ന റഷീദ് ത്രിപുരയ്ക്കായി അനുവദിച്ച എംബിബിഎസ് സീറ്റുകളില്‍ അനര്‍ഹരായ വിദ്യാര്‍ത്ഥികളെ തിരുകിക്കയറ്റി ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: