ന്യൂദല്‍ഹി: ലോകത്തിലെ പ്രായപൂര്‍ത്തിയാവാത്ത വിവാഹങ്ങളില്‍ 40 ശതമാനവും നടക്കുന്ന ഇന്ത്യ ശൈശവ വിവാഹത്തെ അനുകൂലിച്ച് ഐക്യരാഷ്ട്രസഭയില്‍ നിലപാട് സ്വീകരിച്ചതു വിവാദമാകുന്നു. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അവതരിപ്പിച്ച ശൈശവ വിവാഹത്തേയും പ്രായപൂര്‍ത്തിയാവാത്ത വിവാഹത്തേയും എതിര്‍ക്കുന്ന ആഗോള പ്രമേയത്തെ ബംഗ്ലാദേശിനൊപ്പം ഇന്ത്യയും പിന്തുണച്ചില്ല.
ശൈശവ വിവാഹത്തോത് വളരെയധികം ഉയര്‍ന്ന എത്യോപ്യ, തെക്കന്‍ സുഡാന്, സിയറ ലയോണ്‍, ഛാഡ്,ഗ്വാട്ടിമാല, ഹോണ്ടുറാസ് തുടങ്ങിയ 107 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോഴാണ് ഇന്ത്യയുടെ വിരുദ്ധ നിലപാട്. ശൈശവ വിവാഹത്തെ അനുകൂലിക്കുന്ന മതമൗലിക സംഘടനകളുടെ സമ്മര്‍ദ്ദമാകാം കേന്ദ്രസര്‍ക്കാരിനെ പുതിയ നിലപാടിലെത്തിച്ചതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് നടത്തുന്ന നിര്‍ബന്ധ വിവാഹവും ശൈശവ വിവാഹവും തടയുന്ന പ്രവര്‍ത്തനങ്ങള്‍ ഐക്യരാഷ്ട്ര സംഘടന പ്രധാന അജണ്ടയായി സ്വീകരിക്കണമെന്നായിരുന്നു യുഎന്‍ പ്രമേയത്തിലെ പ്രധാന ആവശ്യം. ഇത്തരം വിവാഹങ്ങള്‍ മൂലം സ്ത്രീകളുടേയും കുട്ടികളുടേയും സാമ്പത്തിക, ആരോഗ്യ, സാമൂഹ്യ രംഗത്ത് ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. പ്രമേയം മനുഷ്യാവകാശ കൗണ്‍സില്‍ അടുത്ത വര്‍ഷം വീണ്ടും ചര്‍ച്ച ചെയ്യുമ്പോള്‍ നിലപാടു തിരുത്താന്‍ ഇന്ത്യയ്ക്ക് കഴിയും.
ലോകത്ത് ഒരു വര്‍ഷം നടക്കുന്ന 60 മില്യണ്‍ ശൈശവ വിവാഹങ്ങളില്‍ 24 മില്യണും നടക്കുന്നത് ഇന്ത്യയിലാണ്. രാജ്യത്തെ ഇരുപതു വയസ്സിനും 24 വയസ്സിനും ഇടയിലുള്ള സ്ത്രീകളില്‍ 1992-93 കാലത്ത് 54 ശതമാനം പേരും പ്രായപൂര്‍ത്തിയാകാതെ വിവാഹിതരായവരായിരുന്നു. 2007-08 കാലഘട്ടത്തില്‍ ഇതു കേവലം 11 ശതമാനം മാത്രമായി കുറഞ്ഞ് 43 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. ശൈശവ വിവാഹങ്ങള്‍ കുറയ്ക്കുന്നതില്‍ രാജ്യത്ത് വലിയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
യുഎന്‍ പൊതു സഭയില്‍ പങ്കെടുത്ത ‘പെണ്‍കുട്ടികള്‍ വധുമാത്രമല്ല’ എന്ന സംഘടനയുടെ ഗ്ലോബല്‍ കോര്‍ഡിനേറ്ററായ ലക്ഷ്മി സുന്ദരം പ്രമേയത്തില്‍ ഒപ്പിടാന്‍ തയ്യാറാകാതിരുന്ന ഇന്ത്യന്‍ നിലപാടിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ നിലപാട് നിരാശാജനകമാണ്. ശൈശവ വിവാഹങ്ങള്‍ ഇല്ലാതാക്കുന്നതിനായി ദേശീയ തലത്തില്‍ പദ്ധതികളുമായി മുന്നോട്ടുപോകുമ്പോള്‍ അന്താരാഷ്ട്ര വേദിയില്‍ അതിനെതിരായ നിലപാടു സ്വീകരിച്ചത് തെറ്റാണ്. സൗത്ത് ഏഷ്യന്് രാജ്യങ്ങളെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ അസുഖമായി കണക്കാക്കി ശൈശവ വിവാഹത്തിനെതിരെ രാജ്യം നിലപാടു സ്വീകരിക്കണമെന്നും ലക്ഷ്മി സുന്ദരം ആവശ്യപ്പെട്ടു.
വിവാഹ പ്രായം 21 ആക്കണമെന്നാണ് ബിജെപിയുടെ നിലപാടെന്ന് പാര്‍ട്ടി വക്താവ് പ്രകാശ് ജാവധേക്കര്‍ പ്രതികരിച്ചു. നിലവിലെ വിവാഹ പ്രായം 18 ആണ്. ഇതു പടിപടിയായി ഉയര്‍ത്തണമെന്നതാണ് പാര്‍ട്ടിയുടെ ആവശ്യം.
സാമൂഹ്യപരിഷ്കര്ത്താക്കളുള്പ്പെടെയുള്ളവര് ഇതിനായി അഭിപ്രായ സമന്വയം ഉണ്ടാക്കണം. എന്നാല്‍ യുഎന്നില്‍ ഇന്ത്യ സ്വീകരിച്ച പുതിയ നിലപാടു സംബന്ധിച്ച് പഠിച്ച ശേഷം പ്രതികരിക്കുമെന്നും ജാവധേക്കര്‍ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: